അയല്‍വാസികളെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി ഗുണ്ടാ ലിസ്റ്റില്‍ ഉള്ളയാള്‍; മൂന്ന് കേസുകളില്‍ പ്രതി; കഞ്ചാവ് ഉപയോഗിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നു എന്ന് നാട്ടുകാര്‍: പോലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടും; പ്രതി ബെംഗളൂരുവില്‍നിന്ന് എത്തിയത് രണ്ടുദിവസം മുമ്പ്; നാടിനെ നടുക്കിയ കൊലപാതകം

Update: 2025-01-16 16:36 GMT

വടക്കന്‍ പറവൂര്‍: എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി റിതു ഗുണ്ടാലിസ്റ്റില്‍ ഉള്ളയാളെന്ന് പോലീസ്. ഇയാളുടെ പേരിലായി തൃശൂരിലും എറണാകുളത്തും മൂന്ന് കേസുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പ്രതി ജോലി ചെയ്തിരുന്നത് ബാംഗ്‌ളൂരിലാണ്. നാട്ടില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രമേ ആയുള്ളു. പ്രതി രണ്ട് വട്ടം റിമാന്‍ഡിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം പ്രതി റിതു അയല്‍വാസികളുമായി നിരന്തരം പ്രശ്‌നം ഉണ്ടാക്കുന്ന ആളാണെന്ന് പ്രദേശവാസികളും പറഞ്ഞു. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കും. എന്നിട്ട് നിരന്തരം ആക്രമണം നടത്തുകയും ചെയ്തിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയും ചെയ്തിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. റിതുവിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ ആരുംപരാതി എഴുതി നല്‍കിയിരുന്നില്ലെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു.

കണ്ണന്‍, ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിന്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്. ഇവരെ കൂടാതെ രണ്ടുകുട്ടികളും ആക്രമണ സമയം വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. കുട്ടികള്‍ക്ക് പരിക്കില്ല. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നാലുപേരെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. കൂട്ടക്കൊലപാതകത്തിന് ശേഷം റിതു ബൈക്കില്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. വടക്കേക്കര സ്റ്റേഷനിലെ എസ്.ഐ. സംശയം തോന്നിയാണ് പ്രതിയെ പിടികൂടിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.

Similar News