രഹസ്യ വിവരം നിര്‍ണ്ണായകമായി; ചോദ്യം ചെയ്യലില്‍ പണം കുഴിച്ചിട്ട സ്ഥലം പ്രതി തന്നെ കാട്ടിക്കൊടുത്തു; തൊണ്ടി മുതല്‍ കിട്ടിയത് ഷിബിന്‍ലാലിന്റെ വീടിന് സമീപമുള്ള പറമ്പില്‍ നിന്നും; 39 ലക്ഷം കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും; പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് കവര്‍ച്ചയ്ക്ക് കൂടുതല്‍ വ്യക്തത
കോഴിക്കോട്: പന്തീരങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും കവര്‍ന്ന പണം കണ്ടെത്തിയത് കേസില്‍ നിര്‍ണ്ണായകമാകും. പ്രതി ഷിബിന്‍ ലാലിന്റെ വീടിന് സമീപത്തുള്ള പറമ്പില്‍ കുഴിച്ചിട്ട 39 ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്. നിരന്തരമായ ചോദ്യംചെയ്യലിനൊടുവിലാണ് ഷിബിന്‍ ലാല്‍ പണം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയത്. ഇതോടെ കേസില്‍ നിര്‍ണ്ണായക തെളിവും പോലീസിന് കിട്ടി.
ജൂണ്‍ 11ന് പന്തീരങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദിന്റെ കയ്യില്‍ നിന്ന് 40 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ജൂണ്‍ 13ന് പുലര്‍ച്ചെ പ്രതിയായ കൈമ്പാലം പള്ളിപ്പുറം മനിയില്‍ തൊടിയില്‍ ഷിബിന്‍ ലാലി(മുന-35)നെ പാലക്കാട് നിന്നും പൊലീസ് പിടികൂടി. ഇയാളില്‍നിന്ന് 50,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. പലവിധ ദുരൂഹതകള്‍ ഉയര്‍ത്തിയതായിരുന്നു കേസ്. പണം കണ്ടെടുക്കാത്തത് അതുകൊണ്ട് തന്നെ വെല്ലുവിളിയാകുകയും ചെയ്തു.
ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാ?ഗ് ഉപേക്ഷിച്ചെന്നുമാണ് ഷിബിന്‍ ലാല്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി പണം കുഴിച്ചിട്ട സ്ഥലം വെളിപ്പെടുത്തി. പണം കവര്‍ന്നശേഷം ബൈക്കിലെത്തി പറമ്പില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് ഷിബിന്‍ ലാല്‍ പൊലീസിന് മൊഴി നല്‍കി. മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്നതില്‍ അന്വേഷിക്കും. പണം കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഫറോക് എസിപി സിദ്ദിഖ് അറിയിച്ചു.
ജൂണ്‍ 11ന് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരില്‍ നിന്ന് ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാന്‍സിയേഴ്‌സില്‍ പണയംവെച്ച സ്വര്‍ണം എടുക്കാനാണ് പണം എന്നാണ് ഷിബിന്‍ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.
തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിന്‍ ലാല്‍ നല്‍കിയ മൊഴി. ഇത് വിശ്വസിച്ചിരുന്നില്ലെങ്കിലും പൊലീസിന് പണം കണ്ടെത്തായിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് പണം കണ്ടെത്താനായത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്.
രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നാണ് പ്രതി പണം കവര്‍ന്നത്.നാല്‍പത് ലക്ഷം രൂപയുമായി സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതി ഷിബിന്‍ ലാലിനെ പാലക്കാട് നിന്നും അന്വേഷണ സംഘം പിടികൂടി. എന്നാല്‍ പിടിയിലാകുമ്പോള്‍ അമ്പത്തയ്യായിരം രൂപ മാത്രമാണ് ഇയാളില്‍ നിന്നും കണ്ടെടുക്കാനായത്. തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നെന്നും അതെടുത്ത ശേഷം ബാഗ് പന്തീരാങ്കാവ് ഭാഗത്ത് വലിച്ചെറിഞ്ഞുവെന്നും ഒരു ഘട്ടത്തില്‍ പ്രതി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴിതെറ്റിക്കാനാണെന്നുള്ള നിഗമനത്തിലായിരുന്നു പൊലീസ്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണ് കേസിന്റെ കുരുക്കഴിച്ചത്.