ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ 'വണ്‍എക്‌സ് ബെറ്റ്' ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുമായി പരസ്യകരാര്‍ ഒപ്പുവച്ചു; പ്രമോഷനുകള്‍ക്കായി പണം സമ്പാദിച്ചത് നിയമവിരുദ്ധമായി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുരേഷ് റെയ്‌നെയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

Update: 2025-11-06 11:21 GMT

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പ് റാക്കറ്റുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണ് നടപടി.

'വണ്‍എക്‌സ് ബെറ്റ്' എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് കേന്ദ്രീകരിച്ചുള്ള കേസില്‍, അടുത്തിടെ ഇ.ഡി യുവരാജ് സിംഗ്, റോബിന്‍ ഉത്തപ്പ, ധവാന്‍, റെയ്‌ന എന്നിവരെ ചോദ്യം ചെയ്തിരുന്നു. കൂടാതെ, നടന്മാരായ സോനു സൂദ്, ഊര്‍വശി റൗട്ടേല, തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി.യും നടിയുമായ മിമി ചക്രവര്‍ത്തി, ബംഗാളി നടന്‍ അങ്കുഷ് ഹസ്റഎന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു. ഈ കേസിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, ശിഖര്‍ ധവാന്റെ 4.5 കോടി രൂപയുടെ സ്വത്തുക്കളും സുരേഷ് റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ടുകളുമാണ് കണ്ടുകെട്ടിയത്. 'വണ്‍എക്‌സ് ബെറ്റ്' പോലുള്ള ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ വിദേശ സ്ഥാപനങ്ങളുമായി പരസ്യ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് നിയമവിരുദ്ധമായ പണമിടപാടുകളിലേക്ക് നയിച്ചതായാണ് ഇ.ഡി യുടെ കണ്ടെത്തല്‍.

വിദേശ സ്ഥാപനങ്ങളുമായി റെയ്നയും ധവാനും വണ്‍എക്‌സ് ബെറ്റ് ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കരാറിലേര്‍പ്പെട്ടത് അറിഞ്ഞുകൊണ്ടാണ് ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത ഒരു ചൂതാട്ട പ്ലാറ്റ്ഫോമിനെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെച്ചതിലൂടെ ഇരുവരും കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നു. ഇത്തരം പ്രൊമോഷനുകള്‍ക്കായി ലഭിച്ച പണം, വിദേശ സ്ഥാപനങ്ങള്‍ വഴി വിവിധ സങ്കീര്‍ണ്ണമായ ഇടപാടുകളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്നും, ഇത് കള്ളപ്പണം വെളുപ്പിക്കല്‍ ആണെന്നും അന്വേഷണ സംഘം കണ്ടെത്തി.

വിവിധ സംസ്ഥാനങ്ങളിലെ പോലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് 'വണ്‍എക്‌സ് ബെറ്റ 'നടത്തിപ്പുകാര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ആയിരക്കണക്കിന് മ്യൂള്‍ അക്കൗണ്ടുകള്‍ ('mule accounts) വഴിയാണ് ഇവരുടെ ചൂതാട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. വിദേശ ഇടനിലക്കാര്‍ വഴിയുള്ള പണമിടപാട്, നിയമപരമായി അംഗീകൃതമല്ലാത്ത വരുമാന സ്രോതസ്സുകളെ മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് അന്വേഷണ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഇലക്ട്രോണിക് രേഖകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്.

പണത്തിന്റെ കൈമാറ്റ രീതികളും വ്യാജ വ്യാപാരി പ്രൊഫൈലുകളും സൂചിപ്പിക്കുന്നത് 1,000 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നാണ്. നാല് പേയ്മെന്റ് ഗേറ്റ്വേകളില്‍ അടുത്തിടെ നടത്തിയ തിരച്ചിലില്‍ 4 കോടി രൂപയിലധികം ഫണ്ടുകളും 60 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നതിനെതിരെയും അവ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയും ഇഡി പൊതുജനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ പരസ്യങ്ങളിലോ ഗ്രൂപ്പുകളിലോ ചേരുന്നതിനെതിരെയും അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള പണം കൈമാറ്റം ചെയ്യാന്‍ സ്വന്തം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനെതിരെയും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി അക്കൗണ്ട് ഉപയോഗിക്കാന്‍ അറിഞ്ഞുകൊണ്ട് അനുവദിക്കുന്നത് PMLA പ്രകാരം ഏഴ് വര്‍ഷം വരെ തടവും സ്വത്തുക്കള്‍ കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള ശിക്ഷയ്ക്ക് കാരണമായേക്കാം എന്നും ഇഡി മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News