സാം വിദേശ വനിതകളെ വീട്ടിലെത്തിച്ചിരുന്നത് താന്‍ അവിവാഹിതന്‍ എന്ന് പറഞ്ഞ്; ഭാര്യയെന്നും മൂന്ന് മക്കളുണ്ടെന്നും തുറന്നുപറഞ്ഞ് ജെസി; ചതിക്കപ്പെട്ടത് തിരിച്ചറിഞ്ഞ വിയറ്റ്‌നാമിലെ യുവതി ആ മുന്നറിയിപ്പും നല്‍കി; കരുതലെടുത്തിട്ടും അരുംകൊല; മൃതദേഹം കൊക്കയില്‍ തള്ളിയശേഷം ഒളിവില്‍ പോയതും വിദേശവനിതയ്ക്ക് ഒപ്പം; സാമിന്റെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്
കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ പ്രതി സാം കെ ജോര്‍ജിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ഭാര്യയെ കൊന്നു കൊക്കയില്‍ തള്ളിയത് ദിവസങ്ങളോളം ആസൂത്രണം ചെയ്താണെന്നും കുടുംബ പ്രശ്‌നങ്ങളും സ്വത്തു തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സാം വെളിപ്പെടുത്തി. ഒരു വീട്ടില്‍ ആണ് കഴിയുന്നത് എങ്കിലും ജെസ്സി സാമും ഭര്‍ത്താവ് സാം കെ ജോര്‍ജും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. ഭാര്യ വീടിന്റെ താഴത്തെ നിലയിലും ഭര്‍ത്താവ് മുകളിലെ നിലയിലും ആണ് താമസിച്ചിരുന്നത്. സാമിന് പരസ്ത്രീ ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് പലതവണ ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു സ്ത്രീയുമായി സാം കെ ജോര്‍ജ് വീട്ടിലെത്തിയത് ജെസ്സി ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സാം കെ ജോര്‍ജിന്റെ മൊഴി.
പ്രതി സാം നിരവധി വിദേശവനിതകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. ഭാര്യയായ ജെസി വീട്ടില്‍ ഉള്ളപ്പോള്‍ ഇയാള്‍ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിര്‍ത്തു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിലുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി ജെസിയും മക്കളും വീടിന്റെ മുകള്‍നിലയിലാണ് താമസിച്ചിരുന്നത്. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു.
പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകള്‍നിലയില്‍ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. കിടപ്പുമുറിയില്‍ വച്ച് ജെസിയെ മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് സാം മൈസൂരുവിലേക്കു കടന്നു. അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 26 ന് ആണ് കാണക്കാരിയിലെ വീട്ടില്‍ വച്ചാണ് ജെസ്സിയെ സാം കൊന്നത്. ആദ്യം മുഖത്ത് കുരുമുളക് സ്‌പ്രേ തളിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ആയിരുന്നു. ഇതിനുശേഷം മൃതദേഹം കാറില്‍ കയറ്റി തൊടുപുഴക്ക് അടുത്ത് ചെപ്പുകുളം ചക്കുരംമാണ്ടി പ്രദേശത്ത് കൊണ്ടുതള്ളി. കൊലപാതകം നടക്കുന്നതിന് 10 ദിവസം മുമ്പ് പ്രതി ഈ സ്ഥലത്ത് എത്തി മൃതദേഹം മറവ് ചെയ്യാനുള്ള സാധ്യതകള്‍ ഉറപ്പാക്കിയിരുന്നു. മൃതദേഹം കൊക്കയില്‍ തള്ളിയശേഷം ഇയാളുടെ സുഹൃത്തായ വിദേശ വനിതയ്‌ക്കൊപ്പമാണ് മൈസൂരിലേക്ക് കടന്നത്. അവിടെനിന്നാണ് പോലീസ് സാം കെ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്. എംജി സര്‍വകലാശാലയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് സാം കെ ജോര്‍ജ്. വീടിന്റെ പരിസരത്തുള്ള നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ജെസിക്കും സാമിനും ഉണ്ടായിരുന്നില്ല. ജെസ്സിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ജെസിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു
വീട്ടില്‍ താമസിക്കാന്‍ ജെസി കോടതിയില്‍നിന്ന് ഉത്തരവ് നേടിയിരുന്നു. സാമിനും ഇതേവീട്ടില്‍ താമസിക്കാന്‍ അനുമതി നല്‍കി. മുകള്‍ നിലയിലേക്ക് പോകാന്‍ പുറത്തുകൂടി പടികള്‍ നിര്‍മിച്ചിരുന്നു. പുറത്ത് സ്ഥാപിച്ച കോണിപ്പടിയിലൂടെയാണ് മുകള്‍ നിലയിലേക്ക് സാമിന് പ്രവേശനം. ഭാര്യ ജെസി താഴത്തെ നിലയിലും. ഭാര്യയെ വീട്ടില്‍നിന്ന് മാറ്റാന്‍ സാം ശ്രമിച്ചെങ്കിലും കോടതി ഇടപെടല്‍ ഉണ്ടായതിനാല്‍ സാധിച്ചില്ല. ജെസിയെ കൊല്ലാന്‍ കുറേ നാളുകളായി സാം പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു.
താന്‍ അവിവാഹിതനാണെന്നാണ് വീട്ടില്‍ എത്തുന്ന സ്ത്രീകളോട് സാം പറഞ്ഞിരുന്നത്. താന്‍ സാമിന്റെ ഭാര്യയാണെന്ന് ചില സ്ത്രീകളോട് ജെസി പറഞ്ഞിരുന്നു. ഇതോടെ സാമിന് വൈരാഗ്യം വര്‍ധിച്ചു. വിയറ്റ്‌നാം സ്വദേശിയായ സ്ത്രീ ചതി മനസ്സിലാക്കി വീട്ടില്‍നിന്ന് മടങ്ങിയിരുന്നു. ജെസിയെ കൊലപ്പെടുത്തുമെന്ന് സാം പറഞ്ഞതായി ഇവര്‍ ജെസിക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ജെസി കരുതലോടെയാണ് വീട്ടില്‍ താമസിച്ചിരുന്നത്. ക്രൂരമായ പീഡനങ്ങള്‍ ജെസി നേരിട്ടിരുന്നതായും പൊലീസ് പറയുന്നു.
ജെസി ഇയാളുടെ രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യയില്‍ ജനിച്ചതടക്കം ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. അവിവാഹിതനെന്ന് പറഞ്ഞ് വിദേശവനിതകളെ ഉള്‍പ്പെടെ വീട്ടിലേക്ക് കൊണ്ടുവന്നു താമസിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇയാള്‍. 2008ല്‍ സൗദിയില്‍ താമസിക്കവേ വിദേശവനിതയുമായുള്ള ബന്ധം ചോദ്യം ചെയ്ത ജെസിയെ സാം വാതിലിന്റെ ലോക്ക് അഴിച്ച് പലകുറി തലയ്ക്കടിച്ചിരുന്നു. അന്നിവര്‍ രണ്ടു മാസത്തോളം വെന്റിലേറ്ററില്‍ ആയിരുന്നു. മക്കളുടെ ഭാവി ഓര്‍ത്ത് വീണ്ടും ഇയാളുടെ ഉപദ്രവം സഹിച്ച ജെസി സാമിന്റെ ഒപ്പം താമസിക്കുന്നത് തുടരുകയായിരുന്നു.
കോടതി ഇടപെട്ടു, എന്നിട്ടും...
1994ല്‍ വിവാഹംചെയ്ത സാമും ജെസിയും 15 വര്‍ഷമായി ഒരു വീട്ടില്‍ അകന്നാണ് താമസം. കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപത്തെ വീട്ടിലാണ് ഒരു വീടിന്റെ രണ്ടു നിലകളിലായി ഇവര്‍ താമസമാരംഭിച്ചത്. 2018ല്‍ ഇവര്‍ക്ക് ഈ വീട്ടില്‍ സമാധാനപരമായി താമസിക്കാന്‍ കോടതി പോലീസ് സംരക്ഷണം നല്‍കിയിരുന്നു. പാലാ അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇവിടെ താമസിക്കാന്‍ സാമിനെ ജെസി അനുവദിക്കുകയായിരുന്നു
താന്‍ അവിവാഹിതന്‍ എന്ന് പറഞ്ഞ് വിദേശവനിതകളെ ഇങ്ങോട്ടേയ്ക്ക് എത്തിക്കാറുള്ള സാം കൊണ്ടുവന്ന വിയറ്റ്‌നാമില്‍ നിന്നുള്ള വിദേശ വനിത, സാമിന് ജെസിയെ കൊലപ്പെടുത്താന്‍ പ്ലാനുള്ള വിവരം അവരെ അറിയിച്ചിരുന്നു. ഇയാളുടെ പരസ്ത്രീ ബന്ധത്തിന് വിലങ്ങുതടിയാവുന്ന ജെസിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അവിവാഹിതന്‍ എന്ന് സാം പറയാറുണ്ടെങ്കിലും, വീട്ടില്‍ വരുന്ന സ്ത്രീകളോട് താന്‍ സാമിന്റെ ഭാര്യയെന്നും തങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നും അവര്‍ വിവരം നല്‍കാറുണ്ട്. പലരും ഇതുകേട്ട് തിരികെപോകാറുണ്ട്.
വിയറ്റ്‌നാമിലെ സ്ത്രീ, താന്‍ ചതിക്കപ്പെട്ടാണ് ഇവിടംവരെ എത്തിയത് എന്ന് ജെസിയെ അറിയിച്ച ശേഷം മടങ്ങിപോവുകയായിരുന്നു. ബന്ധം തകര്‍ത്ത ജെസിയേയും മകന്‍ സാന്റോയെയും കൊന്നുകളയും എന്ന് ഇയാള്‍ ഇവരോട് പറഞ്ഞതനുസരിച്ചാണ് അവര്‍ ജെസിക്ക് മുന്നറിയിപ്പ് നല്‍കിയത്. അതിനു ശേഷം വളരെ കരുതലോടെയാണ് ജെസി ഇവിടെ താമസിച്ചത്.