കണ്ടെത്തിയത് അരയേക്കര്‍ കഞ്ചാവ് തോട്ടം; വഴിത്തിരിവായത് വില്‍പ്പനക്കാരന്റെ വീട്ടില്‍ നിന്ന് ലഭിച്ച വിത്തുകള്‍; കഞ്ചാവ് വളര്‍ത്തിയത് സര്‍ക്കാര്‍ പുറമ്പോക്കില്‍; കഴിഞ്ഞ് 10 വര്‍ഷത്തിനിടെ ഇടുക്കിയില്‍ കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് തോട്ടമാണിതെന്ന് എക്‌സൈസ് ഉദ്യേഗസ്ഥര്‍

Update: 2025-02-27 09:09 GMT

ഇടുക്കി: സര്‍ക്കാര്‍ പുറംമ്പോക്കില്‍ വളര്‍ത്തിയ അരയേക്കര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്. ഇവിടെ കൃഷി ചെയ്തിരുന്ന 80 കഞ്ചാവ് ചെടികള്‍ എക്‌സൈസ് കത്തിച്ചുകളഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കഞ്ചാവ് വില്‍പ്പനക്കാരന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് വിത്തുകള്‍ കിട്ടിയ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മുരിക്കാശ്ശേരി നേര്‍ച്ചപ്പാറ കുരിശുമലയിലെ സര്‍ക്കാര്‍ ഭൂമിയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്.

പത്തുവര്‍ഷത്തിനിടെ ഇടുക്കിയില്‍ കണ്ടെത്തിയ ഏറ്റവുംവലിയ കഞ്ചാവ് തോട്ടമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുരിക്കാശ്ശേരിക്ക് സമീപം നേര്‍ച്ചപ്പാറയില്‍ എള്ളുംപുറത്ത് വിനോദിന്റെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് 2.1 കിലോഗ്രാം ഉണക്ക കഞ്ചാവും, മൂന്ന് ഗ്രാം ചരസും, 155 ഗ്രാം കഞ്ചാവ് വിത്തുകളും കണ്ടെത്തി. ഇവയുടെ ഉറവിടം കണ്ടെത്താനായി വിനോദിനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൃഷിയുടെ വിവരം ലഭിച്ചത്.

വീട്ടില്‍നിന്ന് അരകിലോമീറ്ററോളം അകലെ മനുഷ്യസാന്നിധ്യമില്ലാത്ത നേര്‍ച്ചപ്പാറ കുരിശുമലയുടെ ചരുവില്‍ പാറക്കെട്ടുകള്‍ക്കിടയിലെ സ്ഥലത്താണ് കഞ്ചാവുതോട്ടം കണ്ടെത്തിയത്. 30 തടങ്ങളിലായാണ് കൃഷിചെയ്തിരുന്നത്. വിളവെടുപ്പിന് പാകമായ നിലയിലായിരുന്നു. ചെടികള്‍ക്ക് 1.4 മീറ്റര്‍ മുതല്‍ 2.9 മീറ്റര്‍ വരെ ഉയരമുണ്ടായിരുന്നു.

ഘട്ടം ഘട്ടമായി വിളവെടുക്കുന്ന കഞ്ചാവ് 'ഇടുക്കി ഗോള്‍ഡ്' എന്ന പേരില്‍ ചെറുപൊതികളാക്കി മുരിക്കാശ്ശേരി, പതിനാറാംകണ്ടം ഭാഗങ്ങളില്‍ വിനോദ് വില്‍പ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടുക്കി സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.പി. മിഥിന്‍ ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരായ വിജയകുമാര്‍, നെബു, സിജുമോന്‍, പി. അനൂപ്, ജോസഫ്, ആല്‍ബിന്‍, അനന്ദു, സിന്ധു, പി.കെ. ശശി എന്നിവര്‍ പങ്കെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News