എത്തുന്നത് പോലീസെന്ന വ്യാജേന; കേൾക്കുന്നത് ഒരൊറ്റ ചോദ്യം മാത്രം..; കൈയ്യിൽ കാശ് വല്ലതും ഇരിപ്പുണ്ടോ?; ഒരു 500 എടുക്കാൻ കാണോ?; പലതരം ചോദ്യങ്ങളുമായി കടകളിൽ കയറി ഇറങ്ങും; പുലിവാല് പിടിച്ച് ഉടമകൾ; വേറെറ്റി തട്ടിപ്പുകാരനെ തേടി പോലീസ്

Update: 2024-11-10 05:02 GMT

കണ്ണൂർ: നാട്ടിലിപ്പോൾ തട്ടിപ്പുകാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. പണത്തിന് വേണ്ടി വ്യത്യസ്തമായ രീതിയിലൊക്കെയാണ് ആളുകൾ തട്ടിപ്പ് നടത്തുന്നത്. പല വേഷങ്ങളിൽ എത്തിയാണ് വ്യജന്മാർ തട്ടിപ്പ് നടത്തുന്നത്. അതിനെല്ലാം ഇരയാകുന്നതും പാവപ്പെട്ട ആളുകൾ ആയിരിക്കും. ചിലർ കടകളിൽ പോയി വരെ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തും. അങ്ങനെ ഒരു സംഭവം ആണ് കണ്ണൂരിൽ നടന്നത്.

കണ്ണൂരിലെ പയ്യന്നൂരിൽ പോലീസെന്ന വ്യാജേനയെത്തുന്ന അജ്ഞാതൻ കടകളിൽ കയറി പണം വാങ്ങുന്നതായി പരാതി. പയ്യന്നൂർ എസ്ഐയാണെന്ന് പറഞ്ഞ് പറ്റിച്ചാണ് പണം തട്ടുന്നത്. കഴിഞ്ഞ സെപ്തംബർ മുതൽ വിവിധ കടകളിൽ അഞ്ജാതൻ എത്തിയിട്ടുണ്ട്. പയ്യന്നൂർ എസ്ഐയെന്ന് പറഞ്ഞാണ് കടയിൽ എത്തി പരിചയപ്പെടുന്നത്. വന്ന വണ്ടിക്ക് കൊടുക്കാൻ കാശില്ലെന്നും പണം കടം വേണമെന്നും പറയും.

500 ൽ താഴെ തുക മാത്രമാണ് ചോദിക്കുക. ഉടൻ തിരികെ നൽകാമെന്ന് മറുപടിയും പറയും. പണം വാങ്ങി പോയാൽ പിന്നെ ആളെ കാണില്ല. കാത്തിരിപ്പിന്റെ സമയം നീളുമ്പോഴാണ് കടയുടമകൾക്ക് അമളി മനസിലാവുക. ഈ രീതിയിലുളള തട്ടിപ്പ് തുടങ്ങിയിട്ട് മൂന്നുമാസത്തോളമായെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

പിലാത്തറ, ഏഴിലോട്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാളെത്തുന്നത്. മിക്കപ്പോഴും ചെറുകിട വ്യാപാര സ്ഥാപനങ്ങളാവും ലക്ഷ്യം. കടം വാങ്ങുന്നത് ചെറിയ തുകയായതിനാൽ പരാതി നൽകാൻ പലരും തുനിഞ്ഞിരുന്നില്ല. പക്ഷെ സംഗതി സ്ഥിരമായതോടെയാണ് പറ്റിക്കപ്പെട്ടവർ പോലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ ഇപ്പോൾ പയ്യന്നൂർ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തട്ടിപ്പുകാരനെത്തിയ കടകളിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെന്ന സംശയിക്കുന്ന ഒരാൾ ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.

Tags:    

Similar News