ആ അഞ്ചുകുട്ടികളെ ആനവണ്ടി ഇടിപ്പിച്ച് കൊന്നെന്ന് പോലീസ്! കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍. ഇട്ടതില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധം; ചുമത്തിയത് അഞ്ചര വര്‍ഷം തടവു ലഭിക്കാവുന്ന വകുപ്പുകള്‍; കളര്‍കോട്ട് വില്ലനായത് ടവേര ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവും അമിതവേഗതയും തന്നെ!

ആ അഞ്ചുകുട്ടികളെ ആനവണ്ടി ഇടിപ്പിച്ച് കൊന്നെന്ന് പോലീസ്!

Update: 2024-12-04 06:22 GMT

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ക്കെതിരേ എഫ്.ഐ.ആര്‍ ഇട്ടതില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി. അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിട അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് യാതൊരു പിഴവും ഇല്ലെന്ന് വ്യക്തമാണ്. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളും. കാര്‍ ബസ്സിലേക്കു വന്നിടിക്കുന്നതാണ് ദൃശ്യങ്ങള്‍. എന്നിട്ടും ഡ്രൈവര്‍ക്കെതിരേ എഫ്.ഐ.ആര്‍. ഇട്ടതിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്.

ഭാരതീയ ന്യായസംഹിത 281, 106 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഡ്രൈവര്‍ ഉദാസീനമായും മനുഷ്യജീവന് ആപത്തുണ്ടാക്കുന്നതരത്തിലും അതിവേഗത്തില്‍ ബസ്സോടിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഇത് അഞ്ചര വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാളുടെ മൊഴിപ്രകാരമാണ് എഫ്.ഐ.ആര്‍. ഇട്ടിരിക്കുന്നത്. എന്നാല്‍, പ്രാഥമിക റിപ്പോര്‍ട്ടു മാത്രമാണെന്നും കോടതിയില്‍ നല്‍കുന്നതാകും സമഗ്ര റിപ്പോര്‍ട്ടെന്നുമാണ് പോലീസ് പറഞ്ഞത്. എങ്കിലും ഡ്രൈവറെ അനാവശ്യമായി കേസിലേക്ക് വലിച്ചിട്ടതില്‍ അമര്‍ഷം ശക്തമാണ്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്ന് പി രാജവാണ്. അപകടത്തെ കുറിച്ച് ഞെട്ടലോടെയാണ് രാജീവ് ഓര്‍ക്കുന്നതും. തിങ്കളാഴ്ച രാത്രി ഒന്‍പതു മണികഴിഞ്ഞ് പത്തു മിനിറ്റായിക്കാണും. ഗുരുവായൂരില്‍ നിന്നെത്തിയ വണ്ടി ആലപ്പുഴയില്‍നിന്നു പുറപ്പെട്ടത് ഒന്‍പതിനായിരുന്നു. കട്ടിയുള്ള മഴത്തുള്ളികള്‍ ചില്ലിലേക്കു വീണുകൊണ്ടിരുന്നു. 25 -27 പേര്‍ ബസ്സിലുണ്ടായിരുന്നു. കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തുതീര്‍ന്നിരുന്നില്ല. ബസ് 40 -50 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. കാര്‍ പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ചുവരുന്നതുകണ്ട് മെല്ലെ ഒതുക്കിയെങ്കിലും ബസ്സിനടിയിലേക്ക് ഇടിച്ചുകയറി.

ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ സീറ്റില്‍നിന്ന് ഞാന്‍ തെറിച്ചുപൊങ്ങിത്താണു. സ്തംഭിച്ചുപോയി. ബസ്സിനുള്ളില്‍നിന്ന് നിലവിളിയുയര്‍ന്നു. വെളിയിലിറങ്ങുമ്പോള്‍ ഓടിയെത്തിയ സമീപവാസികള്‍ കാറിലുള്ളവരെ ഇറക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് തള്ളി നീക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഫയര്‍ഫോഴ്സും പോലീസുമെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. കാര്‍ ഇടത്തേക്കു തിരിയാന്‍ കാരണമെന്താണെന്ന് മനസ്സിലായില്ല. കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ. 18 വര്‍ഷം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു -കായംകുളം കണ്ടല്ലൂര്‍ മംഗലശ്ശേരില്‍ രാജീവ് പറഞ്ഞു.

അതേസമയം ടിക്കറ്റു കൊടുക്കുന്ന തിരക്കിലായിരുന്നു താനെന്ന് കണ്ടക്ടര്‍ മനീഷ് കുമാര്‍ പറഞ്ഞു. ബോംബു പൊട്ടുംപോലൊരു ശബ്ദം കേട്ടെന്നും ബസ് പെട്ടെന്ന് നിന്നതിന്റെ ആഘാതത്തില്‍ വീഴാതിരിക്കാന്‍ കമ്പിയില്‍ പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'നോക്കുമ്പോള്‍ ഡ്രൈവര്‍ സ്തംഭിച്ചിരിക്കുന്നതാണു കണ്ടത്. കാര്‍ പൊളിച്ച് അതിലുള്ളവരെ പുറത്തെടുക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ മാത്രമാണ് നിലവിളിച്ചത്. ബാക്കിയുള്ളവരെല്ലാം അബോധാവസ്ഥയിലായിരുന്നു' - മനീഷ് പറയുന്നു.

അതേസമയ അപകടത്തിന് വഴിവെച്ചത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അമിത വേഗതയാണെന്നതാണ് വ്യക്തമാകുന്നത്. സിനിമ കാണാന്‍ വേണ്ടി അതിവേഗത്തില്‍ പോകുകയായിരുന്നു വിദ്യാര്‍ഥി സംഘം. അപകടം ഉണ്ടായത 9.20നാണ്. 9.30നായിരുന്നു സിനിമ. ഇവിടെ നിന്നും അഞ്ച് കിലോമീറ്ററില്‍ അധികം ദൂരമുണ്ട് സിനിമാ തീയറ്ററിലേക്ക്. എത്രയും വേഗം സിനിമ കാണാന്‍ പോകണം എന്ന ആഗ്രഹം കൊണ്ടാണ് അമിതവേഗതയില്‍ ഇവര്‍ കാറോടിച്ചു പോയതാണ് എന്നാണ് കരുതുന്നത്.


 



വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് ലൈസന്‍സ് കിട്ടിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടൂള്ളൂ. സ്ഥിരമായ ഡ്രൈവ് ചെയ്തുള്ള ശീലമുണ്ടായിരുന്നോ എന്നതും സംശയമാണ്. ഇതെല്ലാമാണ് അവരെ അപകടത്തിലേക്ക് നയിച്ചത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചതും. മുന്നിലെ വെള്ളക്കെട്ടില്‍ വീണപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി തെന്നി വീഴുകയാണ് ഉണ്ടായത്. അമിതലോഡും വേഗതയുമാണ് ഇവിടെ വില്ലനായത്.

അതേസമയം അപകടത്തിന് നാല് കാരണങ്ങളാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അപകടത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

മഴപെയ്തപ്പോള്‍ ഉണ്ടായ റോഡിലെ വെള്ളവും വെളിച്ചക്കുറവും അപകരണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 7 പേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മാത്രമല്ല വാഹനം ഓടിച്ചയാള്‍ക്ക് അഞ്ചുമാസം മുമ്പാണ് ലൈസന്‍സ് ലഭിച്ചത്. മഴയത്ത് വാഹനം തെന്നിയപ്പോള്‍ വാഹനം നിയന്ത്രിക്കാന്‍ സാധിച്ചില്ല. 14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രിണം നഷ്ടപ്പെട്ടത് അപകടത്തിന്റെ തീവ്രത കൂട്ടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Full View

വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. ഇടിച്ച് തെറിച്ച് പോയിരുന്നെങ്കിലോ അല്ലെങ്കില്‍ തെന്നിമാറിപ്പോയിരുന്നെങ്കിലോ പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നു. പക്ഷെ, നേരെ ഇടിച്ച് കയറിപ്പോയതോടെ അതിനുള്ള സാധ്യത കുറഞ്ഞു. എന്തോ കണ്ട് വാഹനം വലത്തോട്ടേക്ക് തിരിച്ചെന്നാണ് മൊഴി. ഇത് പരിശോധിക്കും. പ്രത്യേകിച്ച് ഒന്നും തടസ്സമായി നിന്നതായി കാണുന്നില്ല. മാത്രമല്ല അമിത വേഗതയില്‍ വാഹനം ഓടിക്കാന്‍ പറ്റാത്ത ഒരു സ്ഥലമാണത്. മഴ പെയ്തതുകൊണ്ട് റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവും തന്നെയായിരിക്കും അപകടകാരണമെന്നും ആര്‍.ടി.ഒ ചൂണ്ടിക്കാട്ടി.

ആര്‍ടിഒയുടെ റിപ്പോര്‍ട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് അപകടത്തില്‍ പങ്കില്ലെന്നത് വ്യക്തമാണ്. എന്നിട്ടും അദ്ദേഹത്തിനെതിരെ കേസെടുത്തതിലാണ് അമര്‍ഷം. അടുത്ത ഘട്ടത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുമ്പോള്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവര്‍ രാജീവും.

Tags:    

Similar News