അഞ്ച് വർഷത്തിനിടെ കൊന്നത് നാല് കടുവകളെ; കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് കൊള്ളയടിച്ചത് കോടികൾ; രണ്ട് കൊലക്കേസിലെ പ്രതി; ആറ് വർഷമായി ഒളിവിൽ; പോലീസിനെ കണ്ടതും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; 'ശിക്കാരി' ഗോവിന്ദയെ പിടികൂടിയത് സാഹസികമായി

Update: 2026-01-09 10:12 GMT

മൈസൂരു: ആറുവർഷമായി ഒളിവിലായിരുന്ന കുപ്രസിദ്ധ വന്യജീവി സംരക്ഷണ കുറ്റവാളിയും കൊടുംക്രിമിനലുമായ 'ശിക്കാരി' ഗോവിന്ദയെ (32) വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോടതിയിൽനിന്ന് രക്ഷപ്പെട്ടശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.

'മാരി വീരപ്പൻ' എന്ന വിളിപ്പേരിലറിയപ്പെടുന്ന ഗോവിന്ദ, നാല് കടുവകളെ കൊലപ്പെടുത്തിയതടക്കം നിരവധി വന്യജീവി അതിക്രമ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഇയാൾ നാല് കടുവകളെ കൊലപ്പെടുത്തിയത്. 2023-ൽ ബൊഗാദിക്ക് സമീപം ഒരു കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് 2.5 കോടി രൂപ കൊള്ളയടിച്ച കേസിലും പ്രതിയാണ്. ഇതിനുപുറമെ, ബെംഗളൂരുവിൽ രണ്ട് കൊലപാതക കേസുകളിലും ചാമരാജനഗർ ജില്ലയിലെ ഹനൂർ പോലീസ് സ്റ്റേഷനിൽ 2003-ൽ അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്.

പലതവണ അറസ്റ്റിലായിട്ടുണ്ടെങ്കിലും ജാമ്യം നേടി ഒളിവിൽ പോവുകയായിരുന്നു ഇയാളുടെ പതിവ്. ബുധനാഴ്ച മൈസൂരുവിലെ കൃഷ്ണരാജ ബൊളിവാർഡ് കോടതിയിൽ ബൊഗാദി കവർച്ച കേസിന്റെ വിചാരണയ്ക്ക് ഗോവിന്ദ എത്തിയിരുന്നു. ഇയാളെ പിടികൂടാൻ പോലീസ് സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കോടതി പരിസരത്തെത്തിയെങ്കിലും ഇവരെ വെട്ടിച്ച് ഗോവിന്ദ കടന്നുകളഞ്ഞു. പിന്നീട് രാത്രി എട്ടുമണിയോടെ മൈസൂരു-ചാമരാജനഗർ പാസഞ്ചർ ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെത്തി പരിശോധന ആരംഭിച്ചു. ഉദ്യോഗസ്ഥരെ കണ്ടയുടൻ ഗോവിന്ദ ട്രെയിനിൽനിന്ന് ചാടി റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. ലോക്കോ പൈലറ്റിനോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടശേഷം ഉദ്യോഗസ്ഥരും ട്രെയിനിൽനിന്ന് ചാടിയിറങ്ങി തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിച്ചിരുന്ന ഗോവിന്ദയെ പിടികൂടിയത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഭാസ്കർ, അസിസ്റ്റന്റ് കൺസർവേറ്റർമാരായ രുദ്രേഷ്, വിരാജ് ഹൊസൂരു എന്നിവരാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്.

Tags:    

Similar News