കോഴ്സുകളിൽ ചേരാൻ താൽപര്യമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തും; ശേഷം ലോഗിൻ ഐഡിയും പാസ്​വേഡും ഉണ്ടാക്കും; ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് കോളജുകളിൽ ഓപ്ഷൻ എൻട്രി നൽകി തട്ടിപ്പ്; കർണാടകയിൽ പരീക്ഷ അതോറിറ്റി ഉദ്യോഗസ്ഥരടക്കം 10 പേർ അറസ്റ്റിൽ

Update: 2024-12-04 05:46 GMT

ബംഗളൂരു: കർണാടകയിൽ എൻജിനീയറിങ് സീറ്റ് തട്ടിപ്പ്. കേസിൽ കർണാടക പരീക്ഷ അതോറിറ്റി ജീവനക്കാരനടക്കം 10 പേർ അറസ്റ്റിൽ. അറസ്റ്റിലായ മറ്റുള്ളവർ ഇടനിലക്കാരും എൻജിനീയറിങ് കോളജ് ജീവനക്കാരുമാണെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. സീറ്റ് തടഞ്ഞ് വെച്ച് യോഗ്യരായ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് സ്വകാര്യ കോളേജുകൾക്ക് നേട്ടമുണ്ടാക്കുകയായിരുന്നു.

കോഴ്സുകളിൽ ചേരാൻ താൽപര്യമില്ലാത്ത വിദ്യാർഥികളെ ഉപയോഗിച്ച് ലോഗിൻ ഐഡിയും പാസ്​വേഡും ഉണ്ടാക്കിയ ശേഷം ഇതുപയോഗിച്ച് ചില കോളജുകളിൽ ഓപ്ഷൻ എൻട്രി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ 52 വിദ്യാർഥികളുടെ ലോഗിൻ വിവരങ്ങൾ തട്ടിപ്പുസംഘം ഉപയോഗപ്പെടുത്തിയതായി കർണാടക പരീക്ഷാ അതോറിറ്റിയുടെ (കെഇഎ) പരാതിയിൽ പറയുന്നു.

ഈ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ബി.എം.എസ് എൻജിനീയറിങ് കോളജ്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, ന്യൂ ഹൊറൈസൺ കോളജ് ഓഫ് എൻജിനീയറിങ് എന്നീ കോളജുകളിലെ ഗവ. ക്വോട്ട സീറ്റുകളാണ് തട്ടിപ്പുകാർ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ യോഗ്യതയുള്ള വിദ്യാർഥികൾക്ക് സീറ്റ് നഷ്ടമാവുകയും സ്വകാര്യ സീറ്റിന് ആവശ്യക്കാരേറുകയും ചെയ്യും. രണ്ടാം റൗണ്ട് സീറ്റ് അലോട്ട്‌മെൻ്റിന് ശേഷം ഒഴിഞ്ഞുകിടന്ന ഈ സർക്കാർ ക്വാട്ട സീറ്റുകൾ ബോധപൂർവം മാനേജ്‌മെൻ്റ് ക്വാട്ട സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം.

തട്ടിപ്പ് തിരിച്ചറിയാതിരിക്കാൻ വിവിധ ലൊക്കേഷനുകളിൽനിന്ന് മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് പ്രതികൾ ലോഗിൻ ചെയ്തിരുന്നത്. ലോഗിൻ ചെയ്യാനുപയോഗിച്ച ഏതാനും ഫോണുകളും ലാപ്ടോപും പിടിച്ചെടുത്തിരുന്നു. എന്നാൽ 13 മൊബൈൽ ഫോണുകളും മൂന്ന് ലാപ്ടോപുകളും നിരവധി മറ്റു രേഖകളും പ്രതികൾ കത്തിച്ചുകളഞ്ഞതായും പൊലീസ് പറഞ്ഞു.

2024 -25 അക്കാദമിക വർഷത്തെ എൻജിനീയറിങ് ബിരുദ പ്രവേശനത്തിൽ സീറ്റ് ബ്ലോക്കിങ് നടക്കുന്നതായി സംശയമുന്നയിച്ച് കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) അധികൃതർ നവംബർ 13നാണ് ബംഗളൂരു മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയയിൽ കോളേജുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണമെന്നും അവർക്ക് അനുവദിച്ച സ്ഥാപനങ്ങളിൽ വീഴ്ച വരുത്താതെ ചേരണമെന്നും കെഇഎ ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഈ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും 2,625 ഉദ്യോഗാർത്ഥികൾ അവർക്ക് അനുവദിച്ച കോളേജുകളിൽ ചേർന്നിരുന്നില്ല. ഇതാണ് സ്വകാര്യ കോളേജുകളും ഇടനിലക്കാരും ഇത്തരമൊരു തട്ടിപ്പ് നടത്താൻ സഹായമായത്. മൂന്ന് സ്വകാര്യ എൻജിനീയറിങ് കോളജുകളിലെ മാനേജർമാരെ ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സംഭവത്തിൽ വിശദ അന്വേഷണം നടന്നുവരുകയാണ്.

Tags:    

Similar News