വാടകവീട്ടിൽ സ്വത്തിന്റെ പേരിൽ തർക്കം; 46കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ; അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ പിടിയിൽ

Update: 2025-12-03 10:02 GMT

കൊച്ചി: നെടുമ്പാശേരിയിൽ 46കാരിയുടെ മരണത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശേരി സ്വദേശി അനിത (46) കൊല്ലപ്പെട്ടത്. അനിതയെ ആശുപത്രിയിലെത്തിച്ചത് മകൻ വിനു തന്നെയായിരുന്നു. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് നെടുമ്പാശേരി പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അനിതയുടെ ദേഹത്ത് ഗുരുതരമായ മുറിവുകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത വർദ്ധിച്ചു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നും 26കാരനായ മകൻ വിനു അമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവലിലെ സ്വത്ത് കൈവശപ്പെടുത്താനുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.

വാടകവീട്ടിൽ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. മകനായ വിനുവിന്റെ മൊഴികളിൽ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിനു കുറ്റംസമ്മതിക്കുകയും കൊലപാതകത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. അമ്മിക്കല്ല് കൊണ്ടും വടികൊണ്ടും തലയ്ക്കടിച്ചാണ് താൻ അമ്മയെ കൊലപ്പെടുത്തിയതെന്ന് വിനു പോലീസിനോട് സമ്മതിച്ചു.

അനിതയുടെ പേരിലുള്ള വെള്ളത്തൂവലിലെ സ്വത്ത് സ്വന്തമാക്കുകയായിരുന്നു കൊലപാതകത്തിന്റെ പ്രധാന ലക്ഷ്യമെന്നും പ്രതി മൊഴി നൽകി. മറ്റൊരു വീട്ടിൽ താമസിച്ചിരുന്ന അനിതയെ ശനിയാഴ്ചയാണ് വിനു താൻ താമസിക്കുന്ന വാടകവീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ഇവർ തമ്മിലുള്ള തർക്കം രൂക്ഷമാവുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. അറസ്റ്റിലായ വിനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News