എപ്പോഴും വീട്ടിൽ തന്നെ ഇരിപ്പ്; പുറത്തിറങ്ങാൻ കൂടി മടി; രാത്രിയായാൽ ഉറക്കം പോലും ഇല്ലാതെ ചെലവഴിക്കുന്നത് മണിക്കൂറുകൾ; ആരും കാണാതെയുള്ള ഫോൺ പരിശോധനയിൽ ഭാര്യയുടെ ചങ്ക് തകർന്നു; ചോദ്യം ചെയ്തതും അരുംകൊല; നടുക്കം മാറാതെ നാട്ടുകാർ
ഭോപ്പാൽ: മണിക്കൂറുകളോളം മൊബൈൽ ഗെയിമിന് അടിമയായി ജോലിക്ക് പോകാതിരുന്ന ഭർത്താവിനോട് ജോലി കണ്ടെത്താൻ ആവശ്യപ്പെട്ടതിന് ഭാര്യയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ രേവയിലാണ് നടുക്കം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. രേവ സ്വദേശിയായ നേഹ പട്ടേലിനെ (24) ആണ് ഭർത്താവ് രഞ്ജീത് പട്ടേൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
രഞ്ജീതും നേഹയും വിവാഹിതരായിട്ട് ആറ് മാസം മാത്രമാണ് ആയത്. വിവാഹം കഴിഞ്ഞതുമുതൽ രഞ്ജീത് പബ്ജി ഉൾപ്പെടെയുള്ള മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തൊഴിൽ രഹിതനായ രഞ്ജീത് മണിക്കൂറുകളോളം മൊബൈൽ ഗെയിമിനായി സമയം ചെലവഴിച്ചിരുന്നതിനാൽ ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തുടർച്ചയായി ജോലിക്ക് പോകാൻ നേഹ ആവശ്യപ്പെട്ടത് രഞ്ജീതിന് ഇഷ്ടമായില്ല. ഇതേച്ചൊല്ലിയുണ്ടായ കടുത്ത വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടയിൽ രഞ്ജീത് ഒരു തോർത്ത് ഉപയോഗിച്ച് നേഹയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെട്ടു.
കൊലപാതകം നടത്തിയ ഉടൻ തന്നെ രഞ്ജീത്, നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു. "ഞാൻ നേഹയെ കൊന്നു, അവളെ തിരികെ കൊണ്ടുപോകണം" എന്നായിരുന്നു സന്ദേശം. ഈ ഞെട്ടിക്കുന്ന സന്ദേശം ലഭിച്ചയുടൻ നേഹയുടെ കുടുംബാംഗങ്ങൾ ദമ്പതികളുടെ വീട്ടിലേക്ക് ഓടിയെത്തി. അപ്പോഴാണ് നേഹയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ നേഹയുടെ മരണം സ്ഥിരീകരിക്കുകയും കേസെടുക്കുകയും ചെയ്തു.
ഡി.എസ്.പി. ഉദിത് മിശ്ര അറിയിച്ചതനുസരിച്ച്, നേഹയുടെ കഴുത്തിൽ ഞെരിച്ച പാടുകൾ വ്യക്തമായിരുന്നു. പ്രതിയെ പിടികൂടാനുള്ള തീവ്ര ശ്രമങ്ങൾ നടക്കുകയാണെന്നും ഇതിനായി നിരവധി അന്വേഷണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നേഹയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
മൊബൈൽ ഗെയിം ആസക്തി മാത്രമല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നും, സ്ത്രീധന പീഡനവും ഇതിന് കാരണമാണെന്നും നേഹയുടെ കുടുംബം ആരോപിച്ചു. രഞ്ജീതും അയാളുടെ ബന്ധുക്കളും ചേർന്ന് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് നേഹയെ ഉപദ്രവിച്ചിരുന്നതായി നേഹയുടെ സഹോദരൻ ഷേർ ബഹാദൂർ പട്ടേൽ വെളിപ്പെടുത്തി. അടുത്തിടെ ഒരു കാർ വേണമെന്നാവശ്യപ്പെട്ടാണ് ഇവർ കൂടുതൽ സമ്മർദ്ദം ചെലുത്തിയിരുന്നതെന്നും കുടുംബം പറഞ്ഞു.
