ജീവിത കാലം മുഴുവൻ കൂടെ കൂട്ടാൻ കല്യാണം കഴിച്ചു; മണിക്കൂറുകൾ കഴിഞ്ഞതും ഭർത്താവിന്റെ പ്രതീക്ഷകൾ ഒറ്റയടിക്ക് തകർന്നു; രാത്രി തനിയെ വീട്ടിലെത്തിയ വധുവിനെ കണ്ട് ഞെട്ടൽ
കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ വിവാഹം കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപ് നവവധുവിന് ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. സ്ത്രീധനമായി റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് നൽകാത്തതിനെ ചൊല്ലി നവവരനും കുടുംബാംഗങ്ങളും ചേർന്ന് യുവതിയെ മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
കാൻപൂർ സ്വദേശികളായ ലുബ്നയും മുഹമ്മദ് ഇമ്രാനും തമ്മിലുള്ള വിവാഹം നവംബർ 29-നാണ് മുസ്ലിം ആചാരപ്രകാരം നടന്നത്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ പ്രതീക്ഷയോടെ എത്തിയ ലുബ്നയ്ക്ക് ദുരനുഭവമാണ് നേരിടേണ്ടി വന്നത്. വീട്ടിലെത്തിയ ഉടൻ തന്നെ ഭർത്താവും ഭർതൃമാതാപിതാക്കളും ഉൾപ്പെടെയുള്ളവർ സ്ത്രീധനത്തിന്റെ പേരിൽ സമ്മർദ്ദം തുടങ്ങി.
വിവാഹ സമ്മാനമായി ഇമ്രാന് ബുള്ളറ്റ് ബൈക്ക് ലഭിക്കാത്തതിൽ അവർ യുവതിയെ കുറ്റപ്പെടുത്തി സംസാരിച്ചു. ബുള്ളറ്റ് ബൈക്ക് നൽകിയില്ലെങ്കിൽ പകരം രണ്ട് ലക്ഷം രൂപയെങ്കിലും വീട്ടുകാരിൽ നിന്ന് വാങ്ങി നൽകണമെന്ന് അവർ ലുബ്നയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം വീട്ടുകാരെ അറിയിക്കാൻ ലുബ്ന വിസമ്മതിച്ചതോടെ പീഡനം തുടങ്ങി.
ഇതിനിടയിൽ, ലുബ്ന ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും, വിവാഹ സമയത്ത് വീട്ടുകാർ കൈവശം നൽകിയിരുന്ന പണവും ഭർതൃവീട്ടുകാർ പിടിച്ചുവാങ്ങിയതായും യുവതി പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. സ്ത്രീധന ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെ, ഭർത്താവും വീട്ടുകാരും ചേർന്ന് ലുബ്നയെ ക്രൂരമായി മർദ്ദിക്കുകയും രാത്രി ഏഴ് മണിയോടെ വീട്ടിൽ നിന്ന് തല്ലി പുറത്താക്കുകയുമായിരുന്നു. ഇതോടെ ലുബ്ന സ്വന്തം വീട്ടിൽ തിരിച്ചെത്തി.
മകൾ വീട്ടിൽ തിരിച്ചെത്തിയതിനെ തുടർന്ന് വിവരം തിരക്കിയപ്പോഴാണ് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവിവരം വ്യക്തമായതെന്ന് ലുബ്നയുടെ പിതാവ് മെഹ്താബ് പറയുന്നു. മകളുടെ വിവാഹത്തിനായി ലക്ഷങ്ങളാണ് തങ്ങൾ ചെലവഴിച്ചതെന്നും, ഇമ്രാന്റെ വീട്ടുകാർ നൽകിയ നീണ്ട ലിസ്റ്റ് അനുസരിച്ച് സോഫ, ടിവി, വാഷിംഗ് മെഷീൻ, ഡ്രസ്സിംഗ് ടേബിൾ, വാട്ടർ കൂളർ, കൂടാതെ വെള്ളിയിലും പിച്ചളയിലുമുള്ള പാത്രങ്ങൾ, വിലകൂടിയ വസ്ത്രങ്ങൾ എന്നിവയെല്ലാം വിവാഹ സമ്മാനമായി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹ സമയത്ത് തങ്ങളോട് ബുള്ളറ്റ് ബൈക്ക് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ, വിവാഹത്തിനായി തങ്ങൾക്കുണ്ടായ ചെലവുകളും, വിവാഹ സമ്മാനമായി വരന്റെ വീട്ടുകാർക്ക് നൽകിയ സാധനങ്ങളും തിരികെ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരം വരനും കുടുംബാംഗങ്ങൾക്കുമെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
