എന്തുചെയ്യണമെന്ന് അറിയാതെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങി; നടന്ന് നടന്ന് എച്ച്എംടിക്ക് സമീപം അലഞ്ഞുനടക്കുന്നതിനിടെ സൂരജ് ലാമ ചതുപ്പില്‍ കുടുങ്ങിയത് ആകാമെന്ന നിഗമനത്തില്‍ പൊലീസ്; ഓര്‍മ്മ നഷ്ടപ്പെട്ട മനുഷ്യനെ അലയാന്‍ വിട്ട് കൈകഴുകി; മൃതദേഹത്തിന് ഒന്നര മാസത്തെ പഴക്കം; മകന്റെ പരാതിയില്‍ വീഴ്ചകള്‍ ഒന്നൊന്നായി പുറത്ത്!
സൂരജ് ലാമ ചതുപ്പില്‍ കുടുങ്ങിയത് ആകാമെന്ന നിഗമനത്തില്‍ പൊലീസ്
കൊച്ചി: കുവൈറ്റില്‍ നിന്ന് നാടുകടത്തപ്പെട്ട ബംഗളൂരു സ്വദേശി സൂരജ് ലാമ (59)യുടെ തിരോധനവും, മരണവും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം എച്ച്എംടിക്ക് സമീപം ചതുപ്പിലാണ് കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങി അലഞ്ഞു നടന്ന സൂരജ് ലാമ ചതുപ്പില്‍ കുടുങ്ങിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഉറപ്പാക്കാന്‍ ഡിഎന്‍എ പരിശോധന ഫലം കാത്തിരിക്കുകയാണ്. പിതാവിനെ കാണാതായതില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനും പോലീസിനും വീഴ്ചയുണ്ടായെന്ന മകന്‍ സന്ദന്‍ ലാമയുടെ ആരോപണങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ പുതിയ മാനം നല്‍കുന്നു.
കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം ഒന്നര മാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമല്ലെന്നും എല്ലുകള്‍ക്ക് ഒടിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പറയുന്നു. മദ്യദുരന്തത്തെ തുടര്‍ന്ന് മാനസികനില തെറ്റി ഓര്‍മ്മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ കുടുംബത്തെ പോലും അറിയിക്കാതെയാണ് കുവൈറ്റ് അധികൃതര്‍ കൊച്ചിയിലേക്ക് കയറ്റിവിട്ടത്.
പാസ്പോര്‍ട്ട് മാത്രമുള്ള, ഓര്‍മ്മശക്തിയില്ലാത്ത ഒരാള്‍ എങ്ങനെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തുവന്നുവെന്ന് മകന്‍ സന്ദന്‍ ലാമ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലിറങ്ങിയ സൂരജ് ലാമ രാവിലെ അഞ്ച് മണിയോടെ ആദ്യ മെട്രോ ഫീഡര്‍ ബസില്‍ കയറിയതായും, ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്ത് ഇറങ്ങിയ അദ്ദേഹത്തിന് ഒരു കടയിലെ ജീവനക്കാരി സൗജന്യമായി ചായ നല്‍കിയതായും മകന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആരാണ് ഉത്തരവാദി? പൊലീസിന്റെ അനാസ്ഥയോ?
'തന്റെ പിതാവിനെ കാണാതായതില്‍ കളമശേരി മെഡിക്കല്‍ കോളജിനും പോലീസിനും വീഴ്ചയുണ്ടായി' എന്ന മകന്‍ സന്ദന്‍ ലാമയുടെ ആരോപണം ശരിവയ്ക്കുന്ന നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒക്ടോബര്‍ 8-ന് തൃക്കാക്കര മുനിസിപ്പാലിറ്റി വാര്‍ഡ് 1-ലെ അനശ്വര ലെയ്നിലുള്ള ഒരു വീടിന് സമീപം ലാമയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരും വാര്‍ഡ് മെംബറും ഭക്ഷണം നല്‍കിയശേഷം വിവരം തൃക്കാക്കര പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് വൈകീട്ട് 8.30-ഓടെ തൃക്കാക്കര പോലീസ് ലാമയെ കസ്റ്റഡിയിലെടുത്തു. ലാമ പോലീസുകാരനൊപ്പം നില്‍ക്കുന്ന ചിത്രം മകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലാമയെ പോലീസ് ഒരു ആംബുലന്‍സ് വിളിച്ച് കളമശേരി മെഡിക്കല്‍ കോളജിലേക്ക് തനിച്ച് അയക്കുകയായിരുന്നു. മാനസികനില തെറ്റിയ, ഓര്‍മ്മ നഷ്ടപ്പെട്ട ഒരാളെ ആംബുലന്‍സില്‍ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് അയച്ച പോലീസ് നടപടിയാണ് ഏറ്റവും വലിയ അനാസ്ഥയായി വിലയിരുത്തപ്പെടുന്നത്.
വൈകിട്ട് 5.30-ഓടെ ആശുപത്രിയിലെത്തിയ ലാമ, കൃത്യം 6.48-ന് അവിടെനിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ മകന്‍ ശേഖരിച്ചിരുന്നു. പിതാവിന് അടിയന്തര ചികിത്സയുടെ ആവശ്യമില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ മകനോട് മറുപടി പറഞ്ഞത്. എന്നാല്‍, പിതാവിന്റെ ശാരീരിക പരിശോധനകള്‍ നടത്തിയതിന്റെയും ഒരു ബെഡില്‍ 20 മിനിറ്റ് നിരീക്ഷണത്തില്‍ കിടത്തിയതിന്റെയും ദൃശ്യങ്ങള്‍ മകന്‍ കണ്ടെത്തി. നിരീക്ഷണത്തിനു ശേഷം ബെഡ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുപോയ ലാമ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ആ യാത്രയാണ് എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിലെ ചതുപ്പില്‍ ദുരന്തമായി അവസാനിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.
ഡിഎന്‍എ പരിശോധന
മൃതദേഹത്തിന് ഒടിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജീര്‍ണിച്ച നിലയിലായതിനാല്‍ മരണം എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാനാവൂ. ഡിഎന്‍എ ഫലം വരാന്‍ അഞ്ച് ദിവസങ്ങളെങ്കിലും വേണ്ടി വരും. അലംഭാവം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും, ഓര്‍മ്മശക്തി നഷ്ടപ്പെട്ട ഒരാളെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ ആരാണെന്നും ഹൈക്കോടതിക്ക് മുമ്പാകെ സന്ദന്‍ ലാമയുടെ അഭിഭാഷകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.
