ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, അമ്യൂസ്മെന്റ് പാര്‍ക്ക് കാണിക്കാമെന്ന് വാഗ്ദാനം; പല തവണയായി എട്ടാം ക്ലാസുകാരിയിൽ നിന്ന് 12 പവൻ തട്ടിയെടുത്തു; സ്വർണം വിറ്റ് യുവാക്കൾ ബൈക്കും ടിവിയും വാങ്ങി; പെട്ടെന്നൊരു ദിവസം ആരോടും പറയാതെ 13കാരി വീടുവിട്ടിറങ്ങി; ഒടുവിൽ പൂജപ്പുരക്കാരിയെ കണ്ടെത്തിയത് എറണാകുളത്ത് നിന്ന്; സ്ഥലം കാണാൻ പോയതെന്ന് പെൺകുട്ടി; രണ്ട് പേർ അറസ്റ്റിൽ

Update: 2025-07-27 13:17 GMT

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ്സുകാരിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജൻ (20) എന്നിവരെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് അമ്യൂസ്മെന്റ് പാര്‍ക്ക് കാണിക്കാൻ കൊണ്ട് പോകാമെന്ന് വാഗ്‌ദാനം നൽകിയാണ് പ്രതികൾ സ്വർണം തട്ടിയത്. പൂജപ്പുര സ്വദേശിനിയായ ഏഴാംക്ലാസ് വിദ്യാർത്ഥിനിയിൽ നിന്നാണ് യുവാക്കൾ പലപ്പോഴായി പന്ത്രണ്ടു പവൻ സ്വർണം തട്ടിയെടുത്തത്. സ്വർണം വിറ്റും പണയപ്പെടുത്തിയും പ്രതികൾ ബൈക്ക്, ടെലിവിഷൻ തുടങ്ങിയവ വാങ്ങിയിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടപ്പോഴാണ് സ്വർണം എടുത്ത് നൽകിയതെന്ന് പോലീസ് പറയുന്നു. പെൺകുട്ടിക്ക് എറണാകുളത്ത് അമ്യൂസ്മെന്റ് പാര്‍ക്ക് കാണിച്ചു കൊടുക്കാമെന്ന് പ്രതികൾ വാഗ്ദാനവും നൽകിയിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതോടെ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ എറണാകുളത്ത് നിന്നും കണ്ടെത്തി. സ്ഥലം കാണാനായാണ് വീട് വിട്ടിറങ്ങിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്.

തനിക്ക് അമ്യൂസ്‌മെന്റ് പാർക്ക് കാണാനുള്ള ആഗ്രഹം കൊണ്ടാണ് ആരോടും പറയാതെ പോയതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. 13കാരിയെ ബൈക്കിൽ കയറ്റി തമ്പാനൂരിലെത്തിച്ച്, അവിടെനിന്ന് എറണാകുളത്തെ അമ്യൂസ്മെന്റ് കാണുന്നതിനായി യാത്ര തിരിക്കുകയുമായിരുന്നു. അമ്മയുടെ സ്വർണമാണ് വീട്ടുകാരറിയാതെ എടുത്ത് നൽകിയത്. സ്വർണം വിറ്റ് ബൈക്കും ടിവിയും വാങ്ങിയ കേസിലാണ് യുവാക്കൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    

Similar News