ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചു; പിന്നാലെ മാല കവർന്നു; അന്വേഷണത്തിനിടെ വാടക വീട്ടില്‍ പരിശോധന; പ്രതിയും സഹോദരിയും പിടിയിലായത് 10 കിലോ കഞ്ചാവുമായി; ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട്: കഞ്ചാവ് കേസിൽ പിടിയിലായ സഹോദരനും സഹോദരിക്കും ഏഴ് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരൻ, ഇയാളുടെ സഹോദരി സൂര്യ എന്നിവർക്കാണ് വടകര എൻ.ഡി.പി.എസ് കോടതി ശിക്ഷ വിധിച്ചത്. ഏഴ് വർഷത്തെ തടവിന് പുറമെ 40,000 രൂപ വീതം പിഴയും ഇവർ ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. 10 കിലോ കഞ്ചാവാണ് പിയടച്ചെടുത്തത്.
2020ല്‍ മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണ് നീലേശ്വരത്തെ വാടക വീട്ടില്‍ വച്ച് ഇരുവരെയും മുക്കം പൊലീസ് പിടികൂടിയത്. മുക്കത്തിനടത്തു മുത്തേരിയില്‍ 65 വയസ്സുകാരിയെ ഓട്ടോയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഓട്ടോയില്‍ കയറിയ വയോധികയെ സമീപത്തെ റബര്‍ എസ്റ്റേറ്റിനടുത്തുന്ന വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച് മാല കവര്‍ന്ന കേസിൽ പ്രതിയെ പിന്നീട് പിടികൂടിയിരുന്നു.
ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ പ്രതി താമസിച്ചിരുന്ന സ്ഥലം പരിശോധിക്കുന്നതിനിടയിലാണ്, സഹോദരങ്ങള്‍ താമസിച്ച വാടക വീട്ടില്‍ പൊലീസ് യാദൃച്ഛികമായി എത്തിയതും കഞ്ചാവ് പിടികൂടിയതും. വയോധികയെ പീഡിപ്പിച്ച കേസ് അന്വേഷിച്ചിരുന്ന എസ്.ഐ. സാജിദ് കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇൻസ്പെക്ടർ ബി.കെ. സിജു കേസിൽ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജീഷ് ഹാജരായി.