സ്വര്‍ണ്ണക്കടത്ത് കേസ്; സ്വര്‍ണക്കടത്തിന്റെ വേരുകള്‍ എവിടെ നിന്നെന്ന് കണ്ടെത്തുക പ്രധാന ലക്ഷ്യം; രന്യയുടെ വിവാഹത്തില്‍ വില കൂടിയ സമ്മാനങ്ങള്‍ നല്‍കിയവരെയും കണ്ടെത്താന്‍ ശ്രമം; കര്‍ണാടകയിലെ ഉന്നതര്‍ക്കും സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടോ എന്ന് സംശയം; അന്വേഷണം ശക്തമാക്കി സിബിഐ
ബെംഗളൂരു: കന്നഡ നടി രന്യ റാവു പിടിയിലായ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. രന്യയുടെ വീടും, വിവാഹം നടന്ന ഹോട്ടല്‍, ര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡ് (കെഐഎഡിബി) ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. സ്വര്‍ണ്ണക്കടത്തിന്റെ വേരുകള്‍ എവിടെ നിന്നാണെന്ന് കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി കൂടുതല്‍ ചോദ്യം ചെയ്യുകയും അന്വേഷണം സിബിഐ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
രന്യയുടെ വിവാഹത്തില്‍ പങ്കെടുത്തവരെയും, രന്യക്ക് വില കൂടിയ സമ്മാനങ്ങള്‍ നല്‍കിയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ. ഇതിനായി കല്യാണം നടന്ന ഹോട്ടലിലെ ഹോട്ടലിലെ ദൃശ്യങ്ങളും വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളും സിബിഐ സംഘം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. വിവാഹത്തില്‍ പങ്കെടുത്ത അതിഥികളുടെ ലിസ്റ്റും പരിശോധിച്ചുവരികയാണ്. വില കൂടിയ സമ്മാനം നല്‍കിയവരും രന്യയും തമ്മില്‍ ഏത് രീതിയിലുള്ള ബന്ധമാണ് എന്നതാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ചിലര്‍ രന്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നതായും അവര്‍ രന്യക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയതായും സിബിഐക്ക് സൂചന ലഭിച്ചിരുന്നു.
രന്യയ്ക്ക് അപ്പുറത്തേക്ക് കര്‍ണാടകയിലെ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തിലുള്ള ബന്ധങ്ങളും സിബിഐ പരിശോധിച്ചുവരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിബിഐയുടെ ഡല്‍ഹി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രന്യയുടെയും സഹോദരന്റെയും കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുകളോ വഴിവിട്ട ഇടപാടുകളോ നടന്നോയെന്നതാണ് മറ്റൊരു അന്വേഷണം. ബെംഗളൂരു വിമാനത്താവളത്തില്‍ പ്രോട്ടോക്കോള്‍ ചുമതലയുള്ള നാല് ഉദ്യോഗസ്ഥര്‍ക്കും സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യും.
ഇതിനിടെ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ രന്യ റാവുവിന്റെ വളര്‍ത്തച്ഛനും കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡിജിപിയുമായ കെ. രാമചന്ദ്രറാവുവിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗൗരവ് ഗുപ്തയെ കര്‍ണാട സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറികൂടിയായ ഗൗരവ് ഗുപ്തയ്ക്ക് നല്‍കിയ നിര്‍ദേശം.
കേസില്‍ പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയും വീഴ്ചയും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഐഡിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. സമാന്തരമായ അന്വേഷണമാണ് സിബിഐയും ഡിആര്‍ഐയും നടത്തുന്നത്. ഇതോടെ, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ), സിബിഐ, സിഐഡി, ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഒന്നിച്ചന്വേഷിക്കുന്ന അപൂര്‍വം കേസായി രന്യറാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസ് മാറിയിരിക്കുകയാണ്.
ഈമാസം മൂന്നിനാണ് ദുബായില്‍നിന്ന് വന്ന രന്യ റാവുവിനെ 14.2 കിലോഗ്രാം സ്വര്‍ണവുമായി ബെംഗളൂരു വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഡിജിപി രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളായ രന്യ അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ഗ്രീന്‍ ചാനല്‍വഴി ആയിരുന്നു സുരക്ഷാപരിശോധന ഇല്ലാതെ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നിരുന്നതെന്ന് ഡിആര്‍ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ പങ്കിനെക്കുറിച്ച് അറിയാന്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
കേസില്‍ രന്യയെ കൂടാതെ അവരുടെ സുഹൃത്തും കര്‍ണാടകയിലെ അത്രിയ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനുമായ തരുണ്‍ രാജുവിനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുബായില്‍ രന്യയെ സഹായിച്ചത് തരുണ്‍ ആണെന്നാണ് വിവരം. ഇതിനിടെ രന്യയുടെ ഭര്‍ത്താവും ആര്‍ക്കിടെക്റ്റുമായ ജതിന്‍ ഹുക്കേരിയെ നിയമപരമല്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജതിന്‍ നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്.
രന്യയ്ക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ ഭര്‍ത്താവിന് പങ്കില്ലെന്നാണ് ജതിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഡിആര്‍ഐ സമന്‍സ് അയച്ചപ്പോള്‍ രണ്ടുതവണ അന്വേഷണത്തിനായി ബന്ധപ്പെട്ടപ്പോഴും ജതിന്‍ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ നിയമനടപടികള്‍ പാലിക്കാതെ ജതിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇത് തടയണമെന്നുമായിരുന്നു ആവശ്യം. രന്യയുമായി തനിക്ക് ദീര്‍ഘകാല ബന്ധമില്ലെന്നും ജതിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.