തല മൊട്ടയടിച്ച് ക്യാന്‍സറാണെന്ന് പ്രചരിപ്പിച്ചു; മകള്‍ക്ക് അപകടമുണ്ടെന്ന കള്ളക്കഥ പറഞ്ഞും പിരിവ്; ശ്രീതു പണത്തിനായി ഏതറ്റം വരേയും പോയിരുന്നു; പൂണൂലിട്ട് നടന്ന ഹരികുമാര്‍ പറഞ്ഞിരുന്നത് ക്ഷേത്രത്തിലെ പൂജാരിയെന്ന്; ആത്മീയാചാര്യനുമായും അടുപ്പം; കൂടോത്രവും ആഭിചാരവും അവിഹിതവും സംശയത്തില്‍; ബാലരാമപുരത്ത് പോലീസ് വിശദ അന്വേഷണത്തില്‍

Update: 2025-01-31 05:26 GMT

തിരുവനന്തപുരം: പാറശാല സ്വദേശി ശ്രീജിത്തിന്റെയും ബാലരാമപുരം നിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിന്റെയും മകള്‍ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാല്‍കോണം വാറുവിള വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ആഭിചാരമോ? ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന് (24) അന്ധവിശ്വാസം കൂടുതലായിരുന്നു. ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ല. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമല്ലായിരുന്നു ഹരികുമാറിന്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. സംശയത്തിലുള്ള എല്ലാവരേയും വിശദ ചോദ്യം ചെയ്യലിനും വിധേയമാക്കും.

ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടടുത്തുള്ള മുറികളില്‍ കഴിയുമ്പോഴും വാട്‌സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുനു ഹരികുമാര്‍. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഹരികുമാര്‍ പല സ്ത്രീ പ്രശ്‌നങ്ങളില്‍ കുരുങ്ങിയപ്പോള്‍ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു. സുഹൃത്തായ കരിക്കകം സ്വദേശി 30 ലക്ഷം തട്ടിയെടുത്തുവെന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. വീട് വാങ്ങാന്‍ കൈമാറിയ പണമാണ് തട്ടിയെടുത്തതെന്നാണ് മൊഴി. ഒരു ആത്മീയ ആചാര്യനുമായി ഹരികുമാറിന് ബന്ധമുണ്ടെന്നും സൂചനകളുണ്ട്.

ഏറെക്കാലം പൂണൂലിട്ട് കൊല്ലത്തുള്ള ക്ഷേത്രത്തില്‍ പൂജാരിയാണെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. ഇടയ്ക്ക് അത് മതിയാക്കി വീട്ടിനുള്ളിലായി. ഹരികുമാര്‍ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നുവെന്ന രീതിയിലും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീതുവിന് ദേവസ്വം ബോര്‍ഡില്‍ താത്കാലിക ജോലിയുണ്ടെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. അടുത്തിടെ തല മൊട്ടയടിച്ച ഇവര്‍ ക്യാന്‍സറാണെന്ന് പലരോടും പറഞ്ഞിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. കുഞ്ഞ് ശല്യമാണെന്ന് ഹരികുമാര്‍ രണ്ട് ദിവസം മുമ്പ് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ശ്രീതു പറഞ്ഞു. കുഞ്ഞ് കരയുന്നതും ശബ്ദമുണ്ടാക്കുന്നതും ശല്യമാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരുമറിയാതെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടെന്നാണ് പ്രതിയുടെ മൊഴി. സഹോദരിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.

ശ്രീതുവിന്റെ കുടുംബത്തെ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. പണം കടം നല്‍കിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകര്‍ന്നു തുടങ്ങിയതിനാല്‍ കോട്ടുകാല്‍കോണത്ത് വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹത സംശയിച്ച പൊലീസ് തെളിവുകളുമായി ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തിരിച്ചെത്തിയ ഇവര്‍ ദേവേന്ദു കൊല്ലപ്പെടുന്നതിനു തലേന്ന് പരാതി പിന്‍വലിച്ചു. മകള്‍ക്ക് വീടിനു മുന്നില്‍വച്ച് അപകടം പറ്റിയെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പറഞ്ഞ് ശ്രീതു ചിലരില്‍നിന്നു പണപ്പിരിവു നടത്തിയെന്നും ആരോപിക്കുന്നു. ഇതിനൊപ്പം മൊട്ടയടിച്ചത് ക്യാന്‍സര്‍ എന്ന വ്യാജേന പണ പിരിവിനാണെന്നും സൂചനകളുണ്ട്.

ഹരികുമാര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കുകയോ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുന്നില്ല. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുവെന്നാണ് പൊലീസിനോട് ഹരികുമാറിന്റെ മറുപടി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഹരികുമാറിന്റെ അമ്മയുടെയും മൂത്ത കുട്ടിയുടെയും മൊഴിയും പൊലീസ് ശേഖരിക്കുന്നുണ്ട്. മൂത്ത കുട്ടിയെയും ഹരികുമാര്‍ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ അതിന് മുന്‍പായി തെളിവെടുപ്പ് ഉണ്ടാകും. പത്ത് മണിയോടെ എസ്.പി. മാധ്യമങ്ങളെ കാണുന്നുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ എസ്.പി. വിശദീകരിക്കും എന്നാണ് വിവരം. അമ്മയായ ശ്രീതുവിനെ നിലവില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടില്ല. ശ്രീതുവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവില്‍ പോലീസിന്റെ കയ്യിലില്ല. ഇന്നത്തെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സഹോദരനുമായി ശ്രീതുവിന്റെ വാട്സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീതുവിന്റെ മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്.

വ്യാഴാഴ്ച വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഇളയകുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതുവാണ് അതിരാവിലെ അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്താകെ തിരഞ്ഞു.

Tags:    

Similar News