പ്രണയ വിവാഹത്തിന് പിന്നാലെ ഭാര്യപിതാവുമായി അഭിപ്രായ വ്യത്യാസം; അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊന്ന് കഷണളാക്കി പുഴയില്‍ ഉപേക്ഷിച്ചു; ഭാര്യയെ കാണാനില്ലെന്ന് സഹോദരിയെ അറിയിച്ചു; പൊലീസ് വീട്ടില്‍നിന്നും കണ്ടെത്തിയത് തലയും കൈകാലുകളുമില്ലാതെ മൃതദേഹം; ക്രൂര കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി

Update: 2025-08-25 05:45 GMT

ഹൈദരാബാദ്: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഹൈദരാബാദിന് സമീപം ബാലാജി ഹില്‍സില്‍ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് പോലീസ് പിടികൂടിയത്. അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യ സ്വാതി(21)യെയാണ് മഹേന്ദര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. വീട്ടില്‍നടത്തിയ പരിശോധനയില്‍ യുവതിയുടെ തലയും കൈകാലുകളുമില്ലാത്ത ഉടല്‍ മാത്രമാണ് കണ്ടെടുക്കാനായതെന്നും പോലീസ് പറഞ്ഞു.

ഹൈദരാബാദിലെ മെഡിപ്പള്ളിയുടെ പ്രാന്തപ്രദേശമായ ബാലാജി ഹില്‍സിലാണ് അതിക്രൂര കൊലപാതകം നടന്നത്. അടുത്തിടെയാണ് വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ നിവാസികളാണ് സ്വാതിയും മഹേന്ദറും വിവാഹതിരാകുന്നത്. പ്രണയവിവാഹത്തിന് പിന്നാലെ ഇവര്‍ ബാലാജി ഹില്‍സിലേക്ക് താമസം മാറുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് കൊലപാതകം. റൈഡ് ഹെയ്ലിംഗ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മഹേന്ദര്‍, സ്വാതിയെ കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി ചില ഭാഗങ്ങള്‍ നശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. കൈകാലുകള്‍ വെട്ടിയെടുത്തെങ്കിലും, ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ശരീരം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് മഹേന്ദര്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

ക്രൂരകൃത്യത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് മഹേന്ദര്‍ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. സംശയം തോന്നിയ സഹോദരി, നഗരത്തിലുള്ള മറ്റൊരുബന്ധുവിനെ വിവരമറിയിക്കുകയും ഇയാള്‍ മഹേന്ദറിനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തുകയുംചെയ്തു. എന്നാല്‍, പോലീസിനോടും ഭാര്യയെ കാണാനില്ലെന്നും തനിക്ക് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാള്‍ ആവര്‍ത്തിച്ചത്. സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചതോടെ അവശേഷിച്ചിരുന്ന മൃതദേഹഭാഗം കണ്ടെടുക്കുകയായിരുന്നു.

ഉപേക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ക്കായി നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെടുക്കാനായില്ലെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം സ്വാതിയുടേതാണെന്ന് സ്ഥിരീകരിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

സ്വാതിയും മഹേന്ദറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹശേഷമാണ് ഇരുവരും ഹൈദരാബാദിലേക്ക് താമസംമാറ്റിയത്. അതേസമയം, മഹേന്ദര്‍ സ്വാതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സ്വാതിയുടെ പിതാവ് ആരോപിച്ചു. താനും മരുമകനും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മരുമകന്‍ മകളോട് സംസാരിക്കുന്നത് പോലും നിര്‍ത്തി. പക്ഷേ, മകളോട് കാര്യങ്ങള്‍ തിരക്കുമ്പോള്‍ എല്ലാം നല്ലരീതിയില്‍ പോകുന്നുവെന്നും കുഴപ്പമില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, അവന്‍ മകളെ ഉപദ്രവിക്കുകയായിരുന്നു. തന്റെ മകള്‍ അനുഭവിച്ചതുപോലെ പ്രതിയായ മരുമകനും അനുഭവിക്കണമെന്നും സ്വാതിയുടെ പിതാവ് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ തല, കൈകള്‍, കാലുകള്‍ എന്നിവ മഹേന്ദര്‍ ഇതിനകം മൂസി നദിയില്‍ ഒഴുക്കിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീയുടെ ശരീരം വീട്ടില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. 'ഞങ്ങള്‍ ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കൈകളും തലയുമില്ലാത്ത സ്ത്രീയുടെ ശരീരം മാത്രമാണ് കണ്ടെത്താനായത്. മരിച്ചയാളെ തിരിച്ചറിയാന്‍ ഞങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തും,' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News