ഭാര്യയുടെ കഴുത്തിലും മുഖത്തും വെട്ടേറ്റ പാടുകള്‍; ചെവി വേര്‍പ്പെട്ട നിലയില്‍ വീടിനകത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ടെറസിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍: ജോജുവിന്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹവും; കൊലപാതകത്തില്‍ കലാശിച്ചത് കുടുംബവഴക്ക്
തലോര്‍: തൃശൂര്‍ തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് വിവരം. ദമ്പതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായണ് സമീപവാസികള്‍ പറയുന്നത്. വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. ലിഞ്ചുവിന്റെ അലര്‍ച്ച് സമീപവാസികള്‍ കേട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കഴുത്തിലും മുഖത്തും കത്തികൊണ്ട് ലിഞ്ചുവിന് വെട്ടേറ്റ പാടുകള്‍ ഉണ്ട്. ചെവി വേര്‍പ്പെട്ട നിലയിലായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. ഒന്നരവര്‍ഷംമുന്‍പാണ് ഇവര്‍ വിവാഹിതരായത്. ജോജുവിന്റെ രണ്ടാംവിവാഹവും ലിഞ്ചുവിന്റെ മൂന്നാംവിവാഹവുമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. ജോജുവിനും ആദ്യവിവാഹത്തില്‍ ഒരു മകനുണ്ട്.
ജോജുവിന് തലോരില്‍ വര്‍ക്ഷോപ്പുണ്ട്. ലിഞ്ചു ബ്യൂട്ടീഷ്യനാണ്. ജോജുവിന് മൂന്നുവര്‍ഷം മുമ്പ് 65 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിരുന്നു. പണത്തിന്റെ കാര്യത്തിലാണോ വഴക്ക് ഇട്ടത് എന്ന് കൃത്യമല്ല. കുറച്ചുനാളുകളായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വഴക്കിനെത്തുടര്‍ന്ന് പുതുക്കാട് പോലീസില്‍ പരാതിയുമുണ്ടായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി., സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. വിരലടയാളവിദഗ്ധരും ഫോറന്‍സിക് വിഭാഗവും എത്തും.