ലോക്കറില്‍ വയ്ക്കാന്‍ ഭാര്യ നല്‍കിയ സ്വര്‍ണം പണയം വച്ചത് വിശ്വാസ വഞ്ചന; ഭര്‍ത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി; ആറുമാസം തടവുശിക്ഷ; അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
വിവാഹബന്ധം തകര്‍ന്നു; ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു
കൊച്ചി: ലോക്കറില്‍ വയ്ക്കാന്‍ കൈമാറിയ 50 പവന്‍ സ്വര്‍ണം ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ പണയംവച്ച ഭര്‍ത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി. ഭര്‍ത്താവിന് ആറുമാസം തടവുശിക്ഷ ലഭിച്ചു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം. ഭര്‍ത്താവ് വിശ്വാസവഞ്ചന കാണിച്ചിട്ടുണ്ടെന്ന കീഴ്‌ക്കോടതി വിധികള്‍ ശരിവച്ചാണ് ജസ്റ്റിസ് എ.ബദറുദീന്റെ വിധി.
2009ലാണ് ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് ഭാര്യയുടെ മാതാവ് സമ്മാനിച്ചതാണ് 50 പവന്‍ സ്വര്‍ണം. ഇത് ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാനും ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കാനും ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. സ്വര്‍ണം തിരികെ ചോദിച്ചപ്പോഴാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അതു പണയം വച്ചിരിക്കുകയാണെന്ന് ഭാര്യ അറിയുന്നത്.
ഇതോടെ വിവാഹബന്ധം തകരുകയും ഭാര്യ മാതാപിതാക്കള്‍ക്കടുത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് ഇടനിലക്കാര്‍ വഴിയുണ്ടാക്കിയ കരാര്‍ പ്രകാരം സ്വര്‍ണം തിരികെ എടുത്തു നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതു സാധ്യമായില്ല. തുടര്‍ന്ന് ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.
ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചത് വിശ്വാസ വഞ്ചനയാണ് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഇതിനായി, രേഖകള്‍ വ്യാജമായി ഉണ്ടാക്കിയെന്നും ഇതും ഭാര്യയെ വഞ്ചിക്കലായിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് ആദ്യം പരിഗണിച്ച മജിസ്‌ട്രേട്ട് കോടതി ഐപിസി 406 വകുപ്പ് അനുസരിച്ച് പ്രതി കുറ്റക്കാരനെന്നു വിധിക്കുകയും മറ്റു വകുപ്പുകള്‍ ഒഴിവാക്കുകയും ചെയ്തു.
പ്രതിക്ക് കോടതി ആറുമാസം തടവാണ് ശിക്ഷയായി വിധിച്ചത്. ഇതിനെതിരെ പ്രതി സെഷന്‍സ് കോടതിയെ സമീപിച്ചു. പ്രതിയായ ഭര്‍ത്താവിനെ മറ്റു വകുപ്പുകളില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ഭാര്യയും കോടതിയെ സമീപിച്ചു. മജിസ്‌ട്രേട്ട് കോടതി വിധി ശരിവയ്ക്കുകയാണ് സെഷന്‍സ് കോടതിയും ചെയ്തത്. മാത്രമല്ല, 5 ലക്ഷം രൂപ നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
ഇതിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ജസ്റ്റിസ് ബദറുദീന്റെ വിധി. കേവലമൊരു വിശ്വാസ വഞ്ചന ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെങ്കിലും അതിനുള്ള സാഹചര്യങ്ങള്‍ പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയോട് വിശ്വാസവഞ്ചന കാണിക്കുകയാണ് ഭര്‍ത്താവ് ചെയ്തത്. മാത്രമല്ല, ഭാര്യയുടെ മാതാവും ഇക്കാര്യങ്ങള്‍ ശരിവച്ചിട്ടുണ്ട്. കേസിലെ 5ാം സാക്ഷിയായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജരുടെ മൊഴിയും ഭര്‍ത്താവ് കുറ്റക്കാരനാണെന്നു തെളിയിക്കുന്നതായും കോടതി വ്യക്തമാക്കി.