ഒന്നുമറിയില്ലെന്ന് ആദ്യം പറഞ്ഞ ഭര്‍ത്താവ് 'അധോലോക'മെന്ന് തെളിഞ്ഞു..! മലേഷ്യയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തസ്ലിമയുടെ ഭര്‍ത്താവെന്ന് എക്‌സൈസ്; തമിഴ്നാട് സ്വദേശിയായ സുല്‍ത്താന്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയെന്ന് നിഗമനം; ഹൈബ്രിഡ് കഞ്ചാവ് കേസിന് രാജ്യന്തര ബന്ധം
ഒന്നുമറിയില്ലെന്ന് ആദ്യം പറഞ്ഞ ഭര്‍ത്താവ് 'അധോലോക'മെന്ന് തെളിഞ്ഞു..!
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ രാജ്യാന്തര ബന്ധവും പുറത്തേക്ക്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. നേരത്തെ അറസ്റ്റിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താനാണ് പിടിയിലായത്. തനിക്ക് കഞ്ചാവ് കേസുമായി യാതൊരു ബന്ധവും ഇല്ലെന്ന നിലപാട് സ്വീകരിച്ച തസ്ലീമയുടെ ഭര്‍ത്താവാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചെതെ്‌നാണ് എക്‌സൈസിന്റ കണ്ടെത്തല്‍. ചെന്നൈയിലെ എന്നൂറില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
അന്വേഷണത്തില്‍ സല്‍മാന് ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് ഉണ്ടെന്നും ഇവിടേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടെന്നും എക്‌സൈസ് കണ്ടെത്തി. ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയില്‍നിന്ന് എത്തിച്ചതെന്നാണ് എക്സൈസ് നിഗമനം. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.
ആലപ്പുഴ ഓമനപുഴയില്‍നിന്ന് തസ്ലീമയും സഹായി കെ ഫിറോസും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലാകുമ്പോള്‍ സുല്‍ത്താനും രണ്ടു കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ എക്‌സൈസ് ചോദ്യം ചെയ്യലിന് ശേഷം സുല്‍ത്താനെ വിട്ടയാക്കുകയായിരുന്നു. തസ്ലിമയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷമാണ് ഇയാളെ കുടുക്കിയത്. പിടികൂടിയ കഞ്ചാവു വില്പനയ്ക്കായി തസ്ലീമയ്ക്ക് കൈമാറിയത് സുല്‍ത്താന്‍ ആണെന്നാണ് എക്‌സൈസ് കരുതുന്നത്.
ഈ മാസമാദ്യമാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‌ലിമയുടെ ഫോണില്‍ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിച്ചത് സുല്‍ത്താനാണ്. മലേഷ്യയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയാണ് സുല്‍ത്താന്‍. തമിഴ്നാട് സ്വദേശിയായ സുല്‍ത്താന്‍ കേരളത്തില്‍ ഇടപാട് നടത്തിയത് തസ്ലീമ വഴിയാണ്.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തസ്ലിമ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ എസ് വിനോദ്കുമാര്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് സെക്സ് റാക്കറ്റുമായും ബന്ധമുള്ളതായി സംശയിക്കുന്നു. ആറു ഭാഷ അറിയാവുന്ന തസ്‌ലിമ സിനിമ തിരക്കഥ പരിഭാഷകയും അഭിനേതാവുമാണ്. ഈ ബന്ധം ഉപയോഗിച്ച് സിനിമാമേഖലയിലെ ചിലരുമായി ലഹരി ഇടപാടുകള്‍ നടത്തിയതായും ഇവര്‍ മൊഴി നല്‍കി.
യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്‌സൈസിന്റെ പിടിവീഴുകയായിരുന്നു.