അല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധിക്കുന്നത് മുന്‍കൂര്‍ പണം സ്വീകരിച്ച ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപങ്ങളില്‍; പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിക്കുന്ന ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം

അല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്;

Update: 2025-01-08 10:25 GMT

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി പിടിച്ചത്. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ പരാതികളായി പുറത്തു വരുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.

ഇന്ന് രാവിലെ മുതലാണ് അല്‍ മുക്താദിറിന്റെ ജുവല്ലറികളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കൊച്ചിയിലും തിരുവനന്തുപത്തും അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ഉയര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അല്‍ മുക്താദിറില്‍ പരിശോധന നടക്കുന്നത്.

ജുവല്ലറിയില്‍ മുന്‍കൂര്‍ പണം സ്വീകരിച്ചുള്ള സ്വര്‍ണ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മുന്‍കൂര്‍ പണം വാങ്ങിയ ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. മുന്‍കൂര്‍ ഡിപ്പോസിറ്റ് സ്വീകരിക്കുന്ന മാര്‍ഗ്ഗം ജുവല്ലറിയുടെ ഓരോ ശാഖകളിലും നടക്കുന്നുണ്ട്. ഇങ്ങനെ വന്‍തോതില്‍ പലരില്‍ നിന്നുമായി പണം വാങ്ങിയിണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധനയുമായി രംഗത്തുവന്നത്.

അടുത്തിടെ അല്‍മുക്താദിര്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന ആരോപണവുമായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ രംഗത്തുവന്നിരുന്നു. പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായാണ് ജുവല്ലറി എത്തിയതെന്നാണ് ഉത്തരവാദിത്തപ്പെട്ട അബ്ദുല്‍ നാസര്‍ ഉയര്‍ത്തിയ ആരോപണം.

പത്രങ്ങളിലെ പരസ്യം കണ്ട് നിരവധി ഉപഭോക്താക്കള്‍ വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങുന്നതിന് ഇയാളുടെ ഷോറൂമുകളില്‍ എത്തുന്നവരില്‍ നിന്നും വന്‍ തുക ഡെപ്പോസിറ്റ് ആയി സ്വീകരിച്ചിരുന്നു. മൂന്നും,ആറും മാസവും, ഒരു വര്‍ഷവും കഴിഞ്ഞു സ്വര്‍ണ്ണം നല്‍കാമെന്ന് ഉറപ്പിന്മേലാണ് ഇങ്ങനെ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ക്ക് സ്വര്‍ണ്ണം നല്‍കുന്നില്ല. പല ഉപഭോക്താക്കളും കടയടപ്പിക്കാതെ രാത്രി വെളുക്കുവോളം അവിടെ തപസ്സിരുന്നു മറ്റു ഷോറൂമുകളില്‍ നിന്നും സ്വര്‍ണം എത്തിച്ച് സത്യാഗ്രഹം ഇരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രവണതയാണ് ഇപ്പോള്‍ ജുവല്ലറിയില്‍ നടക്കുന്നത് എന്നാണ് അബ്ദുള്‍ നാസര്‍ ഉയര്‍ത്തിയ ആരോപണം.

്അടുത്തകാലത്തായി ഐക്യരാഷ്ട്രസഭയുടെ ആഗോള സമാധാന സമിതിയുടെ എക്‌സലന്‍സ് അവാര്‍ഡ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമിന് ലഭിച്ചുവെന്ന വിധത്തില്‍ വലിയ പ്രചരണം ഈ ജുവല്ലറി ഗ്രൂപ്പ് നടത്തിയിരുന്നു. ഇത് തട്ടിപ്പാണെന്ന് പിന്നാലെ വ്യക്തമാകുകയും ചെയ്തിരുന്നു. അതേസമയം അല്‍ മുക്താദിര്‍ സ്ഥാപനങ്ങള്‍ക്ക് എ.കെ.ജി.എസ്.എം.എ എന്ന സംഘടനയും ഉയര്‍ത്തിയ ആരോപണങ്ങള്‍ വ്യാജമെന്ന് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം പറഞ്ഞിരുന്നു.

ജനങ്ങള്‍ക്ക് പണിക്കൂലി ഇനത്തില്‍ കോടിക്കണക്കിന് രൂപയാണ് ലാഭമായി ലഭിച്ചത്. മൂന്നുമാസം, ആറുമാസം, 9 മാസം അഡ്വാന്‍സ് ഓര്‍ഡറിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വിവാഹ ആഭരണങ്ങളിലൂടെ കല്യാണ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് വന്‍ ലാഭമാണ്. ഇതിന്റെ അമര്‍ഷമാണ് മറ്റു ജ്വല്ലറി ഉടമകള്‍ അല്‍ മുക്താദിറിന് എതിരെ സംഘടിച്ച് കള്ളപ്രചാരണം നടത്താന്‍ കാരണമെന്നായിരുന്നു മുഹമ്മദ് സലാം വിശദീകരിച്ചത്.

Tags:    

Similar News