കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്; 24 മണിക്കൂറിനിടെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ മൂന്നാമത്തെ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ക്കു പരുക്കേറ്റു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും 11 രാഷ്ട്രീയ റൈഫിള്‍സ് സംഘവുമെത്തിയത്.
ഭീകരര്‍ സ്ഥലത്തുണ്ടെന്നാണ് വിവരം. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയില്‍ തിരച്ചിലിനിടെ രാവിലെ ഒന്‍പതോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ശ്രീനഗറിലെ ഹര്‍വാന്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ ഏറ്റുമുട്ടലാണ് കശ്മീരിലുണ്ടായത്. പ്രദേശത്ത് മൂന്ന് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ കിഷ്ത്വാര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം രാത്രി ബാരാമുള്ളയിലാണ് ഏറ്റുമുട്ടലാരംഭിക്കുന്നത്. രാവിലെവരെ തുടര്‍ന്ന ബാരാമുള്ളയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. പിന്നാലെ ശ്രീനഗറില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു.
സുരക്ഷാ സേനയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത പട്രോളിങ്ങിനിടെയാണ് ശ്രീനഗറിലെ സബര്‍വന്‍ വനമേഖലയില്‍ ഏറ്റുമുട്ടലാരംഭിക്കുന്നത്. പിന്നാലെ കിഷ്ത്വാറിലും ആക്രമണമാരംഭിച്ചു. കിഷ്ത്വാര്‍ ജില്ലയിലെ ചാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായത്.
വ്യാഴാഴ്ച രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.