1994ല്‍ കുട്ടപ്പപ്പണിക്കരെ കല്ലുകൊണ്ട് അടിച്ചു കൊന്ന് ബോംബെയില്‍ എത്തി; അവിടെ നിന്നും സൗദിയിലും; കല്യാണം കഴിക്കാനുള്ള മോഹത്തില്‍ കാസര്‍ഗോഡുകാരനെന്ന് പറഞ്ഞ് ചെന്നിത്തലക്കാരിയെ കെട്ടിയതും കുറ്റപത്രം നല്‍കിയ 1997ല്‍; പാസ്‌പോര്‍ട്ടില്‍ പേരു മാറ്റാത്തത് വിനയുമായി; ചെറിയനാട്ടെ ജയപ്രകാശിനെ പോലീസ് സ്‌കെച്ചിട്ട കഥ

Update: 2025-09-22 16:44 GMT

ചെങ്ങന്നൂര്‍: ചെറിയനാട് അരിയന്നൂര്‍ ചെന്നങ്കോടത്തുവീട്ടില്‍ കുട്ടപ്പപ്പണിക്കരെ (71) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി 31 വര്‍ഷത്തിനുശേഷം പിടിയിലായത് പോലീസിന്റെ കരുതലോടെയുള്ള അന്വേഷണത്തില്‍. അരിയന്നൂര്‍ശേരി കുറ്റിയില്‍ പടീറ്റതില്‍ ജയപ്രകാശിനെ (57) യാണ് ചെങ്ങന്നൂര്‍ പൊലീസ് ഇയാളുടെ ഭാര്യവീടായ ചെന്നിത്തല ഒരിപ്രം ഇന്ദീവരത്തില്‍നിന്ന് പിടികൂടിയത്. പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ തുടരന്വേഷണത്തിനായി ജില്ലാപൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

1994 നവംബര്‍ 15ന് രാത്രി എഴിനാണ് അംഭവം. ജയപ്രകാശിന്റെ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ചതിന് കുട്ടപ്പപണിക്കരെ ജയപ്രകാശ് കല്ലുകൊണ്ട് മാരകമായി ഇടിച്ചു. നാലുദിവസം കഴിഞ്ഞാണ് ചെങ്ങന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുന്നത്. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 1994 ഡിസംബര്‍ 15ന് കുട്ടപ്പപ്പണിക്കര്‍ മരിച്ചു. പിറ്റേന്ന് മുംബൈയ്ക്ക് പോയ പ്രതി സൗദിയിലെ തന്റെ ജോലിസ്ഥലത്തേക്ക് മടങ്ങി.

ഒളിവിലായ പ്രതിക്കെതിരെ 1997 ഏപ്രില്‍ 30ന് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടതി നിരവധി തവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. 1999ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കൊലപാതകത്തിന് മൂന്നുവര്‍ഷത്തിനുശേഷം കാസര്‍കോട് സ്വദേശിയെന്ന് പറഞ്ഞ് ചെന്നിത്തല കാരാഴ്മയില്‍നിന്ന് ജയപ്രകാശ് വിവാഹം കഴിക്കുകയായിരുന്നു. ഇവിടത്തെ വിലാസം ഉപയോഗിച്ചാണ് ഇയാള്‍ പാസ്‌പോര്‍ട്ട് പുതുക്കിയത്. അവധിക്ക് നാട്ടിലെത്തുന്ന പ്രതി ചെറിയനാട്ടേക്ക് വന്നില്ല.

ജയപ്രകാശിനെ പിടിക്കാന്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ സിഐ എ സി വിപിന്റെ നേതൃത്വത്തില്‍ എസ്‌ഐ എസ് പ്രദീപ്, സിപിഒമാരായ ബിജോഷ-്കുമാര്‍, വിബിന്‍, കെ ദാസ് എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചിരുന്നു. പാസ്പോര്‍ട്ടില്‍ പേരുമാറ്റാത്തത് തുമ്പായിമാറുകയായിരുന്നു. സഹോദരി താമസിക്കുന്ന കാസര്‍കോട് കാഞ്ഞങ്ങാടും സഹോദരന്‍ താമസിക്കുന്ന പൂനെയിലും അന്വേഷണം നടത്തി ഇയാള്‍ സൗദിയില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ഇയാള്‍ ചെന്നിത്തലയില്‍ നിന്ന് വിവാഹം കഴിച്ചെന്ന വിവരം ലഭിച്ചു.

എല്ലാവര്‍ഷവും ഒരു മാസം അവധിയില്‍ ഇയാള്‍ ചെന്നിത്തലയില്‍ എത്തിയിരുന്നു. സെപ്തംബര്‍ രണ്ടിന് ഓണാവധിക്കു വന്ന പ്രതിയെ പൊലീസ് തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Similar News