ഇമാമിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും പള്ളി വളപ്പിലെ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് പള്ളിയില്‍ എത്തിയ കുട്ടികള്‍; അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് കണ്ടെത്തല്‍; ഇമാം ശാസിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിന് കാരണം

Update: 2025-10-12 04:58 GMT

ബാഗ്പത്: ബാഗ്പത്ത് ജില്ലയില്‍ ഇമാമിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും പള്ളി വളപ്പിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഗ്പത് ജില്ലയിലെ ഗംഗ്‌നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെണ്‍മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഇമാമിന്റെ ഭാര്യയും മക്കളുമാണ്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍.

സംഭവ നടക്കുന്ന സമയത്ത് ഇമാം ജോലിക്കായി ദേവ്ബന്ദില്‍ പോയിരിക്കുകയായിരുന്നു എന്നാണ് വിവരം. പള്ളിയിലേക്ക് എത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെയാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. ഇസ്രാനയെ കട്ടിലിനരികെ തൂങ്ങി കിടക്കുന്നതും കുട്ടികളെ രക്തത്തില്‍ കുളിച്ച നിലയിലുമാണ് കണ്ടത്. വാര്‍ത്ത അറിഞ്ഞതോടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയക്കാന്‍ ശ്രമിച്ചപ്പോള്‍ ഗ്രാമവാസികള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് പറഞ്ഞതോടെയാണ് ഇവര്‍ ശാന്തരായത്.

ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (മീററ്റ് റേഞ്ച്) കലാനിധി നൈതാനി കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ആദ്യ അന്വേഷണത്തില്‍ നിന്ന് ഇബ്രാഹിമിന്റെ കീഴില്‍ പഠിച്ചിരുന്ന രണ്ട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെയാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് മുമ്പ് ഇവര്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെ ഇമാം ശാസിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതികാരമാണെന്നാണ് പൊലീസ് പറയുന്നത്. 15, 16 വയസ്സുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

മുസാഫര്‍നഗര്‍ ജില്ലയിലെ സുന്ന ഗ്രാമത്തില്‍ നിന്നുള്ള ഇമാം ഇബ്രാഹിം കഴിഞ്ഞ നാല് വര്‍ഷമായി ഗംഗ്‌നൗളിയിലെ ബാദി മസ്ജിദില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഇസ്രാന പള്ളി വളപ്പില്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു.

Tags:    

Similar News