സാമിനൊപ്പം താമസിച്ച വിയറ്റ്നാം യുവതി ജെസിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ ഉള്ളടക്കമെന്ത്? ഫോണ്‍ പരിശോധനയില്‍ സാമിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണം സംഘം; അരുംകൊലയില്‍ കുറ്റബോധമില്ലാതെ പ്രതി; 'അവള്‍ കൊല്ലപ്പെടേണ്ടവളാണ്' എന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് സാം

സാമിനൊപ്പം താമസിച്ച വിയറ്റ്നാം യുവതി ജെസിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ ഉള്ളടക്കമെന്ത്?

Update: 2025-10-08 03:03 GMT

കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ അന്വേഷണം തുടരുകയാണ്. പ്രതി സാം ജോര്‍ജ്ജുമായി പോലീസ് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എംജി സര്‍വകലാശാല ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെടുത്ത ജെസിയുടെ ഫോണ്‍ വീണ്ടെടുത്തതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.

ഏറ്റുമാനൂര്‍- കുറവിലങ്ങാട് റോഡില്‍ രത്നഗിരി പള്ളിക്ക് സമീപം അല്‍ഫോന്‍സാ സ്‌കൂളിനോട് ചേര്‍ന്ന് റോഡരികിലുള്ള കപ്പടക്കുന്നേല്‍ വീടിന്റെ ഒന്നാംനിലയില്‍ മുന്‍പ് സാം കെ ജോര്‍ജിനൊപ്പം താമസിച്ചിരുന്ന വിയറ്റ്നാം യുവതി ജെസിയുമായി വാട്സ്ആപ്പില്‍ ചാറ്റ് ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റില്‍ നിന്ന് സാമിനെതിരായി കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വിയറ്റ്‌നാം യുവതിമായി നടത്തിയ ചാറ്റില്‍ ജെസി പറഞ്ഞത് എന്താണെന്നതാണ് അറിയേണ്ടത്.

ജെസിയെ കൂടാതെ ഇളയമകനെയും കൊല്ലാന്‍ സാം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ഫോണില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയാണ് പോലീസ്. അതിനിടെ വിയറ്റ്നാം, ഇറാന്‍, യുഎഇ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായി സാമിന് ബന്ധമുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരെ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

നേരത്തെ, എംജി യൂണിവേഴ്സിറ്റി ക്യാംപസിലെ പാറക്കുളത്തില്‍ 6 പേരടങ്ങിയ തിരച്ചില്‍ സംഘം ഒന്നര മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫോണ്‍ കണ്ടെത്തിയത്. കുളത്തിന്റെ പല ഭാഗങ്ങളിലും 60 അടിയിലേറെ താഴ്ചയുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സാമിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

കൊലക്കുറ്റത്തിനു പിടിയിലായിട്ടും സാമിന്റെ ക്രൂര മനോഭാവത്തില്‍ മാറ്റമില്ലെന്ന് പൊലീസ് പറഞ്ഞു. ആരെയും കൂസാത്ത ഭാവത്തിലാണ് സാം കെ ജോര്‍ജ്. 'അവള്‍ കൊല്ലപ്പെടേണ്ടവളാണ്' എന്ന് ചോദ്യം ചെയ്യലിനിടെ സാം പറഞ്ഞതായാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സാമിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളില്‍ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലീസ് പിന്നീട് വിട്ടയച്ചു.

കഴിഞ്ഞ മാസം 26-നാണ് ജെസിയെ സാം കെ. ജോര്‍ജ് കൊലപ്പെടുത്തിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടക്കുമ്പോള്‍ സാം ജെസിയുടെ നേര്‍ക്ക് പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയും തുടര്‍ന്ന് മുറിയിലേക്ക് വലിച്ചിഴച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹം ഇടുക്കി തൊടുപുഴയിലെ ചെപ്പുകുളത്ത് ഉപേക്ഷിച്ച പ്രതി, ഇറാനിയന്‍ യുവതിക്കൊപ്പം കടന്നുകളഞ്ഞു. പിന്നീട് ഇയാളെ മൈസൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സെപ്തംബര്‍ 26-ന് വൈകിട്ട് അമ്മയെ ഫോണില്‍ കിട്ടാതായതോടെ മക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്ക് ശേഷം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തല്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സഹായകമാകും.

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന രണ്ട് തോര്‍ത്തുകള്‍ പൊലീസ് കഴിഞ്ഞ ദിവസം കണ്ടടുത്തിരുന്നു. കാണക്കാരിയിലെ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സാം കെ.ജോര്‍ജ് ഈ തോര്‍ത്തുകള്‍ ഒളിപ്പിച്ചുവെച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. കാര്‍ കഴുകാന്‍ ഉപയോഗിച്ചിരുന്ന ചുവപ്പ്, വെള്ള നിറങ്ങളിലുള്ള തോര്‍ത്തുകളാണ് കണ്ടെടുത്തത്.

താന്‍ കാര്‍ കഴുകുന്നതിനിടെ യുവതിയുമായി വഴക്കുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് സാം പൊലീസിന് ആദ്യം മൊഴി നല്‍കിയത്. കണ്ടെടുത്ത തോര്‍ത്തുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരുന്നു.

Tags:    

Similar News