കപ്പലിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; പിന്നാലെ വിദേശത്തേക്ക് കടന്നു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയ പ്രതി പിടിയിൽ; കുടുങ്ങിയത് വിമാനത്താവളത്തിറങ്ങി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
ചാരുംമൂട്: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടി വിദേശത്തേക്ക് കടന്ന യുവാവിനെ കുടുക്കിയത് പൊലീസിന്റെ സുപ്രധാന നീക്കം. തുർക്കി ആസ്ഥാനമായ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം ചെയ്ത് പ്രതി ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നു. കേസിൽ കാസർകോട് പെർള പോസ്റ്റൽ അതിർത്തി ജീലാനി മൻസിലിൽ അഹമ്മദ് അസ്ബക്കിനെയാണ് (28) മംഗളൂരു വിമാനത്താവളത്തിൽനിന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം പാവുമ്പ സ്വദേശിയെ കബളിപ്പിച്ചാണ് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. മുംബൈയിൽ മർച്ചന്റ് നേവി കോഴ്സ് ചെയ്ത യുവാവിന് ബംഗളൂരുവിലെ റിക്രൂട്ട്മെൻറ് സ്ഥാപനത്തിൽനിന്ന് തുർക്കി കമ്പനിയുടെ കപ്പലിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന ഓഫർ ലെറ്റർ വന്നു. തുടർന്ന് പ്രതിയുടെ സ്ഥാപനവുമായി യുവാവും സുഹൃത്തുക്കളും ബന്ധപ്പെടുകയായിരുന്നു. പിന്നീട് യുവാവിനെയും സുഹൃത്തുക്കളെയും ഇയാൾ ഇൻറർവ്യൂ നടത്തുകയും സർട്ടിഫിക്കറ്റ് വാങ്ങി പരിശോധന നടത്തുകയും ചെയ്തു. ഇതിനിടയിൽ ഏഴ് ലക്ഷം രൂപ അക്കൗണ്ടിൽ കൈപ്പറ്റി.
പിന്നീട് ഇയാളെ വിളിച്ചാൽ കിട്ടാതാതോടെ യുവാവ് നൂറനാട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപീകരിച്ചായിരുന്നു അന്വേഷണം. നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ദുബൈയിലേക്ക് കടന്നുവെന്ന് കണ്ടെത്തി. ഇതോടെ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
നവംബർ 24ന് ദുബൈയിൽനിന്ന് വന്ന് മംഗളൂരുവിൽ ഇറങ്ങി ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എസ്. നിതീഷ്, എസ്.ഐ സുഭാഷ് ബാബു, എ.എസ്.ഐ സിനു വർഗീസ്, ജെ. അജിത കുമാരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ എച്ച്. സിജു, സിവിൽ പൊലീസ് ഓഫിസർ ആർ.എസ്. വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തൃശൂർ വലപ്പാട്, പാലക്കാട്, കോങ്ങാട്, എറണാകുളം, കല്ലൂർക്കാട്, താനൂർ, പൊന്നാനി, പുളിങ്കുന്ന്, കുണ്ടറ, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.