നൈജീരിയ, സൗദി എയര്‍പോര്‍ട്ടുകളില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി; ശമ്പളം 2500 യുഎസ് ഡോളര്‍; സ്ഥാപനത്തിന്റെ പേരില്‍ നിയമന ഉത്തരവും നല്‍കി; മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ഇല്ല; ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ തട്ടിപ്പുകാരന്‍ അറസ്റ്റില്‍

Update: 2025-03-07 06:43 GMT

തിരുവനന്തപുരം: നൈജീരിയ, സൗദി എയര്‍പോര്‍ട്ടുകളില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തട്ടിപ്പുകാരന്‍ അറസ്റ്റില്‍. തൈക്കൂടം സില്‍വര്‍ സാന്‍ഡ് ഐലന്റില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന ഡോണ്‍ സൈമണ്‍ തോമസ് (57)നെയാണ് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ നിരവധി ആളുകളെ പറ്റിച്ചിട്ടുണ്ടെന്നാണ് വിവരം. വങ്ങാനൂര്‍ സ്വദേശികളായ അരുണ്‍, അഭിജിത്ത് എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ വര്‍ഷമാണ് സംഭവം. ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പല തവണയായാണ് പണം തട്ടിയത്. 2500 യു.എസ് ഡോളര്‍ ശമ്പളം വാഗ്ദാനം ചെയ്ത് സ്ഥാപനത്തിന്റെ പേരില്‍ നിയമന ഉത്തരവും നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതി നല്‍കിയത്. പ്രതി പിടിയിലായതോടെ തൃശൂരില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ പരാതിയുമായി വിളിക്കുന്നുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

70 ഓളം പേര്‍ കബളിപ്പിക്കലിന് ഇരയായെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ടാണ് പലരും പറ്റിക്കലിന് ഇരയായത്. പ്രതിയുടെ പേരില്‍ സംസ്ഥാനത്ത് പലയടങ്ങളിലും സമാനകേസ് ഉള്ളതായി പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയ ശേഷം സ്ഥിരമായി ഒരിടത്ത് തങ്ങാതെ പല സ്ഥലങ്ങളിലും മാറി മാറി പോകുകയാണ് രീതി. ഇതര സംസ്ഥാനങ്ങളിലും കേസ് ഉള്ളതിനാല്‍ അന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം.

Tags:    

Similar News