വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് തുക കൈപ്പറ്റി; ബാക്കി തുക ജോലി ലഭിച്ചിട്ട് മതിയെന്ന കൂളിമുട്ടത്തുകാരിയുടെ വാഗ്‌ദാനത്തിൽ വീണത് നിരവധി ഉദ്യോഗാർത്ഥികൾ; പണത്തിനായി വിളിക്കുമ്പോൾ ഫോൺ പോലും എടുക്കാതെയായി; 'യുകെ ഹോം കെയർ' വിസ തട്ടിപ്പിൽ തുമ്പില്ലാതെ പോലീസ്
തൃശൂർ: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിലെ പ്രതികൾക്കായി ഇരുട്ടിൽ തപ്പി പോലീസ്. യുകെയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. കൂളിമുട്ടം സ്വദേശി സായ, ഭർത്താവ് സത്യചന്ദ്രൻ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതിലകം സ്വദേശികളായ നവനീത്, അഫ്സൽ എന്നിവർ നൽകിയ പരാതിയിലാണ് മതിലകം പോലീസ് കേസെടുത്തത്. 1 ലക്ഷത്തിൽപരം രൂപയാണ് ഇരുവർക്കും നഷ്ടമായത്. സമാനമായി നിരവധി പേരെ പ്രതികൾ തട്ടിപ്പിനിരയാക്കിയതായാണ് സൂചന.
ചാലക്കുടിയുള്ള സുഹൃത്ത് വഴിയാണ് പരാതിക്കാരൻ കേസിലെ ഒന്നാം പ്രതിയായ സായയുടെ ഫോൺ നമ്പർ ലഭിക്കുന്നത്. വിദേശത്ത് ജോലിക്കായി സായ വിസ തരപ്പെടുത്തി നല്കാറുണ്ടെന്ന് സുഹൃത്ത് പരാതിക്കാരനോട് പറഞ്ഞിരുന്നു. തുടർന്നാണ് പരാതിക്കാരൻ സായയെ ബന്ധപ്പെടുന്നത്. വക്കീലാണെന്നായിരുന്നു സായ പരാതിക്കാരോട് പറഞ്ഞിരുന്നത്. പിന്നീടാണ് നവനീതിന്റെ സഹപാഠി കൂടിയായിരുന്നു സത്യചന്ദ്രന്റെ ഭാര്യയാണ് സായയെന്ന വിവരം പരാതിക്കാരൻ മനസ്സിലാക്കുന്നത്.
ഇതിന്റെ വിശ്വാസത്തിലാണ് പരാതിക്കാരൻ വിസയ്ക്കായി പണം നൽകുന്നത്. യുകെയിൽ മികച്ച വേതനമുള്ള ഹോം കെയർ ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്‌ദാനം. ആദ്യം 50,000 രൂപ മാത്രം മതിയെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. ബാക്കി തുക ജോലി ലഭിച്ചതിന് ശേഷം നൽകണം എന്നതായിരുന്നു കരാർ. എന്നാൽ പിന്നീട് ഒരു ലക്ഷം രൂപ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. വിസയുടെ ആവശ്യവുമായി പരാതിക്കാർ നിരവധി തവണ ബന്ധപ്പെട്ടിരുന്നു.
ആദ്യമൊക്കെ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയ പ്രതികൾ പിന്നീട് ഫോൺ വിളിച്ചാൽ പോലും എടുക്കാതായി. ഇതോടെയാണ് പരാതിക്കാർ തട്ടിപ്പ് തിരിച്ചറിയുന്നത്. കഴിഞ്ഞ നവംബർ 27നാണ് പരാതിക്കാരൻ പണം നൽകുന്നത്. പണം കൈപ്പറ്റി 6 മാസം കഴിഞ്ഞിട്ടും വിസയോ തുകയോ ലഭിക്കാതായതോടെയാണ് പരാതിക്കാർ പോലീസിനെ സമീപിക്കുന്നത്. കേസിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഭാരതീയ ന്യായ സംഹിതയിൽ 316(2),318(4) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.