ഭാര്യയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയത് ഞായറാഴ്ച്ച; ഇന്നലെ രാത്രിയില്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത് ആരൊക്കെ? പോലീസ് നായ മണം പിടിച്ച് ഓടിയത് ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക്; ജോബിയുടെ ശരീരത്തില്‍ മുറിപാടുകള്‍; രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം; റാന്നിയില്‍ ബന്ധുവീട്ടിലെ യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്

റാന്നിയില്‍ ബന്ധുവീട്ടിലെ യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരളഴിക്കാന്‍ പോലീസ്

Update: 2025-05-16 12:19 GMT

റാന്നി: ബന്ധുവീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ ദുരൂഹത. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത് ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. വടശ്ശേരി പേങ്ങാട്ടുപീടികയില്‍ പരേതനായ അലക്സാണ്ടറിന്റെ മകന്‍ ജോബി (38) ആണ് കൊല്ലപ്പെട്ടത്. റാന്നി പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവ് റെജിയുടെ വീട്ടിലാണ് മരിച്ചു കിടന്നത്.

ജോബിയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് റെജി. റാന്നിയില്‍ വാന്‍സെയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജോബി. കരികുളത്ത് ഭാര്യയുടെ വീട്ടിലാണ് ജോബി താമസിച്ചിരുന്നത്. മുന്‍പ് മെഡിക്കല്‍ റപ്പായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച്ച വഴക്കുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങി പോയതാണ് ജോബിയെന്ന് ഭാര്യ പറഞ്ഞു. ആരുമായും നിലവില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയില്‍ ആരൊക്കെ ഈ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അറിയണമെന്ന് മാതാവ് പറഞ്ഞു.


 



അതേസമയം കൂടുതല്‍ പേര്‍ മദ്യപിക്കുന്നതിനായി ഇവിടെ ഉണ്ടായിരുന്നു എന്നാണ് സൂചനകള്‍. അവരെ കണ്ടെത്തണം. തന്റെ വീട്ടില്‍ ജോബി താഴത്തെ നിലയില്‍ മരിച്ചു കിടക്കുന്നതായി റെജി തന്നെയാണ് രാവിലെ ആറ് മണിയോടെ വാര്‍ഡംഗത്തെ വിളിച്ചറിയിക്കുന്നത്. വാര്‍ഡംഗം ശ്രീജ മോള്‍ വിവരം പോലീസിനെ അറിയിച്ചു. രാവിലെ തന്നെ റെജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. റെജിക്കൊപ്പം ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. രാത്രിയില്‍ മുകളിലത്തെ നിലയിലായിരുന്നു താനെന്ന് റെജി പറഞ്ഞു.

ബൈക്കപകടത്തില്‍ റെജിയുടെ ഒരു കാല് ഒടിഞ്ഞതാണ്. അവിവാഹിതനായ റെജി ഒറ്റയ്ക്കാണ് താമസം. സംഭവ സ്ഥലത്തു നിന്നും പോലീസ് നായ ഒന്നര കിലോമീറ്റര്‍ ദൂരം എത്തിയാണ് നിന്നത്. ഇത് പ്രതികള്‍ താമസിക്കുന്ന സ്ഥലത്ത് എന്നാണ് സൂചന. ഇരുനില വീടിന്റെ താഴത്തെ നിലയില്‍ ഹാളിലാണ് ജോബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിപാടുകളുമുണ്ടായിരുന്നു. രരക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ പോലീസ് ആയുധങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.


 



ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിഭാഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോന്നി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. സംസ്‌ക്കാരം നാളെ നടത്തും. ഭാര്യ: അന്‍സു. രണ്ട് മക്കളുണ്ട്. റാന്നി പോലീസിനാണ് അന്വേഷണ ചുമതല.


Full View


Tags:    

Similar News