കെ എം ജ്വല്ലറി കവര്‍ച്ചാ കേസ്: കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ 9 പേര്‍ കൂടി പിടിയില്‍; അകത്തായവരില്‍ ജീവപര്യന്തം തടവ് കേസില്‍ പരോളിന് ഇറങ്ങിയ പ്രതിയും; സംഭവത്തിന്റെ പിന്നാമ്പുറ കഥ

കെ എം ജ്വല്ലറി കവര്‍ച്ചാ കേസിന്റെ പിന്നാമ്പുറ കഥ

Update: 2024-11-25 17:11 GMT

മലപ്പുറം: കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നവരില്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് കഴിയുന്നതിനിടെ പാരോളിലിറങ്ങിയ വിപിനും. കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ചും മുഖത്ത് ഇടിച്ച് വീഴ്ത്തിയും പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളെ അക്രമിച്ച് മൂന്നര കിലോം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ഒമ്പതുപേര്‍ കൂടി അറസ്റ്റിലായി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതക കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന കണ്ണൂര്‍ കൂത്തുപറമ്പ് പാറക്കെട്ട് വീട്ടില്‍ വിപിന്‍ എന്ന 36കാരനാണ് ഇതില്‍ ഒരാള്‍. ഇയാള്‍ കഴിഞ്ഞ ദിവസമാണു കൊലക്കേസില്‍ 15 ദിവസത്തേക്ക് പരോളിനിറങ്ങിയത്. തൊട്ടുപിന്നാലെയാണു ഈകേസിലുംപെട്ടത്.

ഇയാള്‍ക്കുപുറമെ, കോഴിക്കോട് താമരശേരി അടിവാരം ആലംപടി ശിഹാബുദ്ദീന്‍ (28), പുത്തന്‍ വീട്ടില്‍ അനസ് (27), കണ്ണൂര്‍ പിണറായി എരുവെട്ടിയിലെ കിഴക്കേപറമ്പത്ത് അനന്തു (28), തൃശൂര്‍ വെള്ളാനിക്കര കൊട്ടിയാട്ടില്‍ സലീഷ് (35), കിഴക്കുംപാട്ടുകര പട്ടത്ത് മിഥുന്‍ എന്ന അപ്പു (37), പാട്ടുറക്കല്‍ കുറിയേടത്ത് മനയില്‍ അര്‍ജുന്‍ (28), പീച്ചി ആലപ്പാറ പയ്യംകോട്ടല്‍ സതീഷ് (46), കണ്ണറ കുഞ്ഞിക്കാവില്‍ ലിസണ്‍ (31) എന്നിവരെയാണ് കണ്ണൂര്‍, തൃശൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരാജ് വീട്ടില്‍ നിജില്‍ രാജ് (35), ആശാരിക്കണ്ടിയില്‍ പ്രഭിന്‍ലാല്‍ (29), തൃശൂര്‍ വരന്തരപ്പള്ളി കളിയങ്ങര സജിത്ത് കുമാര്‍ (39), എളവള്ളി സ്വദേശി കോരാം വീട്ടില്‍ നിഖില്‍ (29) എന്നിവരെ കവര്‍ച്ച നടന്ന ദിവസം രാത്രി വൈകി തൃശൂര്‍ പോലീസ് പിടികൂടിയിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടരയോടെ പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ കെ.എം. ജ്വല്ലറി അടച്ച് ഉടമകള്‍ പട്ടാമ്പി റോഡിലെ വീട്ടിലേക്ക് തിരിക്കുമ്പോഴായിരുന്നു കവര്‍ച്ച. ഉടമകളായ കിനാതിയില്‍ യൂസുഫ്, സഹോദരന്‍ ഷാനവാസ് എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ കാറില്‍ പിന്തുടര്‍ന്ന് പട്ടാമ്പി റോഡില്‍ കാര്‍ വിലങ്ങിട്ട് സ്‌കൂട്ടര്‍ മറിച്ചിട്ട് ഇരുവരുടെയും കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ച് മുഖത്ത് ഇടിച്ച് വീഴ്ത്തിയാണ് സ്വര്‍ണമടങ്ങിയ ബാഗുകള്‍ കവര്‍ന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തി തൃശൂരില്‍ വെച്ച് മദ്യപിച്ചെത്തിയവര്‍ വന്ന കാര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലുണ്ടായിരുന്നവരാണ് സംഭവ ദിവസം പിടിയിലായ നാലു പേര്‍. മലപ്പുറം പോലീസ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ജ്വല്ലറി കവര്‍ച്ചയില്‍ ചുരുളഴിഞ്ഞത്. ജയിലിനകത്തുവെച്ച് പരിചയപ്പെട്ട ശിഹാബ്, അനസ് എന്നിവര്‍ വഴിയാണ് പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയെക്കുറിച്ച് വിപിന്‍ വിവരങ്ങളറിഞ്ഞത്.

വിപിന്‍ തന്റെ നാട്ടില്‍ തന്നെയുള്ളതും സമാന കേസുകളില്‍ പ്രതിയുമായ അനന്തു മുഖേന കണ്ണൂര്‍, തൃശൂര്‍ മേഖല കേന്ദ്രീകരിച്ചുള്ള സംഘത്തെ അറിയിച്ചു. സംഘത്തില്‍പെട്ട നിജില്‍രാജ്, സലീഷ് എന്നിവര്‍ പെരിന്തല്‍മണ്ണയില്‍ എത്തി ജ്വല്ലറിയും വീടും ഉടമകള്‍ പോവുന്ന സമയവും പരിസരങ്ങളും നിരീക്ഷിച്ച ശേഷം 21ന് വൈകീട്ട് നാലിന് ഒമ്പതു പേരടങ്ങിയ സംഘം കാറില്‍ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ കാത്തു നിന്നു. രാത്രി എട്ടരയോടെ ജ്വല്ലറി ഉടമകള്‍ കടയടച്ച് വരുമ്പോള്‍ കൃത്യം നടത്തുകയായിരുന്നു. ഇതില്‍ നേരിട്ട് പങ്കെടുത്ത ഒമ്പതില്‍ ആറു പേര്‍ തൃശൂരുകാരും മൂന്നു പേര്‍ കണ്ണൂരുകാരുമാണ്. കുറച്ച് സ്വര്‍ണം ഉരുക്കി വില്‍പന നടത്തിയിട്ടുണ്ട്. ഇതി ന്റെ വിലയടക്കം 2.2 കി.ഗ്രാം സ്വര്‍ണം കണ്ടെത്തി. കൃത്യത്തില്‍ പങ്കാളികളായ നാലുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ടെന്ന് മലപ്പുറം എസ്.പി. ആര്‍. വിശ്വനാഥ്, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി ടി.കെ. ഷൈജു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News