ആറു മാസം മുന്‍പുണ്ടായ അപകടത്തിന് പിന്നാലെ സ്‌കൂള്‍ ബസ് ഡ്രൈവറെ കാണാതായി; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ തിരക്കിട്ട അന്വേഷണം; അജ്ഞാത മൃതദേഹങ്ങള്‍ വരെ പരിശോധിച്ച് പോലീസ്; കടമ്പനാട്ടുകാരന്‍ തുളസീധരന്‍ പിള്ള പോയതെങ്ങോട്ട്?
കടമ്പനാട്ടുകാരന്‍ തുളസീധരന്‍ പിള്ള പോയതെങ്ങോട്ട്?
പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ ഇടിച്ച് ഉണ്ടായ അപകടത്തിന് പിന്നാലെ അപ്രത്യക്ഷനായ സ്‌കൂള്‍ ബസ് ഡ്രൈവറെ ആറുമാസമായിട്ടും കണ്ടെത്താന്‍ കഴിയാതെ പോലീസിന്റെ പരക്കം പാച്ചില്‍. മകള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതിയും കടുപ്പിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എന്നിട്ടും ഒരു തുമ്പുമില്ല. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ നേരിട്ട് അന്വേഷിക്കുന്ന കേസിന്റെ മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറാണ്.
കടമ്പനാട് വടക്ക് മലയിലരികത്ത് തുഷാര മന്ദിരം തുളസിധരന്‍പിള്ള (77)യെ ജൂണ്‍ നാലിനാണ് കാണാതായത്. കടമ്പനാട് കെആര്‍കെപിഎം സ്‌കൂളിന്റെ ബസിലെ ഡ്രൈവറാണ് ഇദ്ദേഹം. ബസിന്റെ ടെസ്റ്റിന്റെ പണി കഴിഞ്ഞു വരവേ കടമ്പനാട് കുഴിയാലയില്‍ വച്ച് നാലിന് രാവിലെ 11.15 ന് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. ഓട്ടോയില്‍ യാത്രചെയ്ത പുരുഷനും സ്ത്രീക്കും ഗുരുതര പരുക്കു പറ്റിയിരുന്നു. പരുക്കേറ്റ ശിവാനന്ദന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. അപകടം നടന്നയുടന്‍ തുളസിധരന്‍പിള്ളയെ സ്ഥലത്തു നിന്നും കാണാതായതാണ്. ഏനാത്ത് പോലീസ് ഇയാളെ പ്രതിയാക്കി കേസെടുത്തിരുന്നു.
ജൂണ്‍ ഏഴിന് മകള്‍ തുഷാര നല്‍കിയ മൊഴിപ്രകാരമാണ് ഏനാത്ത് പോലീസ് തിരോധാന കേസ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചടി ഉയരമുള്ള തുളസിധരന്‍ പിള്ള കാണാതാവുമ്പോള്‍ ധരിച്ചിരുന്നത് കടുത്ത പച്ച നിറത്തിലുള്ള ഫുള്‍കൈ ഷര്‍ട്ടും വെള്ളമുണ്ടും വെള്ളത്തോര്‍ത്തുമായിരുന്നു. എസ്.ഐ വിജിത് കെ നായരാണ് മൊഴിവാങ്ങി കേസെടുത്തത്. പ്രാഥമികമായി ചെയ്യേണ്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി, ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. പത്രങ്ങളില്‍ വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ഇയാള്‍ പോകാന്‍ സാധ്യതയുള്ള ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണമാണ്
സ്‌കൂള്‍ അധികൃതര്‍, ജീവനക്കാര്‍, ബന്ധുക്കള്‍ തുടങ്ങി നിരവധി ആളുകളില്‍ നിന്നും മൊഴിയെടുത്തും വൃദ്ധമന്ദിരങ്ങളില്‍ തെരഞ്ഞും പോലീസിന്റെ മിസ്സിംഗ് പോര്‍ട്ടല്‍, ക്രിമിനല്‍ ഇന്റലിജിന്‍സ് ഗസറ്റ് തുടങ്ങിയവയില്‍ ഫോട്ടോയും വിശദവിവരങ്ങളും കാണിച്ച് പ്രസിദ്ധീകരിച്ചും സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശങ്ങള്‍ കൈമാറിയും, അജ്ഞാത മൃതദേഹങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ചും അന്വേഷണം വ്യാപിപ്പിച്ചു. എല്ലായിടത്തും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു.
മകള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിനെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനാക്കി 16 അംഗ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപകമാക്കി. ഒക്ടോബര്‍ 11 ന് അന്വേഷണം ഏറ്റെടുത്ത ജില്ലാ പോലീസ് മേധാവി, അന്വേഷണ പുരോഗതി അടിക്കടി വിലയിരുത്തുന്നുണ്ട്. പോലീസ് സംഘം ലുക്ക് ഔട്ട് നോട്ടീസ് തയാറാക്കി പൊതു ഇടങ്ങളിലും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചും, ഡ്രൈവര്‍മാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പല മേഖലകളിലുള്ള ആളുകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഫോട്ടോയും വിവരങ്ങളും പങ്കുവച്ചും അന്വേഷണം തുടര്‍ന്നു. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് പരിശോധിച്ചിരുന്നു.
കാണാതായ ജൂണ്‍ നാലിന് ശേഷം അക്കൗണ്ടില്‍ ഇടപാടുകള്‍ നടന്നിട്ടില്ല എന്ന് പോലീസ് കണ്ടെത്തി. സര്‍ക്കാരിന്റെ പെന്‍ഷന്‍ തുകയും മൂന്നുമാസമായി കൈപ്പറ്റിയിട്ടില്ല എന്നും വെളിവായി. ഈ തുക സര്‍ക്കാറിലേക്ക് തിരികെ അടച്ചതായും വെളിപ്പെട്ടു. സംസ്ഥാനത്തിനകത്തും പുറത്തും ഇയാള്‍ പോകാന്‍ സാധ്യതയുള്ള ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണമാണ് പോലീസ് സംഘം നടത്തിയത്.
ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തുകയും ലുക്ക് ഔട്ട് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ ബസ് സ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചും തെരച്ചില്‍ തുടര്‍ന്നു. രാമേശ്വരം, പഴനി,മധുര, തുടങ്ങിയ ക്ഷേത്രങ്ങളിലും പരിസരങ്ങളിലും അന്വേഷണം നടത്തി. വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിലെത്താനുള്ള സാധ്യതയും പരിശോധിച്ചു. ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ശ്രീധരന്‍ പിള്ള ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരിന്റെ ആല്‍റ്റര്‍നേറ്റീവ് നമ്പരിന്റെ സി ഡി ആര്‍ പരിശോധിച്ചതില്‍, പാലക്കാടുള്ള ഒരാളുടെ വിലാസം കണ്ടതിനെതുടര്‍ന്ന് അവിടെ നടത്തിയ അന്വേഷണത്തില്‍ ഫലമുണ്ടായില്ല.
സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ആയ അസ്വഭാവിക മരണത്തിന് എടുത്ത കേസുകളും പരിശോധിച്ചിരുന്നു.
തമിഴ് നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഗുജറാത്ത്,മഹാരാഷ്ട്ര,ജമ്മു കാശ്മീര്‍ ഒറീസ തുടങ്ങി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. ഇവിടങ്ങളിലെയൊക്കെ പോലീസ് ഗ്രൂപ്പുകളിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലും മറ്റും തുളസീധരന്‍ പിള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും അന്വേഷണം നടത്തുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പോലീസുദ്യോഗസ്ഥര്‍ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിവരങ്ങള്‍ കൈമാറി. മുമ്പ് വൈക്കോല്‍ ലോറിയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നതിനാല്‍, അത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിവരങ്ങള്‍ പങ്കുവയ്ക്കുകയും, തെന്മല, ആര്യങ്കാവ്, പുളിയറ, തെങ്കാശി തുടങ്ങിയ ഇടങ്ങളിലും ദിവസങ്ങളോളം പോലീസ് ഉദ്യോഗസ്ഥര്‍ തെരയുകയും ചെയ്തുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തെങ്കാശിയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, ഈ വര്‍ഷം ജൂണ്‍ മുതല്‍ റിപ്പോര്‍ട്ട് ആയ തിരിച്ചറിയാത്ത മൃതശരീരങ്ങള്‍ കണ്ടെത്തിയതിന് എടുത്ത കേസുകളുടെ വിവരങ്ങളും പരിശോധിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ പോലീസ് ഉദ്യോഗസ്ഥര്‍ തുളസിധരന്‍ പിള്ളയുടെ ഫോണ്‍ നമ്പര്‍ നിരന്തരം നിരീക്ഷിച്ചിരുന്നു, എന്നാല്‍ സംഭവദിവസത്തിന് ശേഷം ഈ നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള അന്വേഷണത്തില്‍ 16 അംഗ പ്രത്യേകസംഘം തുളസിധരന്‍ പിള്ളക്ക് വേണ്ടിയുള്ള തെരച്ചില്‍ വ്യാപകമാക്കി അന്വേഷണം തുടരുകയാണ്. അടൂര്‍ ഡി വൈ എസ് പി ക്ക് പുറമെ, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്, ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജെ അമൃത സിംഗ് നായകം, അടൂര്‍ എസ് ഐ മാരായ ബാലസുബ്രഹ്‌മണ്യന്‍, കെ എസ് ധന്യ, ഏനാത്ത് എസ് ഐ മനീഷ്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബി എസ് ആദര്‍ശ്, ജില്ലാ ലീഗല്‍ സെല്‍ ഗ്രേഡ് എസ് ഐ അജികുമാര്‍, വിവിധ പോലീസ് സ്റ്റേഷനുകളിലെയും യൂണിറ്റുകളിലേയും പോലീസ് ഉദ്യോഗസ്ഥരായ ആര്‍ രാജേഷ്, അഖില്‍ ചന്ദ്രന്‍, സുനില്‍കുമാര്‍, ശ്യാം കുമാര്‍, അനൂപ്, സിന്ധു, അബ്ദുല്‍ മജീദ്, രാഹുല്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.
തുളസിധരന്‍ പിള്ളയെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടൂര്‍ ഡി വൈ എസ് പി (ഫോണ്‍ 9497990034), എസ് എച്ച് ഓ ഏനാത്ത് (9497947142), ഏനാത്ത് പോലീസ് സ്റ്റേഷന്‍ ( 9497908364) എന്നിവയില്‍ ഏതെങ്കിലും നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.