'എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും, പക്ഷെ എന്റെ... നിനക്ക് മാപ്പില്ല; കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നുറപ്പ്': കണ്ണൂര്‍ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ചുകൊല്ലും മുമ്പ് ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ട് പ്രതി സന്തോഷ്; തോക്ക് പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും ഒപ്പം; ഫോണില്‍ ഭീഷണി മുഴക്കുന്നതും പതിവായിരുന്നു എന്ന് പൊലീസ്; രാധാകൃഷ്ണന്റെ കൊലപാതകം ആസൂത്രിതം

കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ചുകൊന്നത് ആസൂത്രിതമായി

Update: 2025-03-20 17:29 GMT

കണ്ണൂര്‍: ജില്ലയിലെ പയ്യന്നൂര്‍ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ചുകൊന്നത് ആസൂത്രിതമായി.പ്രതി സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണനും(49) തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കൊലയ്ക്ക് മുമ്പ് സന്തോഷ് ഫേസ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തു. വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥാമിക വിവരം. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു. 'കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നുറപ്പ് ' എന്നായിരുന്നു പോസ്റ്റ്. കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് തോക്ക് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്


Full View

പ്രതി ഫോണില്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. രാധാകൃഷ്ണന്റെ നെഞ്ചിലേറ്റ വെടിയാണ് മരണ കാരണം. രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. വൈകുന്നേരം 7.30 ഓടെയായിരുന്നു സന്തോഷ് രാധാകൃഷ്ണന്റെ പണി നടക്കുന്ന വീട്ടില്‍ എത്തുന്നത്. ഇവിടെ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.


Full View

കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ സ്വദേശം ഇരിക്കൂര്‍ കല്യാട്ട് ആണ്. കഴിഞ്ഞ കുറേ കാലമായി കൈതപ്രത്തായിരുന്നു ഇയാള്‍ താമസിച്ചു വരുന്നത്. ഇവിടെയാണ് പുതിയ വീട് നിര്‍മ്മിക്കുന്നത്. പ്രതി സന്തോഷ് ഇവിടെ എത്തിയത് മദ്യപിച്ചാണെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് തോക്ക് ലൈസന്‍സ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിര്‍മാണ കരാറുകാരനാണ് സന്തോഷ്. പന്നിയെ വെടിവയ്ക്കുന്നതിന് ഉള്‍പ്പെടെ ഉപയോഗിക്കുന്ന തോക്ക് ഉപയോഗിച്ചാണ് വെടിവച്ചിരിക്കുന്നത്.

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഇഷ്ടിക നനയ്ക്കാനായി കുട്ടിയോടൊപ്പം എത്തിയപ്പോഴാണ് രാധാകൃഷ്ണനെ മദ്യലഹരിയിലെത്തിയ സന്തോഷ് വെടിവെച്ചത്. ഇത് കണ്ട് ഭയന്ന് കുട്ടി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സമീപത്തെ വോളീബോള്‍ കോര്‍ട്ടില്‍ കളിക്കുകയായിരുന്ന ആളുകളാണ് കെട്ടിടത്തില്‍ നിന്ന് വെടിയൊച്ച കേട്ടതും വിവരം മറ്റുള്ളവരെ അറിയിച്ചത്.പൊലീസ് എത്തിയപ്പോള്‍ കെട്ടിടത്തിന് പുറത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത പെരുമ്പടവ് പഞ്ചായത്തിലെ അംഗമാണ് കസ്റ്റഡിയിലുള്ള ആളാണെന്ന് സുജിത് പറയുന്നു. കാട്ടുപന്നികളെ വെടിവയ്ക്കുന്ന റസ്‌ക്യൂ സംഘത്തിലെ അംഗമാണ് കസ്റ്റഡിയിലുള്ള ആളെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇരുവരും തമ്മില്‍ എന്തോ ഒരു തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസില്‍ പരാതി നിലനില്‍ക്കുന്നതായിട്ടാണ് പൊലീസ് പറയുന്നു.


Tags:    

Similar News