കളമശ്ശേരിയിലെ 'കഞ്ചാവ് കച്ചവടം' നിയന്ത്രിച്ചത് ബംഗാളുകാരന്‍; ഇതര സംസ്ഥാനക്കാരന്‍ വന്‍ മാഫിയാ റാക്കറ്റിന്റെ ഭാഗം; ആറു മാസം മുമ്പേ ഹോസ്റ്റലില്‍ കഞ്ചാവ് എത്തി; ഓണ്‍ലൈനായും ഇടപാടുകള്‍; ആ പ്രിന്‍സിപ്പല്‍ നല്‍കിയ വിവരം പൊളിച്ചത് വമ്പന്‍ സംഘത്തിന്റെ കച്ചവടം

Update: 2025-03-18 03:30 GMT

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവുകേസില്‍ കഞ്ചാവ് കൈമാറിയ ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊര്‍ജിതം. ഇയാളെക്കുറിച്ച് യാതൊരു വിവരവും പോലീസിനു ലഭ്യമായിട്ടില്ല. ഇയാള്‍ വന്‍ മാഫിയാ സംഘത്തിന്റെ ഭാഗമാണെന്നാണ് സൂചന. കൊച്ചിയിലെ പല ഹോസ്റ്റലുകളിലും ഇയാള്‍ കഞ്ചാവ് എത്തിച്ചു നല്‍കാറുണ്ടെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

ഒളിവില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അതുകൊണ്ടുതന്നെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസിന് അന്വേഷണം നടത്താനായിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളിയാണ് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്നാണ് അറസ്റ്റിലായ ആഷിക്കിന്റെയും ഷാലിഖിന്റെയും മൊഴി. അതേസമയം കഴിഞ്ഞദിവസം പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്നാംവര്‍ഷ വിദ്യാര്‍ഥി അനുരാജിനെ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.

അനുരാജ്, പൂര്‍വവിദ്യാര്‍ഥികളായ ആഷിക്, ശാലിഖ് എന്നിവരടങ്ങുന്ന സംഘമാണ് ലഹരി ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കോളജ് ഹോസ്റ്റല്‍ മറയാക്കി പ്രതികള്‍ ആറു മാസം മുമ്പ് മുതല്‍തന്നെ കഞ്ചാവ് ഇടപാട് തുടങ്ങിയിരുന്നു. കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഏഴുതവണ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതായി പ്രതികള്‍ സമ്മതിച്ചു. ആറുമാസം മുന്‍പാണ് കഞ്ചാവ് ഇടപാട് തുടങ്ങിയതെന്നും ഹോസ്റ്റലില്‍ ലഹരി ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നത് അനുരാജാണെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ പലരില്‍നിന്നും പണം സമാഹരിച്ചിരുന്നു. ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കുന്നതിനായി ഓണ്‍ലൈന്‍ പണമിടപാടിലൂടെ 16,000 രൂപ സമാഹരിച്ചു.

ഈ തുക പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് അനുരാജ് കൈമാറിയെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനല്ലാതെ നേരിട്ടും പണം നല്‍കിയവരുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ പണമിടപാടില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ മൊഴികളും ഇവരുടെ ഫോണ്‍-ബാങ്ക് ഇടപാടുകളും പോലീസ് പരിശോധിച്ചു വരുകയാണ്. ഹോളി ആഘോഷത്തിന്റെ ഭാഗമായി വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കോളേജ് ഹോസ്റ്റലിലേക്കെത്തിക്കുന്നുവെന്ന പ്രിന്‍സിപ്പള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി വിദ്യാര്‍ഥികളായ ആകാശ്, ആദിത്യന്‍, അഭിരാജ് എന്നിവര്‍ പിടിയിലായത്.

പിറ്റേന്ന് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ഥികളും പിടിയിലായി. പിന്നീടാണ് കഞ്ചാവിനായി പണപ്പിരിവ് നടത്തിയ അനുരാജ് പിടിയിലായത്. അനുരാജ് മുമ്പും പലതവണ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. നാലു കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചത്. ഇതില്‍ രണ്ടു കിലോയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ശേഷിച്ച കഞ്ചാവ് എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയത് പശ്ചിമബംഗാള്‍ സ്വദേശിയാണ്.

Tags:    

Similar News