ചെക്ക്പോസ്റ്റ് മൂകസാക്ഷി: സമാന്തരപാത വഴി കടത്തുന്നത് കീടനാശിനി മുതല്‍ കഞ്ചാവ് വരെ; കമ്പംമെട്ട് ചെക്ക് പോസ്റ്റ് കള്ളക്കടത്തുകാരുടെ ഇഷ്ടകേന്ദ്രം

Update: 2024-11-14 05:09 GMT

കമ്പംമെട്ട് (ഇടുക്കി): കേരള- തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്ക് പോസ്റ്റിന് സമീപത്തു കൂടി കള്ളക്കടത്ത് തകൃതി. ആധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. ദിവസേന നികുതി വെട്ടിച്ച് കടത്തുന്നതാകട്ടെ ലക്ഷങ്ങളുടെ സാധനങ്ങള്‍. അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോസ്റ്റുകളിലൊന്നാണ് കമ്പംമെട്ട്. തമിഴ്നാട്ടിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ മധുര, തേനി, കമ്പം എന്നിവിടങ്ങളില്‍നിന്ന് എറണാകുളം, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിലേക്കും ജില്ലയുടെ വിവിധ മേഖലകളിലേക്കും ചരക്കെത്തിക്കുന്നത് ഈ ചെക്കുപോസ്റ്റു വഴിയാണ്.

ചെക്ക്പോസ്റ്റിന് വിളിപ്പാടകലെ കമ്പം റോഡില്‍ തണ്ണിവളവില്‍ നിന്ന് കേരളത്തില്‍ കമ്പംമെട്ട്-കൂട്ടാര്‍ റോഡില്‍ എട്ടേക്കര്‍ നിരപ്പിലേക്കുള്ള സമാന്തര പാതയില്‍ കൂടി തലച്ചുമടായാണ് കള്ളക്കടത്ത്. തമിഴ്നാട്ടില്‍ നിന്ന് തുണിത്തരങ്ങള്‍, സ്റ്റേഷനറി, കേരളത്തില്‍ നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങി കഞ്ചാവു വരെയാണ് ഇതുവഴി കടത്തുന്നത്.

സമാന്തരപാതയില്‍ കൂടി ചരക്കു കടത്തുന്ന നിരവധി സംഘങ്ങള്‍ കമ്പംമെട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കടത്തുന്ന ഓരോ സാധനത്തിനും പ്രത്യേക നിരക്കാണ് ഇവര്‍ വാങ്ങുന്നതെന്നാണ് വിവരം. 200 മീറ്റര്‍ മാത്രമുള്ള സമാന്തര പാതയില്‍ കൂടി ചരക്ക് കടത്തുന്നതിന് 5000 രൂപ വരെ വാങ്ങുന്നതായാണറിയുന്നത്. ഓരോന്നിനും പ്രത്യേക നിരക്കാണിവര്‍ക്ക്.നിരോധിത പുകയില ഉല്‍പന്നങ്ങളും കീടനാശിനിയുമാണ് ാണ് ഇതുവഴി കടത്തുന്നതിലേറെയും.

കഞ്ചാവ് കടത്തുന്നവര്‍ കുറഞ്ഞ അളവിലാണ് കൊണ്ടു വരുന്നത്. പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കാവുന്ന അളവില്‍ കഞ്ചാവുമായി ചെക്കുപോസ്റ്റു വഴി ബൈക്കില്‍ അയക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതത്രേ. ജിഎസ്ടി നിലവില്‍ വന്നതോടെ ഇവിടുത്തെ വാണിജ്യ നികുതി ചെക്ക്പോസ്റ്റു തന്നെ നിര്‍ത്തലാക്കി. നിലവില്‍ വാഹന പരിശോധന സ്‌ക്വാഡുകള്‍ മാത്രമാണുള്ളത്.

ഇവരുടെ പരിശോധനയും കാര്യക്ഷമവുമല്ല. കള്ളക്കടത്തു സംഘങ്ങള്‍ക്ക് ഇവര്‍ കുടപിടിക്കുകയാണെന്നാണ് ആക്ഷേപം. സമാന്തര പാതയില്‍ കൂടി ഹൈറേഞ്ചില്‍ നിന്നും ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ നാണ്യവിളകളും തമിഴ്നാട്ടിലേക്കും കടത്തുന്നുണ്ട്.

Tags:    

Similar News