ഇഡി നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപി നീക്കം; കരുവന്നൂര്‍ കേസില്‍ ഉടന്‍ ഹാജരാകില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി; എതിരാളികളെ എങ്ങനെ അമര്‍ച്ച ചെയ്യാന്‍ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്; വ്യക്തിപരമായ സ്വത്തുകളുടെ രേഖകളും ആവശ്യപ്പെട്ടെന്ന് രാധാകൃഷ്ണന്‍
ഇഡി നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപി നീക്കം
തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ കെ രാധാകൃഷ്ണന്‍ എംപി ഉടന്‍ ഇഡിക്ക് മുമ്പാകെ ഹാജറാകില്ല. ഹാജരാകാനുള്ള ഇഡി നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ട് സിപിഎം നേതാവ്. പാര്‍ലമെന്റ് നടക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ അദ്ദേഹം തല്‍ക്കാലം സമയം നീട്ടി ചോദിച്ചത്. അതേസമയം കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം വാദം.
ഇ.ഡിയുടെ സമന്‍സിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ്. ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാം. ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി യുടെ ശ്രമമാണ് നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ഇന്നലെയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. മറുപടി നല്‍കിയിട്ടുണ്ട്.പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങള്‍, ആസ്തി തുടങ്ങിയ ഡോക്യുമെന്റുകള്‍ ഹാജരാക്കാനാണ് നോട്ടീസില്‍ ഉള്ളത്. ഏത് കേസാണെന്ന് നോട്ടീസില്‍ പറയുന്നില്ല. എതിരാളികളെ എങ്ങനെ അമര്‍ച്ച ചെയ്യാന്‍ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്. വ്യക്തിപരമായ സ്വത്തുകളുടെയും മറ്റ് ഡോക്യുമെന്റ്‌സ്ുകളും കൊണ്ട് ചെല്ലാന്‍ ആണ് പറഞ്ഞിരിക്കുന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കരുവന്നൂര്‍ വിഷയം സംബന്ധിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ സാഹചര്യത്തില്‍ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സ് നല്‍കും. കഴിഞ്ഞദിവസം കെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കരുവന്നൂര്‍ തട്ടിപ്പ് നടക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണന്‍. ഇക്കാരണത്താലാണ് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അന്തിമ കുറ്റപത്രം കൂടി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ സിപിഎമ്മിന്റെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
ആദ്യ ഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരുന്നു. അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി ഇഡി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ചില നേതാക്കളെ ചോദ്യം ചെയ്യാനുണ്ടെന്നും തൃശൂരിലെ രണ്ട് പ്രമുഖ നേതാക്കളെ അടക്കം പ്രതി പട്ടികയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഇഡി കേന്ദ്രത്തെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന് സമന്‍സ് അയച്ചിരിക്കുന്നത്.
അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ പ്രതികളുടെ സ്വത്ത് വിറ്റ് പണം നിക്ഷേപകര്‍ക്ക് തിരികെനല്‍കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബാങ്കിനെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇഡി കണ്ടുകെട്ടിയ 53 പ്രതികളുടെ സ്വത്ത് കരുവന്നൂര്‍ ബാങ്കിന് കൈമാറുമെന്നും ബാങ്ക് ഇവ ലേലം നടത്തി നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്നുമാണ് ഇഡി നിലപാട്. ഇക്കാര്യം കാണിച്ചും ഇതിനായി ബാങ്കിന് അനുമതി നല്‍കണമെന്ന് അപേക്ഷിച്ചും എറണാകുളം സിബിഐ കോടതിയില്‍ ഇഡി ഹര്‍ജി നല്‍കി.
തട്ടിപ്പിനിരയായത് ബാങ്കാണെന്നും അതിനാല്‍ ബാങ്കിനാണ് പണം കിട്ടേണ്ടതെന്നുമുള്ള ന്യായമാണ് ഇഡി ഉയര്‍ത്തുന്നത്. ഹര്‍ജി പരിഗണിച്ച കോടതി ബാങ്കിന്റെ നിലപാട് അറിയാനായി സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. ഏറെ സങ്കീര്‍ണവും നിയമപ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതുമായ കണ്ടുകെട്ടല്‍-ലേലം കാര്യങ്ങള്‍ ഏറ്റെടുത്താല്‍ ബാങ്ക് വീണ്ടും പ്രതിസന്ധിയിലാകും. നിയമപ്രകാരം േകസ് തീര്‍ന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലേ കണ്ടുകെട്ടിയ വസ്തുക്കള്‍ ലേലംചെയ്യാനാകൂ.
അതിന് കാലതാമസമുണ്ടാകും. അതിനുമുന്‍പേ ലേലംചെയ്യണമെങ്കില്‍ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ തുക ബാങ്ക് ഗാരന്റിയായി കെട്ടിവെക്കണം. 324 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് ഇപ്പോഴും സാമ്പത്തികപ്രതിസന്ധി തരണംചെയ്തിട്ടില്ല. ഇഡി പ്രതികളാക്കിയ 53 പേരില്‍ 13 പേരെമാത്രമാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയത്. ഇതും കേസ് സങ്കീര്‍ണമാക്കും. പ്രതികളാക്കിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ രണ്ടുകോടിയുടേത് പണവും വാഹനങ്ങളുമാണ്. ബാക്കിയുള്ളവ സ്ഥലങ്ങളുമാണ്.
കണ്ടുകെട്ടിയ സ്ഥലങ്ങളില്‍ 50 ശതമാനവും ബാങ്കില്‍ ഈടുവെച്ച് വായ്പയെടുത്ത് കുടിശ്ശികയായവയാണ്. ഇവ സ്വന്തമാക്കാന്‍ ബാങ്ക് നല്‍കിയ ഹര്‍ജികള്‍ േകാടതികളിലുണ്ട്. ഇവ ഇഡി കണ്ടുകെട്ടിയതായി കാണിച്ച് ബാങ്ക് ഏറ്റെടുത്താല്‍ നിയമപ്രശ്നം സങ്കീര്‍ണമാകും. സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ 10 ലക്ഷം വിലവരുന്ന ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. ഇവ ലേലംചെയ്ത് കിട്ടുന്ന തുക നിക്ഷേപകര്‍ക്ക് തിരികെനല്‍കാന്‍ ഡല്‍ഹി അഡ്ജൂഡിക്കേറ്റ് അതോറിറ്റി ഇഡിക്ക് അനുമതിയും നല്‍കിയിരുന്നു. ഇതിനെതിരേ സിപിഎം അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.