കീഴറയിലെ സ്‌ഫോടനം: ക്രൈംബ്രാഞ്ച് അന്വേഷിക്കും; മരിച്ചത് മുഖ്യപ്രതിയുടെ ബന്ധുവായ ചാലാട് സ്വദേശി മുഹമ്മദ് ആഷാം; അനൂപ് മാലിക് ഒളിവില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് ഐപിഎസ് മപറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉഗ്ര സ്‌ഫോടനം നടന്നത്. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദനെന്ന മുന്‍ അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.
മരിച്ചയാളുടെ മൃതദ്ദേഹം ഫയര്‍ ഫോഴ്‌സ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനം നടന്ന വീട്ടില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പൊടിക്കുണ്ട് സ്‌ഫോടന മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി യായ അനുപ് മാലിക്കിനായി പൊലിസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.