പ്രണയിച്ച വിവാഹിതരായി; ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞ് നാട്ടിലെത്തി; കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ച് കണ്ടതോടെ കലിപ്പായി; ഭര്‍ത്താവിന്റെ ആക്രമണത്തില്‍ 24കാരിയുടെ തലയ്ക്ക് പരിക്ക്

Update: 2025-10-24 10:56 GMT

പത്തനംതിട്ട: കാണാതായെന്ന പരാതിയില്‍ പൊലീസ് സംരക്ഷണയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. അടൂര്‍ ഡിവൈഎസ്പി ഓഫിസിനു മുന്നില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. അടിയേറ്റു നിലത്ത് വീണ സ്ത്രീയുടെ തല പൊട്ടി. അടൂര്‍ മൂന്നാളം സ്വദേശിനിക്കാണ് പരുക്കേറ്റത്. കാണാതാകല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴിയാണ് 24-കാരിയെ ഭര്‍ത്താവ് അടിച്ചു താഴെയിട്ടത്.

യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാമുകന്റെ കൂടെ പോയെന്നായിരുന്നു പരാതി. അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് വഴിയില്‍ കാത്തുനിന്ന ഭര്‍ത്താവ് ആക്രമിച്ചത്. സംഭവ സമയത്ത് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ മാത്രമാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത്.

യുവതിയെ ഭര്‍ത്താവ് തള്ളിയിട്ടതല്ലെന്നും കയ്യിലിരുന്ന ആയുധം കൊണ്ട് ആക്രമിച്ചതാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് പിടികൂടി. ഗള്‍ഫിലായിരുന്ന യുവാവ് ഭാര്യയെ കാണാനില്ലെന്ന വിവരം അറിഞ്ഞ് നാട്ടിലെത്തിയതാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ 22ാം തീയതിയാണ് 24കാരിയായ യുവതി ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ അമ്മ പൊലീസില്‍ മിസ്സിംഗ് പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന സമയത്താണ് ഭര്‍ത്താവ് ആക്രമിച്ചത്.

ഭര്‍ത്താവിന്റെ സുഹൃത്താണ് യുവതിയുടെ കാമുകന്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയും ഭര്‍ത്താവും പ്രണയിച്ച് വിവാഹിതരായവരാണ്.

Similar News