കാട്ടുനട ക്ഷേത്രത്തിന് മുന്നിലൂടെ സ്ലോ സ്പീഡിൽ ഓട്ടോയുടെ വരവ്; ആളുകൾ നടക്കുന്നത് ശ്രദ്ധിക്കാതെ എന്തോ..സ്ഫോടക വസ്‌തു വലിച്ചെറിഞ്ഞ് കൊടും ഭീതി; 'കാണിക്ക വഞ്ചി'ക്ക് നേരെ എറിഞ്ഞ് പൊട്ടാത്ത ദേഷ്യത്തിൽ ഇവർ കാണിച്ചത്; ദൃശ്യങ്ങൾ അടക്കം ബാലരാമപുരം പോലീസിന് കൈമാറി ക്ഷേത്ര അധികൃതർ; പ്രതികളുടെ വിചിത്ര പ്രവർത്തിയിൽ ഞെട്ടി നാട്ടുകാർ

Update: 2025-10-24 10:21 GMT

തിരുവനന്തപുരം: ബാലരാമപുരത്തെ കാട്ടുനട ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ടാക്സി ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ ക്ഷേത്രത്തിലേക്ക് സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കമുള്ളവ ക്ഷേത്ര ഭാരവാഹികൾ ബാലരാമപുരം പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്: ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ ആദ്യം ക്ഷേത്രത്തിന്റെ പുതിയ നടപ്പന്തലിന് സമീപം കാണിക്ക വഞ്ചിക്ക് മുന്നിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു.

എന്നാൽ അത് പൊട്ടിയില്ല. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതികൾ വീണ്ടും തിരികെ വന്ന് രണ്ടാമതും സ്ഫോടക വസ്തു എറിഞ്ഞു. ഈ ആക്രമണങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ ക്ഷേത്ര ഭാരവാഹികൾ ഉടൻ തന്നെ ബാലരാമപുരം പൊലീസിൽ പരാതി നൽകി. ലഭിച്ച ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവം നടത്തിയ ആക്രമണമാണോ ഇതെന്ന സംശയത്തിലാണ് പൊലീസ്.

പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഉടമയെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയുടെ ഉടമയെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ നിലവിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബാലരാമപുരം പൊലീസ് അറിയിച്ചു.

ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്കോ ഭക്തജനങ്ങൾക്കോ യാതൊരുവിധ നാശനഷ്ടവും സംഭവിക്കാതെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. എന്നിരുന്നാലും, ഇത് ഒരു ഗുരുതരമായ സംഭവമായിട്ടാണ് പൊലീസ് കാണുന്നത്. ഒരു ആരാധനാലയത്തിന് നേരെ സ്ഫോടക വസ്തു ഉപയോഗിച്ചത് വർഗീയ സംഘർഷം ലക്ഷ്യമിട്ടുള്ള നീക്കമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Tags:    

Similar News