വിദേശത്ത് ജോലി വാഗ്ദാനം നൽകി പറ്റിച്ചത് അഞ്ഞൂറിലേറെ പേരെ; കേസ് രജിസ്റ്റർ ചെയ്തതോടെ മുങ്ങിയത് ബാംഗ്ലൂരിലേക്ക്; മുടി നീട്ടി വളർത്തി, താടിയും മീശയുമില്ലാതെ വിമൽ എന്ന പേരിൽ’ ഒളിവു ജീവിതം; ബെഥനി ടൂർസിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കരിമ്പൻക്കാരൻ ജ്യോതിഷ് കെ.ജോയി പിടിയിൽ

Update: 2025-10-23 13:49 GMT

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളെ എറണാകുളം സെൻട്രൽ പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. ഇടുക്കി കരിമ്പൻ സ്വദേശി ജ്യോതിഷ് കെ.ജോയിയാണ് പിടിയിലായത്. രൂപമാറ്റം വരുത്തി 'വിമൽ' എന്ന പേരിൽ ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

രഹസ്യവിവരങ്ങളുടെയും മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ബെഥനി ടൂർസ് പ്രൈ. ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് ജ്യോതിഷ് തട്ടിപ്പ് നടത്തിയിരുന്നത്. കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാളും കൂട്ടാളികളും ഓഫീസുകൾ തുറന്നിരുന്നു.

കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്നും ഒന്നര ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ വിവിധ ഘഡുക്കളായി ഇവർ കൈപ്പറ്റി. പണം നൽകിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും വിദേശജോലി ശരിയാകാതെ വന്നതോടെയാണ് പലരും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാൽ, ജ്യോതിഷ് പണം നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയെത്തി.

എറണാകുളം സെൻട്രൽ സ്റ്റേഷനിൽ മാത്രം ആറു പരാതികളാണ് ലഭിച്ചത്. ജ്യോതിഷിന്റെ രണ്ട് കൂട്ടാളികൾ നേരത്തെ അറസ്റ്റിലായി ജാമ്യത്തിൽ വിട്ടയക്കപ്പെട്ടിരുന്നു. എട്ട് മാസം മുമ്പ് ഒളിവിൽ പോയ ജ്യോതിഷിനെ പോലീസ് തുടർച്ചയായി തിരയുകയായിരുന്നു. ബെംഗളൂരുവിൽ ഒരു സുഹൃത്തിനൊപ്പം താമസിച്ച് വരികയായിരുന്നു ജ്യോതിഷ്. മുടി നീട്ടി വളർത്തിയും താടിയും മീശയും വടിച്ചും രൂപമാറ്റം വരുത്തിയതിനാൽ ഇയാളെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News