ശബരിലയിലെ സ്വര്‍ണ്ണം വിറ്റ് പോറ്റി പുട്ടടിച്ചു! 476 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിക്ക് വിറ്റതായി എസ്ഐടി കണ്ടെത്തല്‍; ഗോവര്‍ധന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം; സ്വര്‍ണ വ്യാപാരിയുമായി ബന്ധം സ്ഥാപിച്ചത് ശബരിമലയിലെ പൂജാരിയെന്ന് പരിചയപ്പെടുത്തി; സ്‌പോണ്‍സര്‍ഷിപ്പില്‍ പോറ്റി വാങ്ങിയ സ്വര്‍ണ്ണത്തിനും കൃത്യമായി കണക്കില്ല

ശബരിലയിലെ സ്വര്‍ണ്ണം വിറ്റ് പോറ്റി പുട്ടടിച്ചു!

Update: 2025-10-24 07:08 GMT

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം എവിടേക്കാണ് പോയതെന്ന നിര്‍ണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. അയ്യപ്പന്റെ സ്വര്‍ണം അന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. 476 ഗ്രാം സ്വര്‍ണം സ്പോണ്‍സര്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന് വിറ്റതായാണ് എസ്ഐടി കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണ വില്‍പ്പന ഗോവര്‍ധന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനായാണ് പോറ്റിയെ ബംഗളുരുവിലേക്ക് കൊണ്ടുപോയത്.

അന്വേഷണസംഘം ഗോവര്‍ധനെ ചോദ്യം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തിന്റെ പങ്ക് ഉണ്ണികൃഷ്ണന്‍ പോറ്റിവിറ്റതായാണ് കണ്ടെത്തല്‍. ഗോവര്‍ധന് വിറ്റ സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമം എസ്ഐടി സംഘം നടത്തും. ഇയാളുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തി. ഇക്കാര്യവും ഗോവര്‍ധന്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം ഗോവര്‍ധന്‍ അന്വേഷണസംഘത്തിന് കൈമാറി.

ഗോവര്‍ധനില്‍ നിന്നും പലപ്പോഴായി ഉണ്ണികൃഷ്ണന്‍ സ്വര്‍ണം വാങ്ങിയതായാണ് മൊഴി. കട്ടിളയിലും വാതിലിലും പൂശുന്നതിനായി സ്പോണ്‍സര്‍ഷിപ്പിന്റെ പേരിലാണ് സ്വര്‍ണം വാങ്ങിയതെന്ന് ഗോവര്‍ധന്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് പറഞ്ഞു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്‍ധന്‍. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്‍ധന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയപ്പെടുന്നത്. അന്ന് ശബരിമലയിലെ പൂജാരിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം പരിചയപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയിരുന്നു.

ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തിച്ച് തെളിവെടുക്കും. ഇന്ന് പുലര്‍ച്ചെയാണ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യമാണെന്ന് കണ്ടെത്തിയിരുന്നു.

പാളികള്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് 2019 ജൂലൈ 19 ലെ മഹസറില്‍ രേഖപ്പെടുത്തിയതെങ്കിലും പോറ്റിയുടെ പേരിന് നേരെ ഒപ്പിട്ടിരുന്നത് അനന്തസുബ്രഹ്‌മണ്യന്‍ ആയിരുന്നു. എന്നാല്‍ ഏറ്റുവാങ്ങിയിരുന്നത് കര്‍ണാടക സ്വദേശി രമേശ് റാവു എന്നയാളായിരുന്നു. ഇതിന് പുറമെ ശ്രീകോവിലിന്റെ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ എത്തിയെന്നും കണ്ടെത്തിയിരുന്നു.

ബെംഗളൂരുവിന് പുറമെ ചെന്നൈയിലെ വിവിധയിടങ്ങളിലും തെളിവെടുപ്പ് നടത്തും. പാളികള്‍ അടക്കം സ്വര്‍ണം പൂശാന്‍ എത്തിച്ച സ്മാര്‍ട്ട്ക്രിയേഷന്‍സിലെ തെളിവെടുപ്പ് നിര്‍ണായകമാവും. സ്വര്‍ണപ്പാളികള്‍ പ്രദര്‍ശിപ്പിച്ച നടന്‍ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പിന് സാധ്യതയുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും മറ്റ് അറസ്റ്റുകളിലേക്ക് കടക്കുക.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കുന്നതാണ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴി. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും എന്‍. വാസുവും കണ്ടെന്നാണ് മൊഴി. ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയതെന്ന് വിശദീകരണം. ഇതോടെ ദേവസ്വം ബോര്‍ഡിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലേക്കും അന്വേഷണം നീളുകയാണ്.

ഗൂഢാലോചനയുടെ ഭാഗമായിട്ടല്ല ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം. ദേവസ്വം ഭരണസമിതി അടക്കം ഇത് കണ്ടിട്ടും തിരുത്തിയില്ലെന്നും മുരാരി ബാബുവിന്റെ മൊഴിയില്‍ പറയുന്നു. സ്വര്‍ണ്ണത്തെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ കണ്ടിരുന്നുവെന്ന് മുരാരി ബാബു മൊഴി നല്‍കി. ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടു. ആരും തിരുത്താതിരുന്നതിനാലാണ് ചെമ്പെന്ന് മഹസറിലും രേഖപ്പെടുത്തിയത്.

ഗൂഢാലോചനയുടെ ഭാഗമല്ല ഇതെന്നും മുരാരി ബാബു വെളിപ്പെടുത്തി. ചെമ്പ് പാളിയിലാണ് സ്വര്‍ണം പൂശിയത്. കാലപ്പഴക്കത്താല്‍ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നും മുരാരി ബാബു പറഞ്ഞു. ഇതോടെ, സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉന്നതര്‍ക്കെതിരെയുളള കുരുക്ക് മുറുകിയിരിക്കുകയാണ്. നിലവിലെ ബോര്‍ഡിന്റെ ഇടപെടല്‍ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പെരുന്നയിലെ വീട്ടില്‍ നിന്ന് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.

പോറ്റിക്ക് സ്വര്‍ണം കടത്താന്‍ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു. 2019ല്‍ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. 1998ല്‍ ശ്രീകോവിലിലും ദ്വാരപാലക പാളികളിലും സ്വര്‍ണം പതിച്ചത് അറിയാമായിരുന്ന മുരാരി ബാബു 2019ലും 2024 ലും ഇത് ചെമ്പെന്ന് രേഖകളില്‍ എഴുതി.

Tags:    

Similar News