സോയൂ ഗ്യാങ്ങിന്റെ അരുമ ശിഷ്യന്‍; സാധനം പാഴ്സല്‍ വഴി വാങ്ങി ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നത് തൊഴില്‍; ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചെയിന്‍ പോലെ സംഘങ്ങള്‍; കോളേജ് വിദ്യാര്‍ഥികള്‍ അടക്കം സ്ഥിരം ആവശ്യക്കാര്‍; പക്ഷെ..മുഖം തിരിക്കുന്നത് ഒന്നിനോട് മാത്രം; ചുരുക്കകാലം കൊണ്ട് എഡിസണ്‍ മയക്കുമരുന്നില്‍ അധോലോകം തീര്‍ത്ത കഥ ഇങ്ങനെ!
കൊച്ചി: കേരളത്തിൽ ലഹരി വിൽപ്പന തടയാനായി കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ സ്വീകരിക്കുന്നത്. സംസ്ഥാനം ഒട്ടാകെ ഇപ്പോൾ വ്യാപക പരിശോധനയാണ് നടക്കുന്നത്. അതിനിടയിലാണ് ഇപ്പോൾ വളരെ ചുരുക്കകാലം കൊണ്ട് എഡിസൻ എന്ന യുവാവ് മയക്കുമരുന്ന് കച്ചവടത്തിൽ അധോലോകം തീർത്തിരിക്കുന്നത്. ഇതോടെ എഡിസന്റെ കഥ കേട്ട് എൻസിബി അധികൃതർ വരെ ഒന്നടങ്കo ഞെട്ടിയിരിക്കുകയാണ്. മെക്കാനിക്കല്‍ എന്‍ജിനിയറാണ് എഡിസണ്‍. രാജ്യത്ത് പലയിടങ്ങളിലായി ജോലിചെയ്തിരുന്ന എഡിസന്‍ ബാംഗ്ലൂരിലാണ് ഒടുവിലായി ജോലി ചെയ്തത്. പിന്നീട് നാട്ടിൽ എത്തി ആലുവയില്‍ റസ്റ്റോറന്റ് നടത്തിയെങ്കിലും കോവിഡ് കാലത്ത് അത് പൂട്ടി പോവുകയായിരുന്നു.
ഇതോടെയാണ് വീട്ടിലിരുന്ന് തന്നെ മയക്ക് മരുന്ന് വിതരണത്തിന്റെ സാധ്യതകള്‍ തേടിയും വിതരണം ആരംഭിച്ചതും. ഇതോടെ പത്ത് കോടിയോളം രൂപ എഡിസണ്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ മൂവാറ്റുപുഴയിലെ എഡിസണിന്റെ വീടിന്റെ മുറ്റത്ത് ഉയരുന്ന വലിയ ഷോപ്പിങ് കോംപ്ലക്‌സ് അടക്കം വലിയ സമ്പാദ്യമാണ് എഡിസണ്‍ സ്വന്തമാക്കിയത്.
ഇപ്പോൾ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയായ 'കെറ്റാമലോണ്‍' കേസുമായി ബന്ധപ്പെട്ട് എഡിസണേയും കൂട്ടുകാരെയും സഹായികളുമായ അരുണ്‍ തോമസ്, കെ.വി.ഡിയോള്‍, ഭാര്യ അഞ്ജു ഡേവിസ് എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാന്‍ തന്നെ ഒരുങ്ങി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ആദ്യം എഡിസണേയും പിന്നീട് മറ്റ് പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇപ്പോൾ നിലവിൽ എന്‍സിബി തീരുമാനം എടുത്തിരിക്കുന്നത്.
നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സാധാരണ പിടികൂടുന്നതിനെക്കാള്‍ പത്തിരട്ടി ലഹരിയാണ് എഡിസണ്‍ കൈകാര്യം ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കോടിക്കണക്കിന് രൂപയുടെ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയുടെ വിവരങ്ങളാകും ഇനി പുറത്തുവരിക. എഡിസണ്‍ ബാബു, അരുണ്‍ തോമസ്, ഡിയോള്‍ എന്നിവര്‍ സഹപാഠികളാണ്. മൂവാറ്റുപുഴയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലാണ് മൂന്നുപേരും പഠിച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ഇവരുടെ അടുത്ത സുഹൃത്തുക്കളും നിരന്തരമായി ബന്ധപ്പെടുന്നവരും നിലവില്‍ എന്‍സിബിയുടെ അന്വേഷണ പിരിധിയിലാണ്.
വിദേശത്തുനിന്ന് വലിയ തോതിൽ ലഹരി വാങ്ങി പാഴ്‌സല്‍ വഴി ഇടപാടുകാര്‍ക്ക് വിതരണം ചെയ്യുകയാണ് എഡിസണ്‍ ചെയ്തിരുന്നത്. ആഗോള എല്‍എസ്ഡി വിതരണക്കാരായ സോയൂ ശൃംഖലയില്‍നിന്നാണ് എല്‍എസ്ഡിയും മറ്റും വാങ്ങിയിരുന്നത്. എഡിസണില്‍നിന്ന് ലഹരി വാങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വീടുകളിലും ഇതിനോടകം എന്‍സിബി പരിശോധന നടത്തി. എഡിസന് ആഗോള ലഹരി ഇടപാട് സംഘങ്ങളുമായി അടുത്ത ബന്ധമെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. 2021 മുതലാണ് ലഹരി ഇടപാടുകള്‍ ഇയാള്‍ തുടങ്ങിയത്. ഏകദേശം ആയിരത്തിനടുത്ത് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ കോടികളാണ് സമ്പാദിച്ചത്. ഇതെല്ലാം പല മേഖലകളില്‍ നിക്ഷേപിച്ചു എന്നതാണ് വിവരം. ഇതിനുള്ള തെളിവുകളെല്ലാം എന്‍സിബിക്ക് കിട്ടിയതായാണ് വിവരം.
കൊച്ചിയിലെത്തിയ പോസ്റ്റല്‍ പാര്‍സലുകളില്‍ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്തദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കൂടി പിടിച്ചെടുത്തു. പരിശോധനയില്‍, ഡാര്‍ക്ക്നെറ്റ് മാര്‍ക്കറ്റുകള്‍ ആക്സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ ഒരു പെന്‍ഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ കണ്ടെടുക്കുകയും ചെയ്തു .
ബെംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്ന, ഡല്‍ഹി, കൂടാതെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് എല്‍എസ്ഡി ഇയാള്‍ അയച്ചിട്ടുണ്ട്. ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 1,127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും, 70 ലക്ഷം രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍ക്കൊപ്പം പിടിച്ചെടുത്തത്. ലെവല്‍ ഫോര്‍ എന്ന വിശേഷണത്തിലാണ് ഡാര്‍ക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ആറുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴ സ്വദേശിയായ എഡിസണിലേയ്ക്ക് എന്‍സിബി എത്തിയത്. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്‌സലാണ് എഡിസന് കിട്ടിയത്.
ആദ്യം മയക്കുമരുന്ന് വാങ്ങിയത് സ്വന്തം ആവശ്യത്തിന് ആയിരുന്നു. അതിനുശേഷമാണ് ഇയാൾ കച്ചവടത്തിലേക്ക് നീങ്ങുന്നത്. ഡാര്‍ക്ക്നെറ്റ് വഴി ആദ്യം സ്വന്തം ആവശ്യത്തിനാണ് എഡിസണ്‍ മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് 'കെറ്റാമെലോണ്‍' എന്ന പേരില്‍ ലഹരി ഇടപാട് ശൃംഖല ഒരുക്കിയായിരുന്നു വില്‍പ്പന. 2023-ല്‍ സാംബഡ എന്ന പേരിലുള്ള മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെ എന്‍സിബി പിടികൂടിയിരുന്നു. ഇതിനുശേഷമാണ് സാംബഡ ബന്ധം പുലര്‍ത്തിയിരുന്ന ലഹരി കേന്ദ്രങ്ങളുമായി എഡിസണ്‍ ബന്ധം സ്ഥാപിച്ചതും കെറ്റാമെലോണ്‍ എന്ന ശൃംഖല ഒരുക്കി വിതരണം ചെയ്തതും. മൊനേരൊ ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു എഡിസന്റെ ഇടപാടുകള്‍.
വിദേശത്തു നിന്ന് വന്‍തോതില്‍ ലഹരി വാങ്ങി പാഴ്‌സല്‍ വഴി ഇടപാടുകാര്‍ക്ക് വിതരണം ചെയ്യും. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവര്‍ക്കും എഡിസണ്‍ ആവശ്യാനുസരണം മയക്ക് മരുന്ന് എത്തിച്ചുനല്‍കി. വിദേശത്ത് നിന്നുള്ള പാഴ്സല്‍ വാങ്ങാന്‍ ഇയാള്‍തന്നെയാണ് പോയിരുന്നത്. ഇത് വീട്ടില്‍ എത്തിച്ച്, ബന്ധപ്പെടുന്നവര്‍ക്ക് പാഴ്സലില്‍ അയക്കുകയായിരുന്നു പതിവ്. എല്‍എസ്ഡി വിദേശത്തുനിന്ന് എത്തിക്കുമ്പോള്‍ കെറ്റമിന്‍ ഇന്ത്യയില്‍നിന്നുതന്നെയാണ് എഡിസണ്‍ വാങ്ങിയത്. കൃത്യസമയത്ത് പാഴ്‌സലുകളായി മയക്കുമരുന്ന് എത്തിക്കുകയും പാഴ്‌സലുകള്‍ നഷ്ടപ്പെട്ടാല്‍ അതിന് കൃത്യമായ നഷ്ടപരിഹാരം നല്‍കിയുമായിരുന്നു എഡിസണിന്റെ വിപണനം നടന്നത്.
അതേസമയം, 2023-ല്‍ കൊച്ചി ഫോറിന്‍ ഓഫിസില്‍ പിടിച്ചെടുത്ത കെറ്റമിനുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡിയോളിലേക്കും ഭാര്യയിലേക്കും അന്വേഷണം എത്തിയത്. ഓസ്‌ട്രേലിയയിലേക്ക് ലഹരി കടത്തിയെന്ന കേസിലാണ് ഇടുക്കി പീരുമേടിനുസമീപം പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടുടമയായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. ഡിയോളും എഡിസനുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം. ഇതോടെയാണ് കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, തന്നെ ഡിയോളിനൊപ്പം ചേര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് കെറ്റമിന്‍ അയയ്ക്കുന്നതില്‍ എഡിസനും പങ്കാളിയായിരുന്നുവെന്നും എന്നാല്‍, തന്റെ കെറ്റാമിലോണ്‍ ശ്യംഖലയെക്കുറിച്ച് എഡിസണ്‍ ഇവരില്‍ നിന്ന് മറച്ചുവെച്ചു എന്നുമാണ് വിവരങ്ങൾ ലഭിക്കുന്നത്.