കേരളത്തിലേക്ക് ഹൈബ്രിഡ്ജ് കഞ്ചാവ് ഒഴുകി എത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നും; മൂന്നാഴ്ചയ്ക്കിടെ പിടികൂടിയത് തായ്‌ലന്‍ഡില്‍ നിന്നെത്തിച്ച 70 കിലോ ഹൈബ്രിഡ്ജ് കഞ്ചാവ്: സ്വര്‍ണക്കടത്ത് സംഘങ്ങളും കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട്
കേരളത്തിലേക്ക് ഹൈബ്രിഡ്ജ് കഞ്ചാവ് ഒഴുകി എത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നും
കേരളത്തിലേക്ക് ഹൈബ്രിഡ്ജ് കഞ്ചാവ് ഒഴുകി എത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. തായ്‌ലന്‍ഡില്‍ കഞ്ചാവ് നിയമ വേധയമാണെന്നതും വിലക്കുറവുമായതിനാലാണ് ലഹരിക്കടത്തുകാര്‍ ഹൈബ്രിഡ് കഞ്ചാവിനായി തായ്‌ലന്‍ഡിനെ ആശ്രയിക്കുന്നത്. ഹൈബ്രിഡ് കഞ്ചാവിന് കേരളത്തില്‍ വന്‍ ഡിമാന്റാണ്. ഇതോടെ തായ്‌ലന്‍ഡില്‍ നിന്നും കേരളത്തിലേക്ക് വന്‍ തോതിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത്. അടുത്തിടെ വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയ ഹൈബ്രിഡ് കഞ്ചാവുകളെല്ലാം തായ്‌ലന്‍ഡില്‍ നിന്നും എത്തിച്ചവയാണ്.
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് കടത്തില്‍ പലതും കേരളത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. തായ്ലന്‍ഡില്‍ നിന്നെത്തിച്ച 70 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണു മൂന്നാഴ്ചയ്ക്കിടെ പൊലീസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും പിടികൂടിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്നലെ 34 കിലോഗ്രാമും 12ന് രാത്രി പൊലീസ് 18 കിലോഗ്രാമും ഒരാഴ്ച മുന്‍പു ഡിആര്‍ഐ 12 കിലോഗ്രാമും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
യുഎഇയിലേക്കു കടത്താന്‍ ശ്രമിച്ച 5.5 കിലോഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തില്‍ കഴിഞ്ഞമാസം 25നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ബെംഗളൂരുവില്‍ മലയാളികളായ യാത്രക്കാരില്‍ നിന്നു കഴിഞ്ഞ ദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ 21 കിലോ ഹൈബ്രിഡ് കഞ്ചാവും കേരളത്തിലേക്കു കടത്താനിരുന്നതാണെന്നാണു സൂചന. ഹൈബ്രിഡ് കഞ്ചാവിനു കേരളത്തില്‍ ആവശ്യക്കാര്‍ കൂടുന്നുവെന്നും കേരളം വഴി യുഎഇയിലേക്കു കടത്തു നടക്കുന്നുവെന്നും ഈ കേസുകള്‍ തെളിയിക്കുന്നു.
ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ എല്ലാ കേസുകളിലും തായ്ലന്‍ഡില്‍ നിന്നാണ് ഇവ എത്തിച്ചത്. അവിടെ കഞ്ചാവ് നിയമ വിധേയമാണ്. വിലക്കുറവില്‍ കിട്ടും എന്നതിനാലാണ് അവിടെനിന്നു വ്യാപകമായി കടത്തുന്നത്. ഹൈബ്രിഡ് ഇനത്തിന് സാധാരണ കഞ്ചാവിനെക്കാള്‍ വിലക്കൂടുതലുണ്ട്. ചില സ്വര്‍ണക്കടത്തു സംഘങ്ങളെങ്കിലും കഞ്ചാവു കടത്തിലേക്കു കളം മാറ്റിച്ചവിട്ടിയതായാണു ഡിആര്‍ഐ, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികള്‍ സംശയിക്കുന്നത്. സ്വര്‍ണത്തിനുള്ള ഇറക്കുമതിച്ചുങ്കം 15 ശതമാനത്തില്‍ നിന്ന് 6% ആക്കി കുറച്ചത്, സ്വര്‍ണക്കള്ളക്കടത്തിലെ ലാഭം വലിയ തോതില്‍ കുറയാനിടയാക്കിയിട്ടുണ്ട്. തായ്ലന്‍ഡില്‍ നിന്നു കേരളത്തിലെത്തിച്ച്, യുഎഇയിലേക്കു കടത്താന്‍ ശ്രമിച്ചതിനു പിറകില്‍ സ്വര്‍ണക്കടത്തു സംഘങ്ങളാണെന്നാണു സംശയം.