മറ്റൊരു സ്ത്രീയില്‍ കുഞ്ഞു പിറന്ന അതേ ദിവസം ജെസിയെ വിവാഹം ചെയ്തു; സാമിന്റെ ആദ്യത്തെ കുട്ടിയുടെയും അമ്മയായി; ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലുമെല്ലാം ജെസി തന്നെ അമ്മ; നേരിട്ടത് കൊടിയ പീഡനങ്ങള്‍; സാമിന്റെ വഴിവിട്ട ജീവിതം സഹിച്ചത് മക്കളെ ഓര്‍ത്ത്; കൊല്ലപ്പെട്ട ജെസിയെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പറയാനുള്ളതെല്ലാം നല്ലതുമാത്രം

Update: 2025-10-04 11:39 GMT

ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മക്കളെല്ലാവരും വിദേശത്ത് പോയതോടെ ജെസി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. താഴെ ഭാഗം ജെസിയും മേലെ ഭാഗം സാമും എന്ന നിലയിലായിരുന്നു വീട്ടിലെ താമസം. ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ള മക്കള്‍ അന്നേ ദിവസം പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് സംശയം തോന്നി പോലീസില്‍ പരാതിപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിയുന്നത്.

വിവിധ യുവതികള്‍ വീട്ടിലെത്തുന്നതിനെച്ചൊല്ലി ജെസിയും സാമും നിരന്തരം കലഹിച്ചിരുന്നു. ജെസി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പും സമാനരീതിയില്‍ ഒരു യുവതിയുമായി സാം വീട്ടില്‍ എത്തിയിരുന്നു. ഇതേച്ചൊല്ലി ജെസിയും സാമും തമ്മില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. കൃത്യമായി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് ജെസിയുടെ കൊലപാതകത്തിന് സാം തയാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്കു മുന്‍പ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.രാത്രി വൈകിയും സഞ്ചാരികള്‍ വാഹനം നിര്‍ത്തിയിറങ്ങി നില്‍ക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാല്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി ചെപ്പുകുളത്ത് എത്തിയത്. നാട്ടില്‍നിന്നു മുങ്ങിയ സാമിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസും നീങ്ങി.

തൊടുപുഴയില്‍ ഇയാള്‍ എത്തിയതായി വ്യക്തമായെങ്കിലും പൊലീസ് എത്തുന്നതിനും മുന്‍പേ വിദേശ വനിതയ്‌ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു. 50 താഴ്ചയില്‍ ജീര്‍ണിച്ച നിലയിലായിരുന്ന മൃതദേഹം ഇന്നലെ വൈകിട്ട് ആറരയോടെ തൊടുപുഴ അഗ്‌നിരക്ഷാസേന എത്തിയാണ് മുകളിലെത്തിച്ചത്. തുടര്‍ന്ന് അവിടെത്തന്നെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കുറവിലങ്ങാട് പൊലീസിനൊപ്പം കരിമണ്ണൂര്‍ പൊലീസും സ്ഥലത്ത് എത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.

ആദ്യ കുഞ്ഞു ജനിച്ച ദിവസം രണ്ടാം വിവാഹം

1994ല്‍ ബെംഗളൂരുവിലെ വിവേക് നഗറില്‍ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്യുന്നത്. പക്ഷേ, വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് നിയമപരമായ വിവാഹം ആയിരുന്നില്ല. മറ്റൊരു ഭാര്യയില്‍ കുട്ടി പിറന്ന ദിവസമായിരുന്നു ഇരുവരും ബെംഗളൂരുവില്‍ വെച്ച് വിവാഹിതരാകുന്നത്. പിന്നീട് ആദ്യ ഭാര്യയിലുള്ള കുട്ടിയെ വളര്‍ത്തിയത് ജെസിയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 'ജെസിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ സാം ജോര്‍ജ് വിവാഹം കഴിച്ചിരുന്നു. അവരില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി ഉണ്ടായ ദിവസമാണ് ജെസിയെ വിവാഹം കഴിക്കുന്നത്. ബെംഗളൂരുവിലെ വിവേക് നഗറിലുള്ള പള്ളിയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹതരാകുന്നത്. ഇരുവരും മാത്രമായിരുന്നു അന്ന് ചടങ്ങിനുണ്ടായിരുന്നത്. നിയമപരമായ വിവാഹം ആയിരുന്നില്ല അത്. ഇതില്‍ രണ്ട് കുട്ടികളുണ്ട്. ആദ്യത്തെ കുട്ടിയുടെ അമ്മ ആരാണെന്ന് ആ കുട്ടിക്കോ മരിച്ച ജെസിക്കോ അറിയില്ല. മൂന്നുകുട്ടികളേയും അമ്മയായിത്തന്നെയാണ് ജെസി വളര്‍ത്തിയത്. ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലുമെല്ലാം ജെസി തന്നെയാണ് അമ്മ'- പ്രദേശവാസി പറയുന്നു.

ഇരുവരും വിദേശത്തായിരുന്നു. ഐടി മേഖലയിലായിരുന്നു സാമിന് ജോലി. ഡേ കെയര്‍ സ്ഥാപനം നടത്തിവരികയായിരുന്നു ജെസി. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് ഇവര്‍ പിന്നീട് നാട്ടിലേക്ക് വരികയായിരുന്നു. ജെസിയുടെ പണം ഉപയോഗിച്ച് സാമിന്റെ പേരിലായിരുന്നു കാണിക്കാരിയില്‍ വീടുവാങ്ങിയത്. ഇതിലും തര്‍ക്കമുണ്ടായിരുന്നു. വീട് തനിക്ക് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ജെസി കോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം തന്നെ വിവാഹമോചനത്തിനും ജെസി കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് രണ്ടുനിലകളുള്ള വീട്ടില്‍ ഇരു നിലകളിലായി ഇരുവരോടും താമസിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

വിവാഹിതരായത് മുതല്‍ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008-ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്. വാതിലിന്റെ ലോക്ക് ഊരി പലതവണ തലയില്‍ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമില്‍ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്. അഞ്ച് മാസങ്ങള്‍ക്കപ്പുറം ജെസി സ്വബോധത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ തനിക്ക് പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കാലുപിടിച്ച് പറഞ്ഞതോടെ ജെസി പോലീസില്‍ പരാതിപ്പെട്ടില്ല. പിന്നീടും ഇയാള്‍ പലതവണ ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴും ഇവള്‍ മക്കളെ ഓര്‍ത്ത് പലതും സഹിക്കുകയായിരുന്നുയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സാമിന്റെ വഴിവിട്ട ജീവിതത്തിന് വിലങ്ങുതടിയായിനിന്ന ജെസിയെ കൊലപ്പെടുത്താന്‍ പദ്ധതി ഒരുക്കിയത് ഒരുവര്‍ഷം മുമ്പായിരുന്നു. ഇരുനിലവീട്ടില്‍ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളില്‍ ഇയാള്‍ വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി ജെസിയുടെ കണ്‍മുമ്പിലൂടെയായിരുന്നു വീട്ടില്‍ എത്തിയിരുന്നത്. ഇവിടേക്ക് എത്തിയ സ്ത്രീകളോട് താന്‍ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാല്‍ വീട്ടിലെത്തുന്ന സ്ത്രീകളോട് താന്‍ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടില്‍നിന്നും അപ്പോള്‍ തന്നെ മടങ്ങിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിയറ്റ്നാം സ്വദേശിയായ സ്ത്രീ താന്‍ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈല്‍ നമ്പറും ഇവര്‍ മേടിച്ചിരുന്നു. വിയറ്റ്നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ ഒഴിഞ്ഞുമാറി. തന്റെ ബന്ധം തകര്‍ത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ വിദേശ വനിതയെ അറിയിച്ചു. ഇതില്‍ ഭയന്ന ഇവര്‍ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു. പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടില്‍ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാര്‍ പറഞ്ഞു.

Tags:    

Similar News