മദ്യലഹരിയില്‍ ഓഫീസില്‍ വച്ച് സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; പോലീസ് കേസ് വന്നാല്‍ അകത്താകുമെന്ന് കണ്ടപ്പോള്‍ നിര്‍ബന്ധിത വിരമിക്കല്‍; ഹൗസിങ് ബോര്‍ഡിലെ ഞരമ്പനായ അസി. സെക്രട്ടറിയെ തിരിച്ചെടുക്കാന്‍ സിപിഐ നേതൃത്വം; ഹിയറിങ് കഴിഞ്ഞു
മദ്യലഹരിയില്‍ ഓഫീസില്‍ വച്ച് സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി
തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ അസി. സെക്രട്ടറിയായിരിക്കേ ജോലി സ്ഥലത്തു വച്ച് സഹപ്രവര്‍ത്തയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയനായ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള നീക്കം തകൃതി. സിപിഐ നേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്ന തിരിച്ചെടുക്കല്‍ നടപടികളുടെ ഭാഗമായി ഹിയറിങ് കഴിഞ്ഞു. ഉടന്‍ തന്നെ ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് സൂചന.
ഭവന നിര്‍മാണ ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മഹേഷ്‌കുമാറിനെയാണ് തിരിച്ചെടുക്കാന്‍ ധാരണയായി നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ മാറുന്നതിന് മുന്‍പ് തിരിച്ചെടുക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് സിപിഐ നേതൃത്വമാണ്. ഭവന നിര്‍മാണ ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് ശേഖരന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് മഹേഷിന് ആശ്രിത നിയമനം ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് അസി. സെക്രട്ടറി വരെയായി.
ഇതിനിടെയാണ് ഓഫീസില്‍ മദ്യപിച്ചെത്തി സഹപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന പരാതി ഉയരുന്നു. മഹേഷ്‌കുമാര്‍ മുന്‍പും ഓഫീസില്‍ മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ആളാണെന്ന് പറയപ്പെടുന്നു. അന്ന് മൂന്നു മാസത്തോളം നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിയും വന്നിരുന്നു. അപമാനിക്കപ്പെട്ട യുവതിയും ഭര്‍ത്താവും പരാതിയുമായി മുന്നോട്ട് പോയതോടെ കാര്യങ്ങള്‍ പിടിവിട്ടു പോകുമെന്ന സ്ഥിതിയായി. പോഷ് ആക്ട് പ്രകാരം യുവതി പരാതി നല്‍കിയതോടെ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന അവസ്ഥയും ഉണ്ടായി.
കമ്പല്‍സറി റിട്ടയര്‍മെന്റ് സ്‌കീമില്‍ (സിആര്‍എസ്) മഹേഷിനെ പുറത്താക്കാമെന്ന ധാരണയുടെ പുറത്ത് യുവതിയുടെ പരാതി ഒത്തു തീര്‍പ്പാക്കി. പോഷ് ആക്ട് പ്രകാരം മഹേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടേണ്ടതായിരുന്നു. സിആര്‍എസ് നടപ്പാക്കിയത് കാരണം പരാതി പബോര്‍ഡിനുള്ളില്‍ തന്നെ ഒത്തു തീര്‍പ്പാക്കുകയായിരുന്നു. സമാന സംഭവങ്ങള്‍ മുന്‍പും ഇയാളുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. അന്നൊക്കെ താക്കീതില്‍ ഒതുക്കുകയായിരുന്നുവെന്ന് പറയുന്നു.
ഷീബ ജോര്‍ജ് ബോര്‍ഡ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ഈ പരാതി ഉയരുന്നത്. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയ മെമ്മോയ്ക്ക് മഹേഷ്‌കുമാറിന്റെ ഭാഗത്തു നിന്നും മറുപടി ഉണ്ടായതുമില്ല. നിലവില്‍ മഹേഷിനെ തിരിച്ചെടുക്കാനുള്ള അപേക്ഷ ഡയറക്ടര്‍ ബോര്‍ഡിന് മുന്നിലെത്തി. തിരിച്ചെടുക്കല്‍ നടപടി ക്രമങ്ങളുടെ ഭാഗമായുള്ള ഹിയറിങ് കഴിഞ്ഞ ദിവസം നടന്നു. ഇനി സാങ്കേതിക നടപടി ക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
