കവര്‍ച്ചാ കേസിന് പകരം ഹവാല കേസ് ആയിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇഡിക്ക് കണ്ണടയ്ക്കാന്‍ കഴിയുമായിരുന്നില്ല; ഹവാല ഇടപാട് സമ്മതിച്ചിട്ടും ധര്‍മ്മരാജനെ സാക്ഷിയാക്കി 'കരുതല്‍'! ഇഡിയും കേസെടുത്തു; അന്വേഷിക്കാതിരിക്കാന്‍ ആയുധമാക്കിയത് പോലീസ് വീഴ്ച; കൊടകരയില്‍ തെളിയുന്നത് അഡ്ജസ്റ്റുമെന്റ്

Update: 2024-11-03 01:57 GMT

തൃശ്ശൂര്‍: ബി.ജെ.പി.യെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസ് അന്വേഷണം അപ്പാടെ പാളി. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പൊലീസിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിച്ചു. 2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തിട്ടും കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഇഡി സമര്‍പ്പിച്ചിട്ടില്ല. ഇസിഐആര്‍ 11/2023 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്തായിരുന്നു ഇഡിയുടെ അന്വേഷണം. എന്നാല്‍ പോലീസ് അന്വേഷണത്തിലെ ആഴമില്ലായ്മ ഇഡിയെ കുഴക്കി. പോലീസിന് പ്രതികള്‍ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായിരുന്നു പിന്നീട് ഉണ്ടായതെല്ലാം. ഇതിനൊപ്പം ഇഡിയും മതിയായ താല്‍പ്പര്യം കാട്ടിയില്ല. ഈ കേസ് അന്വേഷണത്തില്‍ പോലീസിന് ചില അഡ്ജസ്റ്റുമെന്റുകള്‍ക്ക് വിധേയമാകേണ്ടി വന്നോ എന്ന സംശയം ഉയര്‍ത്തുന്ന വീഴ്ചകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കേരളത്തിലെ 2021 നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി 41.40 കോടി രൂപയുടെ ഹവാലപ്പണം നല്‍കിയതായി ആരോപിക്കപ്പെടുന്ന 6 പേരുടെ വിവരങ്ങള്‍ കേരള പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. ഇവരുടെ പട്ടിക പ്രത്യേക റിപ്പോര്‍ട്ടാക്കി ആദായനികുതി വകുപ്പിനും ഇ.ഡിക്കും കൈമാറിയിട്ടുണ്ട്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എംഎല്‍സി) ലഹര്‍ സിങ്ങിന്റെ പേരുള്ളത് ഈ പട്ടികയിലാണ്. ബെംഗളൂരു നോര്‍ത്തില്‍ താമസിക്കുന്ന സുന്ദര്‍ലാല്‍ അഗര്‍വാള്‍, മഹാരാഷ്ട്ര സ്വദേശി സച്ചിന്‍ സേതു, മഹാരാഷ്ട്ര സ്വദേശി ഇപ്പോള്‍ ബെംഗളൂരുവില്‍ താമസിക്കുന്ന വിക്കിയെന്നു വിളിക്കുന്ന അശോക് കുമാര്‍ ജെയിന്‍, തൃശൂര്‍ സ്വദേശി സുധീര്‍ സിങ്, തൃശൂര്‍ പൂങ്കുന്നം സ്വദേശി ബി.പ്രദീപ് എന്നിവരുടെ പേരാണു പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ധര്‍മരാജനും സംഘത്തിലെ അംഗങ്ങളുമായ ഷാംജീര്‍, ഷിജിന്‍, ഷൈജു, കെ.പി.വിജിത്ത് എന്നിവരുമാണ് ഇവരെ നേരില്‍ക്കണ്ടു പണം കൈപ്പറ്റി കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നതെന്നാണ് പോലീസ് ആരോപിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചു തുടരന്വേഷണം നടത്താനുള്ള നിയമസാധ്യതയാണു പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. 2021 ജൂലൈ 23 നാണ് ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ് കൊടകര കേസില്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസ് കേസെടുത്തത് ഹൈവേ കവര്‍ച്ചക്കെന്ന് ഇഡി പറയുന്നു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. ഇഡിയുടെ പരിധിയില്‍ വരുന്ന ഷെഡ്യൂള്‍ഡ് ഒഫന്‍സ് കവര്‍ച്ചാപ്പണം വെളുപ്പിക്കല്‍ മാത്രമാണെന്ന് ഇഡി വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളാക്കിയ ആളുകളെ ചോദ്യം ചെയ്തിരുന്നു. പൊലീസ് കവര്‍ച്ചാ കേസിന് പകരം ഹവാല കേസ് ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇഡിക്ക് കാര്യക്ഷമമായ അന്വേഷണം നടത്താന്‍ കഴിയുമായിരുന്നു. പൊലീസ് എടുത്ത കേസും എഫ്ഐആറും റിപ്പോര്‍ട്ടും കവര്‍ച്ചാ കേസെന്ന രീതിയിലായിരുന്നു. ഇതില്‍ ബിജെപി നേതാക്കള്‍ പ്രതികളായിട്ടില്ല. എന്നാല്‍ ആദായനികുതി വകുപ്പിന് കേസില്‍ അന്വേഷണം നടത്താന്‍ കഴിയും.

കൊടകര കുഴല്‍പണ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പൊലീസ് നല്‍കിയ കത്ത് പുറത്ത് വന്നിരുന്നു. 2021 ആഗസ്റ്റ് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ വി കെ രാജുവാണ് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്തയച്ചത്. കവര്‍ച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. അതേസമയം തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അങ്ങനെ വന്നാല്‍ പുതിയ എഫ് ഐ ആര്‍ വരും. ഈ സാഹചര്യത്ില്‍ ഇഡി ഇടപെടുകയും ചെയ്യും. പ്രത്യേക അന്വേഷണ സംഘം 2021 ഓഗസ്റ്റ് 2നു തൃശൂര്‍ ആദായനികുതി അസി.ഡയറക്ടര്‍ക്കും ഇ.ഡി കൊച്ചി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷനും നല്‍കിയ റിപ്പോര്‍ട്ടിലാണു കേരളത്തിലെ 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി 41.40 കോടി രൂപയുടെ ഹവാല കടത്തിക്കൊണ്ടുവന്നതിന്റെ വിശദാംശങ്ങളുള്ളത്.

കള്ളപ്പണം തിരഞ്ഞെടുപ്പു രംഗത്ത് ഏതു തരത്തില്‍ വിനിയോഗിച്ചെന്ന് അന്വേഷിക്കാന്‍ ഏറ്റവും എളുപ്പം കേരള പൊലീസിനായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയില്ലായിരുന്നു. ഗൗരവ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന പൊലീസിന്റെ വിശദറിപ്പോര്‍ട്ടും കുറ്റപത്രവും ലഭിച്ചിട്ടും ഇഡിയും സാങ്കേതികത്വത്തില്‍ തുടര്‍ നടപടി എടുത്തില്ല. ഹവാല പണത്തിന്റെ പേരില്‍ കുറ്റപത്രം ഇല്ലെന്ന തൊടു ന്യായമായിരുന്നു ഇതിന് കാരണം. പൊലീസ് റിപ്പോര്‍ട്ടില്‍ ധര്‍മരാജന്റെ മൊഴികളേയുള്ളൂ, തെളിവുകളില്ലെന്നായിരുന്നു ഇഡി പക്ഷം.

കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ആരെല്ലാമാണു കേരളത്തിലെ ബിജെപിക്കു നല്‍കാനുള്ള പണം സ്വരൂപിച്ചതെന്നും ആരുടെ കൈവശമാണു പണം കൊടുത്തുവിട്ടതെന്നും മൊഴികളിലുണ്ടായിട്ടും അതിലേക്ക് കേരളാ പോലീസ് അന്വേഷണം കൊണ്ടു പോയില്ല. രണ്ടുതവണ പണം കൊള്ളയടിക്കപ്പെട്ടു. കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിനു നല്‍കിയ ധര്‍മരാജന്റെ സഹോദരന്‍ ധനരാജന്‍, കെ.പി.വിജിത്ത്, സുധീര്‍ സിങ് എന്നിവര്‍ കടത്തിക്കൊണ്ടു വന്ന 4.40 കോടി രൂപ സേലത്തിനു സമീപമാണു കൊള്ളയടിച്ചത്. 2021 ഏപ്രില്‍ 3നു ഷാംജീറും റഷീദും കാറില്‍ കൊണ്ടുവന്ന 3.50 കോടി രൂപ ആലപ്പുഴ ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍ കര്‍ത്തായ്ക്കു കൈമാറാന്‍ കൊണ്ടുവരും വഴി കൊടകരയില്‍ വച്ചും കൊള്ളയടിക്കപ്പെട്ടുവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കര്‍ണാടക പൊലീസ് അന്വേഷിക്കുന്ന ആദ്യത്തെ കേസില്‍ പുരോഗതിയില്ല. കേരള പൊലീസ് അന്വേഷിച്ച രണ്ടാമത്തെ കേസില്‍ 22 പ്രതികളെ കണ്ടെത്തി. 2021 മാര്‍ച്ച് ആറിനാണു സേലത്തെ കൊള്ള നടന്നത്. കൊടകരക്കൊള്ളയില്‍ 1.47 കോടി രൂപ പ്രത്യേക അന്വേഷണ സംഘം വീണ്ടെടുത്തു. 2.03 കോടി രൂപ കണ്ടെത്താനുണ്ട്. കുഴല്‍പ്പണംപോലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണത്തിന് സംസ്ഥാന പോലീസിന് കാര്യമായ പങ്കില്ല. കിട്ടുന്ന വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികളെ അറിയിക്കുകയും അവരുടെ അന്വേഷണത്തെ സഹായിക്കുകയും മാത്രമാണ് പോലീസിന് ചെയ്യാനാകുക. കുഴല്‍പ്പണ ഇടപാട് കണ്ടെത്തിയ കേരളപോലീസിന്റെ പ്രത്യേകസംഘം കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെയും ആദായനികുതിവകുപ്പിനെയും അറിയിക്കുകയുംചെയ്തു. എന്നാല്‍, നടപടികളുണ്ടായില്ലെന്നാണ് വിവാദ കാലത്ത് പോലീസ് വിശദീകരണം.

പണംതട്ടിയ കേസില്‍ സാക്ഷികളായാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുേരന്ദ്രന്‍, ഹവാല ഇടപാടുകാരനും ബി.ജെ.പി. അനുഭാവിയുമായ ധര്‍മരാജന്‍, യുവമോര്‍ച്ച മുന്‍ സംസ്ഥാന ഖജാന്‍ജി സുനില്‍ നായിക്, ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ സെക്രട്ടറി ഗോപാലകൃഷ്ണന്‍ കര്‍ത്ത എന്നിവര്‍ ഉള്‍പ്പടെ 19 പേരെ ചേര്‍ത്തത്. ഇതില്‍ ധര്‍മ്മരാജന്‍ താന്‍ ഹവാല ഇടപാട് നടത്തിയെന്ന് പോലീസിനോട് സമ്മതിച്ചതായാണ് മൊഴി. എന്നിട്ടും ധര്‍മരാജനെ പ്രതിയാക്കി കേസെടുക്കാത്തത് ഗുരുതര വീഴ്ചയാണ്. ഇനി കോടതിയില്‍നിന്ന് അനുമതിതേടി കേസില്‍ തുടരന്വേഷണം നടത്താം. എല്ലാകാര്യവും രണ്ടാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താം. പുനരന്വേഷണവും പുതിയൊരു കുറ്റപത്രവും സാധ്യമാകില്ലെന്ന വിലയിരുത്തലും സജീവമാണ്.

Tags:    

Similar News