രശ്മിയുമായി ശാരീരിക ബന്ധമെന്ന് സമ്മതിക്കണം, ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; ജയേഷിന് രതി വൈകൃതം ശീലം; മര്‍ദ്ദന സമയം രശ്മി ജയേഷിനെ തൊഴുതു നിന്നു; അവര്‍ സംസാരിച്ചത് വേറെ ഭാഷ; ദുരൂഹത നീങ്ങാതെ ദുരൂഹത മാറാതെ കോയിപ്രത്തെ സൈക്കോ ആക്രമണം; ചോദ്യം ചെയ്യവേ ആംഗ്യഭാഷയിലുടെ ആശയവിനിമയം നടത്തി ദമ്പതികള്‍

രശ്മിയുമായി ശാരീരിക ബന്ധമെന്ന് സമ്മതിക്കണം, ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

Update: 2025-09-15 12:31 GMT

പത്തനംതിട്ട: കോയിപ്രം കുറവന്‍കുഴി സ്വദേശികളായ ജയേഷ് രാജപ്പനും ഭാര്യ എസ് രശ്മിയും ചേര്‍ന്ന് യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍പുറത്ത്. നടന്നത് യുവാക്കളോടുള്ള പകപോക്കലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം സൈക്കോകളെ പോലെ നടത്തിയ ആക്രമണത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്.

അടുത്ത സുഹൃത്ത് ഭാര്യയെ വശീകരിച്ചതാണ് മര്‍ദനത്തിന് കാരണമായി പോലീസിനോട് പ്രതികള്‍ പറഞ്ഞിരിക്കുന്നത്. പരാതിക്കാരനും ബന്ധുവായ ആലപ്പുഴ നീലംപേരുര്‍ സ്വദേശിയായ പത്തൊന്‍പതുകാരനും ജയേഷിന്റെ ഭാര്യയുമായി സൗഹൃദത്തിലായി. റാന്നി സ്വദേശിയും രശ്മിയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റ് ജയേഷ് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് വീട്ടില്‍ വലിയ ബഹളമാകുന്നു. ഒടുവില്‍ യുവതി നിരുപാധികം മാപ്പുപറഞ്ഞു.

ഇതിന് പിന്നാലെ ജയേഷ് യുവതിയെ കൊണ്ട് ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രതി വൈകൃതങ്ങളുള്ള ഒരു സൈക്കോ പാത്തിനെ പോലെയാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം. ജയേഷിന്റെയും രശ്മിയുടെയും ആക്രമണത്തില്‍ നിന്നുണ്ടായ മാനസിക ആഘാതത്തില്‍നിന്ന് റാന്നി സ്വദേശിയായ 29കാരന്‍ ഇതുവരെ മുക്തനായിട്ടില്ല. സ്വഭാവ വൈകല്യമുള്ള മനോരോഗികളെപ്പോലെയാണ് ഇരുവരും പെരുമാറിയതെന്ന് യുവാവ് പറഞ്ഞു.

'ജയേഷിന്റെയും രശ്മിയുടെയും വീട്ടില്‍ നേരത്തെ രണ്ടുതവണ പോയിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്നതിനാല്‍ ജയേഷുമായി സൗഹൃദമുണ്ടായിരുന്നു. പക്ഷേ, എന്തിനാണ് മര്‍ദിച്ചതെന്ന് അറിയില്ല. മര്‍ദിക്കുന്ന സമയത്ത് മരിച്ച പൂര്‍വികരോട് രശ്മി സംസാരിച്ചു. രശ്മി ജയേഷിനെ തൊഴുതു നില്‍ക്കുന്നതും കണ്ടു. അവര്‍ വേറെ ഭാഷയാണ് സംസാരിച്ചത്.

ജനനേന്ദ്രിയത്തില്‍ രശ്മി സ്റ്റേപ്ലര്‍ പിന്‍ അടിച്ചു. അതിന്റെ വീഡിയോ ജയേഷ് ചിത്രീകരിച്ചിരുന്നു. രശ്മിയും ഞാനും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്ന് സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദിക്കുന്ന സമയത്ത് ജയേഷ് പലരെയും വിളിക്കുന്നുണ്ടായിരുന്നു. പുതുമണ്‍ പാലത്തിനു സമീപം ഉപേക്ഷിച്ചപ്പോള്‍ വലത്തെ കാലില്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പിച്ചു. പൊലീസില്‍ അറിയിച്ചാല്‍ വിഡിയോ പുറത്തു വിടുമെന്നും മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിമുഴക്കി. അതുകൊണ്ടാണ് സംഭവം പൊലീസില്‍ അറിയിക്കാതിരുന്നതും വ്യാജ മൊഴി നല്‍കിയതും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി', യുവാവ് പറഞ്ഞു.

യുവാക്കളും ജയേഷും ബംഗളൂരുവില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. റാന്നി സ്വദേശിയെ ഈ മാസം 5നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണു മര്‍ദനത്തിന് ഇരകളാക്കിയത്. മര്‍ദനമേറ്റ യുവാക്കള്‍ ബന്ധുക്കളാണെന്നും പൊലീസ് പറയുന്നു. റാന്നി സ്വദേശിയായ യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി മുളകു സ്പ്രേ അടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ക്ക് നട്ടെല്ലിനും ഇടതു കാല്‍മുട്ടിലും രണ്ടു വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. ശരീരത്തിന്റെ പലഭാഗത്തും ചതവും മുറിവും ഉണ്ട്. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ രശ്മി 23 തവണ സ്റ്റേപ്ലര്‍ പിന്‍ അടിച്ചെന്നും പൊലീസ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറന്മുള എസ്ഐ വിഷ്ണു മൊഴി രേഖപ്പെടുത്തുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനും പ്രതിശ്രുത വരനും ചേര്‍ന്നു മര്‍ദിച്ചെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് യുവാവ് മര്‍ദന വിവരം വെളിപ്പെടുത്തിയത്. പ്രതികളുടെ വധഭീഷണിയെത്തുടര്‍ന്നാണു താന്‍ കള്ളം പറഞ്ഞതെന്നും മൊഴി നല്‍കി. തുടര്‍ന്നാണു ജയേഷിനെയും രശ്മിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആലപ്പുഴ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യുവാക്കളെ മര്‍ദിക്കുന്നതിന്റെ പത്ത് ദൃശ്യങ്ങള്‍ രശ്മിയുടെ ഫോണില്‍ കണ്ടെത്തി.

അതിനിടെ പത്തനംതിട്ടയില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ ചോദ്യം ചെയ്യലിനിടയിലും വിചിത്രമായ സ്വഭാവ രീതി കാണിക്കുന്നതായും പോലീസ് പറയുന്നു. ദമ്പതികളായ ജയേഷും രശ്മിയും ചോദ്യം ചെയ്യലിനിടയില്‍ ആംഗ്യഭാഷയിലുടെ ആശയവിനിമയം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയായ രശ്മിയുടെ ഫോണില്‍ നിന്നും ലഭിച്ചത് റാന്നി സ്വദേശിയായ യുവാവിന്റെ മര്‍ദ്ദന ദൃശ്യങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

കൂടുതല്‍ ആളുകള്‍ മര്‍ദ്ദനത്തിന് ഇരയായതായി പൊലീസ് സംശയിക്കുന്നുണ്ടെന്നും ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെത്താനായിട്ടില്ലയെന്നും പൊലീസ് പറഞ്ഞു. രശ്മിയും യുവാവും തമ്മിലുള്ള ബന്ധത്തിന്റെ ഒരു സൂചനയും ഫോണില്‍ നിന്ന് ലഭിച്ചില്ലയെന്നും പൊലീസ് പറഞ്ഞു. യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആറന്മുള പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും.

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഉള്ള ജയേഷിന്റെ ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചതിനു പുറമേ കഴുത്തില്‍ സര്‍ജിക്കല്‍ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തുകയും സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചു നെഞ്ചില്‍ ഇടിക്കുകയും പൈപ്പ് റേഞ്ച് ഉപയോഗിച്ചു വലതുകാലിലെ നഖങ്ങള്‍ക്കിടയില്‍ മൊട്ടുസൂചികള്‍ തറയ്ക്കുകയും ചെയ്തെന്നും പൊലീസ് പറയുന്നു. 2 മണിക്കൂര്‍ നീണ്ട പീഡനത്തിനുശേഷം പ്രതികള്‍ യുവാവിനെ സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തി പുതമണ്‍ പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശിയെ ഒന്നിന് ഉച്ചയ്ക്കു 12.30ന് മാരാമണ്ണില്‍നിന്നു ജയേഷ് വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി. യുവാവിനെ ഉത്തരത്തില്‍ കെട്ടിത്തൂക്കിയും കട്ടിങ് പ്ലെയര്‍ കൊണ്ട് മോതിരവിരലില്‍ അമര്‍ത്തിയും പീഡനം തുടര്‍ന്നു. യുവാവിന്റെ 2 ഫോണുകളും കയ്യിലുണ്ടായിരുന്ന 19,000 രൂപയും ഇവര്‍ തട്ടിയെടുത്തു. പിന്നീട് ബൈക്കില്‍ കയറ്റി റാന്നിയില്‍ ഇറക്കിവിട്ടു. സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

Tags:    

Similar News