ഒട്ടും സഹിക്കാൻ പറ്റാതെ..അമ്മയെ അവസാനമായി വിളിച്ച മക്കൾ; ഹോസ്റ്റൽ ജീവിതം ജയിൽ പോലെ ആണെന്ന് തുറന്നുപറച്ചിൽ; പിന്നെ അറിയുന്നത് ആ രണ്ട് പെൺകുട്ടികളുടെ ദാരുണ വാർത്ത; മുറിയിലെ ഫാനിൽ തൂങ്ങി മരണം; കൊല്ലത്തെ സംഭവം സർവത്ര ദുരൂഹം; മൊഴികൾ അടക്കം ശേഖരിക്കാൻ പോലീസ്
കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കൊല്ലം ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കോഴിക്കോട് സ്വദേശിനിയായ സാൻഡ്രയുടെ കുടുംബം രംഗത്ത്. മരണത്തിന് തലേദിവസം ഹോസ്റ്റലിലെ ജീവിതം 'ജയിലിന് സമാനമായിരുന്നെന്നും' അധികൃതർ ഭീഷണിപ്പെടുത്തിയതായും സാൻഡ്ര തങ്ങളോട് പറഞ്ഞിരുന്നെന്ന് മാതാപിതാക്കൾ ആരോപിച്ചു. കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനി സാൻഡ്രയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയുമാണ് ഹോസ്റ്റൽ മുറിയിൽ മരിച്ചത്.
സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് സാൻഡ്രയുടെ കുടുംബം ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് സാൻഡ്ര പറഞ്ഞിരുന്നതായി അമ്മ സിന്ധു വ്യക്തമാക്കി. ഒരു മാസം മുമ്പ് സ്ഥലംമാറിപ്പോയ പഴയ വാർഡനുമായി സാൻഡ്രയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ, ഈ വാർഡനെ വിളിക്കരുതെന്ന് സായി ഇൻചാർജ് രാജീവ് ആവശ്യപ്പെടുകയും, വിളിച്ചാൽ സാൻഡ്രയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും സിന്ധു ആരോപിച്ചു.
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ കായിക പരിശീലനത്തിനായി തയ്യാറാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും, വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു.
വിദ്യാർത്ഥിനികളുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നും, ദുരൂഹതയില്ലെന്നുമാണ് ഈസ്റ്റ് പോലീസിന്റെ പ്രാഥമിക നിഗമനം. മൊഴികൾ അടക്കം ശേഖരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കുടുംബത്തിന്റെ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.