പത്ത് അടി ഉയരമുള്ള ഹുക്കില്‍ 5.2 അടി മാത്രം ഉയരമുള്ള ടെസി കൈയെത്തിച്ച് കുരുക്കിട്ടതെങ്ങനെ; ജനല്‍ച്ചില്ല് പൊട്ടി ഭര്‍ത്താവ് മഹേഷിന്റെ കൈമുറിഞ്ഞതിലും ദുരൂഹത: പാലായിലെ വീട്ടമ്മയുടെ മരണത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍

പാലായിലെ വീട്ടമ്മയുടെ മരണത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍

Update: 2024-10-29 04:37 GMT

കോട്ടയം: പാലായില്‍ ഭര്‍തൃ വീട്ടില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കുടുംബാംഗങ്ങള്‍ പരാതി നല്‍കി. കഴിഞ്ഞ 23-ന് പാലാ ഇളംതോട്ടത്ത് മണര്‍കാട് മഹേഷിന്റെ ഭാര്യ ടെസി (ബിനി-46) യാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. എന്നാല്‍ എടുത്തു പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കെ ടെസി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരന്‍ പാലാ വയലില്‍പാറയില്‍ ബിനു തോമസാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുന്നത്.

ടെസിയെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. മരണത്തില്‍ അടിമുടി ദുരൂഹതയാണ് കുടുംബം ആരോപിക്കുന്നത്. പത്ത് അടി ഉയരമുള്ള ഹുക്കില്‍ കേവലം 5.2 അടി മാത്രം ഉയരമുള്ള ടെസി കൈയെത്തിച്ച് തുണി കോര്‍ത്തിട്ടുവെന്ന ന്യായീകരണം സംശയം ഉളവാക്കുന്നതാണെന്ന് ബിനു പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഹുക്കില്‍ ബാക്കിനിന്ന തുണി നീക്കരുതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ മഹേഷിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന്റെ അസാന്നിധ്യത്തില്‍ ഇത് നീക്കംചെയ്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

ടെസി എഴുതി എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം സഹോദരിയുടേതല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആത്മഹത്യാക്കുറിപ്പ് എഴുതുക, ഒറ്റയ്ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരമുള്ള ഹുക്കില്‍ തുണികെട്ടുക തുടങ്ങിയ ന്യായങ്ങള്‍ അവിശ്വസനീയമാണെന്നും സഹോദരന്‍ ആരോപിക്കുന്നു. ജനല്‍ച്ചില്ല് പൊട്ടി ഭര്‍ത്താവ് മഹേഷിന്റെ കൈമുറിഞ്ഞതിലും ദുരൂഹതയുണ്ടന്ന് സഹോദരന്‍ പറയുന്നു. ഭര്‍ത്താവ് മഹേഷ് വീട്ടില്‍നിന്ന് രാവിലെ പോയ സമയവും തിരിച്ചുവന്നപ്പോള്‍ മൃതദേഹം കണ്ടുവെന്ന് പറയുന്ന സമയവും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളത്.

മഹേഷിന്റെ സഹോദരന്റെ ഭാര്യ താമസിക്കുന്നത് തൊട്ടടുത്താണ്. ഈ വീട്ടില്‍നിന്ന് രാവിലെ പാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുന്ന ശബ്ദംകേട്ടതായി അയല്‍ക്കാര്‍ പറയുന്നു. സാമ്പത്തിക ബാധ്യതയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്ത ടെസി ആത്മഹത്യചെയ്യില്ലെന്ന് വിശ്വസിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സഹോദരന്‍ ബിനു ആവശ്യപ്പെട്ടു. വീട്ടിലെ സി.സി.ടി.വി.ക്യാമറകള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറാകണം. പാറമട മാഫിയാകളുമായി ബന്ധപ്പെട്ടവരാണ് ഇതിനുശേഷം കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും സഹോദരന്‍ പറഞ്ഞു.

Tags:    

Similar News