ഭാര്യയെ തീ കൊളുത്തി കൊന്നു; ജാമ്യത്തിലിറങ്ങി 14 വര്‍ഷത്തെ അജ്ഞാതവാസം; ഫേക് ഐഡികളിലൂടെ സോഷ്യല്‍ മീഡിയയില്‍ വിലസി സ്ത്രീകളെ വലയിലാക്കി ഒരുമിച്ച് താമസവും; ഒടുവില്‍ കോയിപ്രത്തുകാരന്‍ രാജീവ് പോലീസ് പിടിയില്‍
പത്തനംതിട്ട: കുടുംബപ്രശ്നങ്ങള്‍ കാരണമുണ്ടായ വിരോധത്താല്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോയിപ്രം പോലീസ് വിദഗ്ദ്ധമായി കുടുക്കി. അയിരൂര്‍ വെള്ളിയറ തീയാടിക്കല്‍ കടമാന്‍കുഴി കോളനിയില്‍ മുത്തു എന്ന് വിളിക്കുന്ന രാജീവ് (49) ആണ് നിരന്തര നിരീക്ഷണത്തിനൊടുവില്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ചൊവ്വ രാവിലെ ആറരയോടെ തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന പോലീസ് സംഘം, കണ്ണൂരില്‍ നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രാമദ്ധ്യേ പ്രതിയെ പിടികൂടുകയായിരുന്നു.
2016 മുതല്‍ ലോങ്ങ് പെന്റിങ് വിഭാഗത്തില്‍ ഉള്‍പ്പെട്ട കേസില്‍ കഴിഞ്ഞ കുറെ മാസങ്ങളായി പ്രതി കോയിപ്രം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, പ്രത്യേകസംഘം ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
രണ്ട് കുട്ടികളുമൊത്ത് താമസിച്ചുവന്ന വീട്ടില്‍ വച്ച് 2010 നവംബര്‍ ഒന്നിനാണ് ഇയാള്‍ ഭാര്യ സിന്ധുവിന്റെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയവേ സിന്ധു മരണപ്പെട്ടു. മൂന്നിന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി. തുടര്‍ന്ന് കോടതി എല്‍ പി വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. നാടുവിട്ട ഇയാള്‍ പലസ്ഥലങ്ങളില്‍ ഹോട്ടലുകളിലും കാന്റീനുകളിലും ജോലി ചെയ്ത് ഒളിവില്‍ താമസിക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി കണ്ണൂര്‍ എറണാകുളം ജില്ലകളിലെ പല സ്ഥലങ്ങളിലും പിന്നീട് ബംഗളുരുവിലും ഹോട്ടലുകളിലും കാന്റീനുകളിലും സഹായിയായി കഴിഞ്ഞു. രാജേഷ് എന്ന് പേരുമാറ്റി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ ഇയാള്‍ കൊട്ടാരക്കരയില്‍ ഒരു സ്ത്രീക്കൊപ്പം താമസമാക്കി. രാജേഷ് കൊട്ടാരക്കര എന്ന പേരില്‍ ഫേസ്ബുക് ഐഡി സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി.
ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലി ചെയ്തു താമസിച്ചവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ആറുമാസം മുമ്പ് കോയിപ്രം പോലീസ് സംഘം പ്രതിയെ അന്വേഷിച്ച് ബാംഗ്ലൂരില്‍ പോയിരുന്നു. പക്ഷെ, ഇയാള്‍ പിടിയിലാവാതെ രക്ഷപ്പെട്ടു. അന്നുമുതല്‍ ഇയാള്‍ കോയിപ്രം സ്‌ക്വാഡിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിലെ ഒളിയിടം പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി, കണ്ണൂരിലേക്ക് കടക്കുകയും അവിടെ ഒരു ഹോട്ടലില്‍ ജോലിക്ക് കയറുകയും ചെയ്തു. ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസിന്, കൊട്ടാരക്കരയിലുള്ള വിട്ടിലേക്ക് ഇയാള്‍ വരുന്നതായി വിവരം ലഭിച്ചു. യാത്രയ്ക്കിടെയാണ് ഇന്ന് രാവിലെ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വച്ച് ബസിനുള്ളില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
നാട്ടില്‍ ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നു രാജിവിന്. ഏകദേശം ഒരു വര്‍ഷം മുമ്പുവരെ പ്രതിയുടെ ലൊക്കേഷനെപ്പറ്റി പോലീസിന് കൃത്യമായ വിവരമേയില്ലായിരുന്നു. എന്നാല്‍ ബംഗളുരുവിലെ ഇയാളുടെ സാന്നിധ്യം അറിയുന്നതിന് മുമ്പുമുതല്‍ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭ്യമായിരുന്നു. പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം സ്‌ക്വാഡിലെ അംഗങ്ങള്‍ തെരഞ്ഞുനടന്നു. സ്ത്രീകളുമായുള്ള അടുപ്പത്തിന്റെ സൂചനയും ലഭിച്ചിരുന്നു.കൊട്ടാരക്കരയില്‍ ലിവിങ് ടുഗെതര്‍ എന്ന വിധത്തിലാണ് സ്ത്രീക്കൊപ്പം താമസം. കണ്ണൂരുനിന്നും അങ്ങോട്ടേക്കുള്ള യാത്ര സംബന്ധിച്ച രഹസ്യവിവരം കിട്ടിയ കോയിപ്രം സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥര്‍ തിരുവല്ല കെ എസ് ആര്‍ റ്റി സി സ്റ്റാന്‍ഡില്‍ കാത്തുനിന്നത് അറിയാതെ രാജീവ് പോലീസ് വിരിച്ച വലയില്‍ ഒടുവില്‍ കുടുങ്ങുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി .സുരേഷ് കുമാര്‍ , എ എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിന്‍ ജോണ്‍ , സി പി ഓമാരായ രതീഷ് , അനു ആന്റപ്പന്‍ എന്നിവരടങ്ങിയ കോയിപ്രം സ്‌ക്വാഡ് ആണ് 14 കൊല്ലമായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ശ്രമകരമായ ദൗത്യത്തില്‍ കണ്ടെത്തി പിടികൂടിയത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സ്‌ക്വാഡിന്റെ നീക്കങ്ങള്‍ വിജയത്തിലെത്തിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.